മുംബയ്: താൻ ബീഫ് കഴിക്കാറില്ലെന്ന് ബോളിവുഡ് താരവും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്. കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാറിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു താരം. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് കങ്കണ പ്രതികരിച്ചത്.
'ഞാൻ ബീഫ് കഴിക്കാറില്ല, മറ്റ് റെഡ് മീറ്റുകളൊന്നും കഴിക്കാറില്ല. എനിക്കെതിരെ പ്രചരിക്കുന്നതെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. യോഗയിലും ആയുർവേദത്തിലും കേന്ദ്രീകരിച്ചുള്ള ജീവിതരീതിയാണ് കഴിഞ്ഞ പത്ത് വർഷമായി പിന്തുടരുന്നത്. ഈ തന്ത്രങ്ങളൊന്നും തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയില്ല. എന്നെ ആളുകൾക്ക് നന്നായി അറിയാം. ഞാനൊരു പ്രൗഡ് ഹിന്ദുവാണെന്നും അവർക്കറിയാം. ഇതൊന്നും കേട്ട് അവർ തെറ്റിദ്ധരിക്കില്ല. ' കങ്കണ കുറിച്ചു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ ജനവിധി തേടുന്നത്.
കങ്കണയ്ക്ക് ബീഫ് ഇഷ്ടമാണെന്നും അത് കഴിക്കുമെന്നും നേരത്തേ പറഞ്ഞിരുന്നതായാണ് മുതിർന്ന കോൺഗ്രസ് നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡേത്തിവാർ എക്സിൽ കുറിച്ചിരുന്നത്. ഇതിൽ പ്രതികരിച്ച് ബിജെപി വക്താവ് കേശവ് ഉപാധ്യ രംഗത്തുവന്നിരുന്നു. 'ഇത് കോൺഗ്രസിന്റെ വൃത്തികെട്ട സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിയുന്നില്ല. ഇത് പാർട്ടിയുടെ തോറ്റുപോയ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്.' എന്നാണ് കേശവ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |