SignIn
Kerala Kaumudi Online
Saturday, 27 July 2024 9.25 AM IST

സന്ദേശ്‌ഖാലിയിലെ അന്വേഷണം

s

സന്ദേശ‌്‌ഖാലിയിലെ അതിക്രമങ്ങളെ പ്രാദേശിക സംഭവം എന്നുപറഞ്ഞ് മൂടിവയ്ക്കാനാണ് തൃണമൂൽ കോൺഗ്രസ് നേതാക്കളും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ശ്രമിച്ചത്. പിടിച്ചെടുത്തതായി ആരോപിക്കപ്പെടുന്ന ഭൂമി കർഷകർക്ക് തിരികെ നൽകിയെന്നും കുറ്റക്കാരായവരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നുമാണ് തൃണമൂൽ പാർട്ടി വിശദീകരിച്ചിരുന്നത്. ഇതൊരു വലിയ പ്രശ്നമായി ഉയർത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും മമതാ ബാനർജി ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതലാണ് സന്ദേശ്‌‌ഖാലിയിലെ അതിക്രമങ്ങൾ ദേശീയ ശ്രദ്ധയിലേക്കു വന്നത്. തൃണമൂൽ നേതാക്കൾ തങ്ങളുടെ ആയിരക്കണക്കിന് ഏക്കർ വരുന്ന കൃഷിഭൂമി പിടിച്ചെടുത്ത് മീൻകൃഷി നടത്തുകയാണെന്ന് ആരോപിച്ചതിനു പിന്നാലെ ടി.എം.സി നേതാവ് ഷെയ്‌ഖ് ഷാജഹാനും കൂട്ടാളികളും തങ്ങളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് സന്ദേശ്‌ഖാലിയിലെ ഒരുകൂട്ടം സ്‌ത്രീകളും ആരോപിച്ചതോടെയാണ് ഇന്ത്യയൊട്ടാകെ ചർച്ചചെയ്യുന്ന ഒരു വിഷയമായി ഇത് മാറിയത്.

സന്ദേശ്‌ഖാലിയിലെ കുറ്റവാളികളെ രക്ഷിക്കാൻ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിച്ചത് ഈ നാട് മുഴുവൻ കണ്ടതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതോടെ രാഷ്ട്രീയമായി തൃണമൂൽ കോൺഗ്രസ് വെട്ടിലാവുകയും ചെയ്തു. സന്ദേശ്‌ഖാലിയിലെ താമസക്കാരിയായ രേഖ പത്ര എന്ന വനിത അവിടെ നടന്ന പീഡനങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തുവന്നത് പൊലീസിന്റെയും കോടതികളുടെയും മറ്റും ഇടപെടലുകൾക്കും കാരണമായി. ഗവർണർ ആനന്ദബോസിന്റെ ഇടപെടലുകളും കുറ്റവാളികളുടെ മേൽ നടപടിയെടുക്കുന്നതിന് സർക്കാരിനെ നിർബന്ധിതമാക്കി. തുടർന്നാണ് രണ്ടുമാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന ഷെയ്‌ഖ് ഷാജഹാനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. ഇയാൾ ഇപ്പോൾ ഇ.ഡി കസ്റ്റഡിയിലാണ്. സന്ദേശ്‌‌ഖാലിയുമായി ബന്ധപ്പെട്ട പൊതുതാത്‌പര്യ ഹർജി പരിഗണിച്ച വേളയിൽ കൽക്കട്ടയിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്,

ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും ശരിയാണെന്നു വന്നാൽ അത് രാജ്യത്തിനാകെ നാണക്കേടാണെന്നാണ്. ജില്ലാ ഭരണകൂടത്തിനും സർക്കാരിനും ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികൾ കേസ് അട്ടിമറിക്കാനും കുറ്റവാളികളെ രക്ഷിക്കാനുമേ ശ്രമിക്കൂ എന്നും,​ അതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് മുറവിളി ഉയരുകയുണ്ടായി. ഇത്തരം ആവശ്യങ്ങളുടെയും വിവാദങ്ങളുടെയും പരിണിതഫലമെന്നോണം കൽക്കട്ട ഹൈക്കോടതി സന്ദേശ്‌ഖാലിയിലെ ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും ഉൾപ്പെടെയുള്ള കേസുകൾ സി.ബി.ഐയ്ക്കു വിട്ട് ഉത്തരവായിരിക്കുന്നത് പൊതുവെ തികച്ചും സ്വാഗതാർഹമായ നടപടിയാണ്.

കോടതിയുടെ മേൽനോട്ടത്തിലാവും അന്വേഷണം നടക്കുക എന്നതിനാൽ ബാഹ്യ ഇടപെടലുകൾക്കുള്ള സാദ്ധ്യതയും ഇല്ലാതാകും. വേഗത്തിലും നിഷ്‌പക്ഷവുമായുള്ള അന്വേഷണം പൂർത്തിയാക്കുന്നതിനുള്ള പിന്തുണ സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഷെയ്‌ഖ് ഷാജഹാൻ ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കെതിരെ ഒരുകൂട്ടം സ്‌ത്രീകൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഈ ഉത്തരവിട്ടത്. ജനങ്ങൾക്ക് പരാതി സമർപ്പിക്കാനായി ഒരു പോർട്ടൽ രൂപീകരിക്കണമെന്നും സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ഇരകളുടെയും ദൃക്‌സാക്ഷികളുടെയും സുരക്ഷ പരിഗണിച്ചാണിത്. കൃഷിയിടങ്ങൾ അനധികൃത മീൻവളർത്തൽ കേന്ദ്രങ്ങളാക്കിയതിലും സി.ബി.ഐ സമഗ്ര റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടിവരും. രാജ്യത്തിന്റെ ഏതു കോണിലായാലും ദുർബലരായ ജനങ്ങളെ അടിച്ചമർത്തി ചൂഷണം ചെയ്താൽ അതിന് തിരിച്ചടിയുണ്ടാകും എന്നത് ആവ‌ർത്തിച്ചു തെളിയിക്കുന്നതു കൂടിയാണ് സന്ദേശ്‌ഖാലിയിലെ സി.ബി.ഐ അന്വേഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANDESHALI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.