SignIn
Kerala Kaumudi Online
Wednesday, 29 May 2024 1.25 AM IST

പലയിടത്തും അത്തരം അനുഭവമുണ്ടായി, ആറ്റിങ്ങലിൽ മനസുലച്ച സംഭവത്തെ കുറിച്ച് വി മുരളീധരൻ

v-muraleedharan

സിറ്റിംഗ് എം.പിയും, എം.എൽ.എ ആയ സി.പി.എം നേതാവും എതിരിടുന്ന ആറ്റിങ്ങലിൽ ശക്തമായ ത്രികോണ മത്സരമാണെന്ന് എൻ.ഡി.എസ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ. ഇവിടെ ജനപിന്തുണ തനിക്ക് കരുത്തേകുമെന്നും, ജയിച്ചാൽ മുമ്പെങ്ങുമില്ലാത്ത തരത്തിൽ ആറ്റിങ്ങൽ മണ്ഡലത്തിന് നാഥനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തരാണ് ഇടത്,​ വലത് സ്ഥാനാർത്ഥികൾ. അവർക്ക് താത്പര്യവും സംസ്ഥാന രാഷ്ട്രീയമാണ്. ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തിയുള്ള ഏക സ്ഥാനാർത്ഥിയെന്നതാണ് ആറ്റിങ്ങലിൽ തന്റെ കരുത്ത്. അത് വോട്ടാകും. ഇതുവരെയുള്ള ചരിത്രം മാറ്റിയെഴുതാൻ ആറ്റിങ്ങൽ ഒരുങ്ങിയെന്നാണ് വോട്ടെടുപ്പിന് ഒരാഴ്ച മുമ്പുള്ള സൂചനയെന്നും കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ വി. മുരളീധരൻ പറഞ്ഞു. പ്രസക്തഭാഗങ്ങൾ:

അവസാന മണിക്കൂറുകളിൽ ആറ്റിങ്ങൽ പറയുന്നതെന്താണ്?

മണ്ഡലം ഒരുമാറ്റം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാൽ അത് ക്ളീഷേയാണ്. പക്ഷെ വികസനം നിഷേധിക്കപ്പെടുന്ന ഒരു മണ്ഡലമാണ് ഇതുവരെ കാണാനായത്. അവർക്ക് പ്രതീക്ഷ കൊടുക്കാനും അവർക്കൊപ്പം നിൽക്കാനുമാണ് ഇതുവരെയുള്ള പ്രചരണത്തിലൂടെ ശ്രമിച്ചത്. ഒരു സ്ഥാനാർത്ഥിയായല്ല,​ സേവകനായാണ് അവർക്കൊപ്പം നിന്നത്. അത് അവർ മനസിലാക്കിയെന്നാണ് ഈ അവസാന മണിക്കൂറുകളിലെ അനുഭവം. കണക്കുകളും സംഘടനാശക്തിയും സമ്പത്തുമല്ല; ജനങ്ങൾ ഒപ്പമുണ്ടെന്നാണ് ഇപ്പോഴുള്ള ആത്മവിശ്വാസം

ജയിച്ചാൽ എന്ത് ഉറപ്പാണ് നൽകുന്നത്?

തലസ്ഥാന ജില്ലയിലെ ഈ മണ്ഡലത്തിന് എന്നും അവഗണനയായിരുന്നു. റോഡായാലും റെയിലായാലും ജനങ്ങളുടെ താത്പര്യം ആരും പരിഗണിച്ചിരുന്നില്ല. എം.പി.മാർ രാഷ്ട്രീയ വിജയമാണ് നേടിപ്പോകുന്നത്. അവർ മണ്ഡലത്തിന് ഒന്നും നൽകുന്നില്ല. അതിന് മാറ്റമുണ്ടാകും. ജയിച്ചാൽ മണ്ഡലത്തിലെ നാഥനായി നിൽക്കും. വികസനത്തിന് മനസിലൊരു മാസ്റ്റർ പ്ളാനുണ്ട്. അത് നടപ്പാക്കും. ജയിച്ചാൽ കേന്ദ്രസർക്കാരിന്റെ ഫണ്ടുപയോഗിച്ച് ഔട്ടർ റിംഗ് റോഡ് നിർമ്മിക്കും. അതാണ് വാഗ്ദാനം.

ജയത്തിന് ഏറ്റവും വലിയ വെല്ലുവിളി എന്താണ്?

നാടിന്റെ വികസനതാത്പര്യവും രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ്. മറ്റു രണ്ട് സ്ഥാനാർത്ഥികളും രാഷ്ട്രീയം മാത്രം പറയുന്നു. ജനങ്ങളെ അതിലേക്ക് പ്രേരിപ്പിക്കുന്നു. കേന്ദ്രത്തിൽ നരേന്ദ്രമോദിയും സംസ്ഥാനത്ത് ബി.ജെ.പി.യും രാഷ്ട്രീയമല്ല,​ വികസനമാണ് പറയുന്നത്. ജാതിയും മതവും ഒന്നുമല്ല- രാജ്യം വികസിത രാഷ്ട്രപദവിയിലേക്കാണ് കുതിക്കുന്നത്. അപ്പോൾ കേരളം പിന്നിലാകരുത്. അതിനാണ് എൻ.ഡി.എ പോരാടുന്നത്. അതിലേക്ക് ജനങ്ങളെ എത്രമാത്രം എത്തിക്കാനാകുമെന്നതാണ് വെല്ലുവിളി. ജയിച്ചാൽ വിജയം ജനങ്ങളുടേതാണ്.

മനസുലച്ച സംഭവം?​

കെ റെയിലിനെ ജനങ്ങൾ പേടിക്കുന്നതിന്റെ വ്യാപ്തിയാണ് പ്രചാരണത്തിനിടയിൽ മനസുലച്ചത്. സ്വന്തം വീടും വസ്തുക്കളും മരവിപ്പിക്കപ്പെടുന്ന ആശങ്കയിൽ സ്ത്രീകളടക്കമുള്ള കുടുംബം വിഷമിക്കുന്നതു കണ്ടപ്പോൾ ദു:ഖം തോന്നി. പലയിടത്തും അത്തരം അനുഭവമുണ്ടായി. ദേശീയപാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നവർക്ക് ആശ്വാസം നൽകാനായത് സന്തോഷം നൽകി. ദേശീയപാതയും വന്ദേഭാരതും ജനങ്ങൾക്ക് നല്ല ആശ്വാസം നൽകി. പ്രചരണത്തിന്റെ ആദ്യ മൂന്നാഴ്ച മണ്ഡലം മുഴുവൻ പദയാത്രയാണ് നടത്തിയത്. ആയിരക്കണക്കിന് ആളുകളെ നേരിട്ടു കണ്ടു. അവരുമായി ഹൃദയബന്ധമുണ്ടാക്കി. നല്ല അനുഭവമായിരുന്നു.

മോദിയുടെ ജനപ്രീതി ഗുണം ചെയ്യുമോ?

സംസ്ഥാന ഭരണത്തിൽ ജനങ്ങൾ അതൃപ്തരാണ്.അത് വോട്ടായി മാറും. കേന്ദ്രത്തിൽ,​ മോദി ഭരണത്തിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്. സാധാരണക്കാർക്കു പോലും പല നല്ല അനുഭവങ്ങളും കേന്ദ്രഭരണം കൊണ്ടുണ്ടായിട്ടുണ്ട്. വികസിത ഭാരത് സങ്കൽപയാത്രയിൽ രണ്ടുലക്ഷം പേരാണ് ആറ്റിങ്ങലിൽ നിന്നു മാത്രം പങ്കെടുത്തത്. വായ്പയായും സഹായമായും അവർക്കെല്ലാം പ്രയോജനവും കിട്ടി. വിദേശത്ത് ജോലിക്കും പഠിക്കാനും മറ്റും പോയവർക്കും മോദി സർക്കാരിന്റെ ആശ്വാസകഥകൾ പറയാനുണ്ട്. അവരെല്ലാം എൻ.ഡി.എയ്ക്ക് വോട്ട് നൽകുമെന്നല്ല- ജനങ്ങളുടെ മനോഭാവത്തിൽ അത് അനുകൂലമായ മാറ്റമുണ്ടാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V MURALEEDHARAN, ATTINGAL, V MURALEEDHRAN INTERVIEW, ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.