SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.41 PM IST

മാസപ്പടികേസിൽ അന്വേഷണം വേഗത്തിലാക്കി ഇഡി: വീണാ വിജയനെ ഉടൻ ചോദ്യം ചെയ്തേക്കും

READ ENGLISH VERSION
veena

കൊച്ചി: മാസപ്പടിക്കേസിൽ അന്വേഷണം വേഗത്തിലാക്കിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനൊപ്പം കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്തെയും ചോദ്യംചെയ്തേക്കും.

ആദ്യപടിയായി സിഎംആർഎല്ലിൽ ഫിനാൻസ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനോട് നാളെ ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരെയും ഉടൻ വിളിപ്പിക്കും. ഇല്ലാത്ത സേവനത്തിന് പണം നൽകിയെന്ന് ഇവരിൽ ചിലർ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷന് നേരത്തേ മൊഴിനൽകിയിരുന്നു. ഇതിനെത്തുടർന്നാണ് കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ ഒരുങ്ങുന്നത്. മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുന്നുണ്ട്.

സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണവിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വീണ വിജയൻ, എക്സാലോജിക്ക് കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് അന്വേഷണ പരിധിയിൽ ഉള്ളത്. ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടൽ. ചോദ്യംചെയ്യലിന് മുന്നോടിയായി എതിർകക്ഷികളിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടേക്കും. ഇതുമായി സഹകരിച്ചില്ലെങ്കിൽ റെയ്ഡ് നടത്തി പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അതിനുശേഷമാകും ചോദ്യംചെയ്യൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED, INVESTIGATION, AGAINST VEENA VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA