SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.52 PM IST

ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമോയെന്ന് തീരുമാനിക്കുന്നത് ഒരൊറ്റഘടകമാണ്

bjp

കടലോരം മുതൽ മലയോരം വരെ നീണ്ടുകിടക്കുന്ന മണ്ഡലം അക്ഷരാർത്ഥത്തിൽ പേരാട്ടത്തിന്റെ ഈറ്റില്ലാണ്. കണ്ണീരു കൊണ്ട് കയറു പിരിക്കുന്നവർ മുതൽ തീരത്ത് ജീവിതം തെരയുന്നവർ വരെ ജീവിക്കാനായി പോരാടുന്നതിനിടെയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളികളാവുന്നതും. കുളിർമ്മ പകരുന്ന പൊന്മുടി മുതൽ കണ്ണീരുണങ്ങാത്ത മുതലപ്പൊഴി വരെ ഓരോ മണൽത്തരിയിലും മൂർച്ചയേറിയ രാഷ്ട്രീയ ചിന്തകളുണ്ട്. അവിടെയാണ് പ്രധാനപ്പെട്ട മൂന്നു മുന്നണികളും അവരുടെ ആശയങ്ങളും മാറ്റുരയ്ക്കപ്പെടുന്നത്.

പ്രകാശിക്കുമോ ഒരിക്കൽക്കൂടി?​

പൊതുവേ ഇടതു ചാഞ്ഞ മണ്ഡലത്തെ 2019-ൽ വലത്തേക്ക് വെട്ടിപ്പിടിച്ച അടൂർ പ്രകാശ് യു.ഡി.എഫിനു വേണ്ടി മണ്ഡലം നിലനിറുത്താമെന്ന ആത്മവിശ്വാസത്തിലാണ്. വെറും കൈയോടെയല്ല രണ്ടാമൂഴത്തിനെത്തുന്നത്. താൻ ചെയ്ത കാര്യങ്ങൾ അക്കമിട്ടു നിരത്തിയാണ് വോട്ടർമാർക്കു മുന്നിൽ രാഷ്ട്രീയം പങ്കുവയ്ക്കുന്നത്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത മുന്നണിയുടെ പ്രതിനിധിയെങ്കിലും,​ അഞ്ചു വർഷക്കാലം മണ്ഡലത്തിൽ നിറഞ്ഞുനിന്നായിരുന്നു പ്രവർത്തനമെന്നത് എതിരാളികൾ പോലും അംഗീകരിക്കുന്ന വസ്തുത. ഏഴ് മണ്ഡലങ്ങളിലായി ഒരു ലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന സ്ഥാനാർത്ഥിയുടെ വാദം തിരഞ്ഞെടുപ്പ് കമ്മിഷനും മറ്റു സ്ഥാനാർത്ഥികളും തള്ളുന്നുണ്ട്. എന്നാൽ കൃത്യമായ മുന്നൊരുക്കത്തിലാണ് അടൂർ പ്രകാശ്. വ്യാജന്മാരെ വച്ചുപൊറുപ്പിക്കാനാവില്ല; തിരഞ്ഞെടുപ്പ് സത്യസന്ധവും സുതാര്യവും നീതിയുക്തവുമാകണം. ഇതാണ് അദ്ദേഹത്തിന്റെ വാദം.

ജോറാക്കുമെന്ന് ഇടതുമനം

അട്ടിമറിയുടെ ചരിത്രമുള്ള ആറ്റിങ്ങൽ ഇത്തവണ വി. ജോയിയിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയാണ് എൽ.ഡി.എഫിന്. സ്വന്തം മണ്ഡലമായ വർക്കലയ്ക്കു പുറമേ മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങളിലും ഇടത് എം.എൽ.എമാർ. ഏഴിടങ്ങളിൽ നിന്നായി 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്ക് 1,25,302 വോട്ടിന്റെ ലീഡുമുണ്ട്. ഇതിനു പുറമേ ജില്ലയിൽ സി.പി.എമ്മിന്റെ അമരക്കാരൻ കൂടിയായ ജോയി ഇത്തവണ ജോറാക്കുമെന്ന പ്രതീക്ഷയാണ് പാർട്ടിക്കുള്ളത്. കണക്കുകളും സംഘടനാശേഷിയും സുഭദ്രം. മുമ്പ് തദ്ദേശസ്ഥാപനങ്ങളിലെ ജോയിയുടെ തിരഞ്ഞെടുപ്പ് വിജയം ജനകീയതയുടെ അളവുകോലാണെന്ന വിലയിരുത്തലും മുന്നണിക്കുണ്ട്. ജനങ്ങളിൽ ഒരാളായി മാറുന്ന ജോയി തന്നെയാണ് മറ്റു സ്ഥാനാർത്ഥികൾക്കുള്ള മറുപടിയെന്നും പ്രവർത്തകർ പറയുന്നു.

മോദിക്കരുത്തിൽ മുരളീധരൻ

കാർഷിക ഭൂമിക കൂടിയായ മണ്ഡലത്തിൽ ബി.ജെ.പിക്ക് നിലമൊരുക്കാൻ കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരൻ നേരത്തേതന്നെ ഇറങ്ങിയിരുന്നു. 2019-ൽ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ നേടിയ 2,48,081 വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് പ്രവർത്തനം. ഒപ്പം മോദി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും പ്രചാരണത്തിന് കരുത്തു പകരുന്നു. 2014-ൽ ബി.ജെ.പിക്കായി മത്സരിച്ച ഗിരിജ കുമാരി നേടിയത് 90,528 വോട്ടുകളായിരുന്നു.

കേന്ദ്ര പദ്ധതികളുടെ നിർവഹണവും റെയിൽവേ വികസനത്തിലെ നാഴികക്കല്ലുകളും തനിക്ക് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് സ്ഥാനാർത്ഥിയുടെയും മുന്നണിയുടെയും ചിട്ടയായ പ്രവർത്തനം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും അനുകൂലമായി മണ്ഡലത്തിലുള്ള രാഷ്ട്രീയ തരംഗം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണി. ഈഴവ സമുദായം ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്കും നായർ സമുദായത്തിനും വ്യക്തമായ പ്രാതിനിദ്ധ്യമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ന്യൂനപക്ഷ വിഭാഗങ്ങളുടെ ചെറുതല്ലാത്ത സാന്നിദ്ധ്യവും ഇവിടെയുണ്ട്.

കേരളത്തിന്റെ മന:സാക്ഷിയെ പൊള്ളിച്ച പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരണപ്പെട്ട സിദ്ധാർത്ഥിന്റെ വീട് ആറ്റിങ്ങൽ മണ്ഡലത്തിലാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ക്ഷേമ പെൻഷൻ മുടങ്ങിയതടക്കം സാധാരണ ജനങ്ങളുടെ ജീവിതത്തെ തൊടുന്ന എല്ലാ കാര്യങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടും. 2019-ൽ എസ്.ഡി.പി.ഐക്ക് സ്ഥാനാർത്ഥിത്വമുണ്ടായിരുന്ന ഇവിടെ 38 ശതമാനം വോട്ട് നേടി യു.ഡി.എഫ് വിജയിച്ചപ്പോൾ എൽ.ഡി.എഫിന് നഷ്ടം 11 ശതമാനം വോട്ടാണ്.


2014-ൽ 10 ശതമാനം വോട്ടിന്റെ പിന്തുണയുണ്ടായിരുന്ന ബി.ജെ.പി കഴിഞ്ഞ തവണ അത് 24 ശതമാനമാക്കി മാറ്റി. അന്ന് ശബരിമല ഒരു വിഷയമായിരുന്നെങ്കിൽ ഇന്ന് വികസനവും ജനങ്ങളുടെ പ്രശ്‌നങ്ങളും മാത്രമാണ് അജൻഡ. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പിയോടുള്ള നിലപാടും ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിവരിച്ചും സി.പി.എം സംഘടനാ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെയും ഓടിക്കയറാനാണ് ഇടതു തിരക്കഥ. അതേസമയം,​ രണ്ടു സർക്കാരുകളുടെയും കുറവുകൾ എണ്ണിപ്പറയുന്ന യു.ഡി.എഫ് വിജയത്തിൽ കുറഞ്ഞൊന്നും മുന്നിൽക്കാണുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP KERALA, ATTINGAL, ELECTION SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.