കോഴിക്കോട് : 47 ലക്ഷത്തിന്റെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ അറസ്റ്റിൽ. നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർ അഹമ്മദ് ഉനൈസാണ് അറസ്റ്റിലായത്. എൽ.ഡി.എഫിന്റെ ഭാഗമായ നാഷണൽ സെക്കുലർ കോൺഫറൻസ് അംഗമാണ് ഉനൈസ്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കൊടുവള്ളി നഗരസഭാ 12-ാം ഡിവിഷൻ കരീറ്റിപറമ്പ് വെസ്റ്റ് കൗൺസിലറാണ് ഇയാൾ. സാമ്പത്തിക തട്ടിപ്പിൽ ഉനൈസിനും പങ്കുണ്ടെന്ന് ഹൈദരാബാദ് സൈബർ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പൊലീസ് ഉനൈസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ തുടരന്വേഷണത്തിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അഞ്ചംഗ ഹൈദരാബാദ് പൊലീസ് സംഘം കൊടുവള്ളിയിലെത്തിയത്. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്കും അന്വേഷണം എത്തിയത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കൊടുവള്ളി പൊലീസ് പറഞ്ഞു. പന്നിക്കോട്ടൂർ സ്വദേശിയായ അദ്ധ്യാപകന് 22 ലക്ഷം രൂപയും എൻജിനീയറിന് 30 ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു. അന്തർസംസ്ഥാന ലോബിയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |