കണ്ണൂർ: കണ്ണൂരിലേക്ക് വരികയായിരുന്ന യശ്വന്ത്പൂർ എക്സ്പ്രസിൽ ഇരപത് മലയാളികളുടെ പണവും മൊബൈൽ ഫോണും കവർന്നു. ഇന്നലെ പുലർച്ചെ സേലത്തിനും ധർമ്മപുരിക്കും ഇടയിലാണ് സംഭവം.
എ -1, എ -2, ബി -5 എ.സി കോച്ചുകളിലായിരുന്നു കവർച്ച. പുലർച്ചെ രണ്ടരയ്ക്കും മൂന്നിനുമിടയിൽ യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്നപ്പോഴാണ് കവർച്ച നടന്നതെന്ന് കരുതുന്നതായി റെയിൽവേ പൊലീസ് പറഞ്ഞു.
പണവും സാധനങ്ങളും കവർന്ന ശേഷം ബാഗുകൾ ട്രെയിനിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സേലം കേന്ദ്രീകരിച്ചുള്ള കവർച്ചാ സംഘമെന്നാണ് പ്രാഥമിക നിഗമനം. ഹാൻഡ് ബാഗുകളും ഷർട്ടിന്റെ കീശയിൽ സൂക്ഷിച്ചിരുന്ന ഫോണുകളുമാണ് മോഷ്ടിക്കപ്പെട്ടത്. ടോയ്‌ലെറ്റിൽ ബാഗ് കണ്ട് സംശയം തോന്നിയ പെൺകുട്ടിയാണ് കവർച്ച നടന്ന കാര്യം മറ്റ് യാത്രക്കാരെ അറിയിച്ചത്. സേലം - ധർമ്മപുരി സ്റ്റേഷനുകൾക്കിടയിൽ ഒന്നര മണിക്കൂറോളം യാത്രാ സമയമുണ്ട്.
കവർച്ചയ്ക്ക് ഇരയായവർ ഈറോഡ് സ്റ്റേഷനിൽ ഇറങ്ങി പൊലീസിൽ പരാതി നൽകി. ഇതിനിടെ നഷ്ടപ്പെട്ട ഫോണിലേക്ക് ഒരു യാത്രക്കാരൻ വിളിച്ചപ്പോൾ ഒരാൾ കോൾ സ്വീകരിച്ചു. സംസാരത്തിനിടെ റെയിൽവേ സ്റ്റേഷനിലെ അറിയിപ്പ് കേട്ടതായി യാത്രക്കാരൻ പൊലീസിനെ അറിയിച്ചു. മോഷ്ടാക്കൾ സേലം റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് ഇതോടെ സംശയമായി. പൊലീസ് സേലത്ത് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
ആഴ്ചകൾക്ക് മുൻപും ഈ ട്രെയിനിൽ മോഷണം നടന്നിരുന്നു. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപെട്ടവർക്കാണ് പണവും സാധനങ്ങളും നഷ്ടമായത്. എ.സി കോച്ചുകളിലുൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |