കൊല്ലം: പത്തനാപുരം കുന്നിക്കോട്ട് കർഷകൻ പറമ്പിൽ കുഴഞ്ഞുവീണ് മരിച്ചു. സൂര്യാഘാതമേറ്റെന്ന് സംശയിക്കുന്നു. കുന്നിക്കോട് തെങ്ങുംവിള വീട്ടിൽ ബി.എസ്.ബിജുലാലാണ് (47) മരിച്ചത്. ബിജുലാലിന്റെ കൈകളിലും കഴുത്തിലും മുഖത്തും പൊള്ളലേറ്റ പാടുകളുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. 12ന് ബിജുലാൽ വീട്ടുപറമ്പിനോട് ചേർന്നുള്ള വയലിലേക്ക് പോയതായിരുന്നു. ഒരു മണിയോടെ ഭാര്യ ചിഞ്ചു അന്വേഷിച്ചിറങ്ങിയപ്പോൾ പറമ്പിൽ ബോധരഹിതനായി കണ്ടെത്തി. ഉടൻ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തൊട്ടുപിന്നാലെ പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബിജുലാലിന് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
കുന്നിക്കോട് ടൗണിനോട് ചേർന്നാണ് ബിജുലാലിന്റെ വീടും പറമ്പും. അമൃത, അമിത എന്നിവരാണ് മക്കൾ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |