SignIn
Kerala Kaumudi Online
Saturday, 27 July 2024 6.26 AM IST

കഞ്ചിക്കോട് - മധുക്കര റെയിൽവേ ലൈൻ ആനകളുടെ ശവപ്പറമ്പോ?

v

പ്രതിദിനം നൂറോളം യാത്രാട്രെയിനുകളും നിരവധി ഗുഡ്സ് ട്രെയിനുകളും ഇരുഭാഗങ്ങളിലേക്കുമായി പോകുന്ന രണ്ടു റെയിൽപാളങ്ങൾ, ''എ ലൈനും ബി ലൈനും''. ഇതിൽ ബി ലൈൻ 13 കിലോമീറ്ററോളം പൂർണമായും കടന്നുപോകുന്നത് വനത്തിനുള്ളിലൂടെയും. സാധാരണ വനമല്ല, കോയമ്പത്തൂർ പ്രോജക്ട് എലഫന്റ് പദ്ധതിയുടെ ഭാഗമായ ആന സംരക്ഷണ കേന്ദ്രമാണിത്. വാളയാർ മേഖലയിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ട്രാക്കുകളിലുണ്ട്...

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പാലക്കാട്‌ - കോയമ്പത്തൂർ റെയിൽപ്പാളത്തിൽ ട്രെയിനിടിച്ച് 24 ആനകളാണ് ചരിഞ്ഞത്. കുട്ടിയാനയുൾപ്പെടെ 28ലധികം ആനകൾക്ക് ട്രെയിൻതട്ടി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച മലമ്പുഴ കൊട്ടേക്കാട് ഭാഗത്തായി പിടിയാനയ്ക്ക് ട്രെയിൻതട്ടി പരിക്കേറ്റിരുന്നു. നിലവിൽ വലതുപിൻകാലിലെ എല്ലുകൾക്ക് പൊട്ടലുള്ളതിനാൽ ആനയ്ക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പ് ചികിത്സ ആരംഭിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയില്ല. ഈ സാഹചര്യത്തിൽ വാളയാർ - കോയമ്പത്തൂർ റെയിൽവേ ട്രാക്ക് ആനകൾക്ക് ചാവുനിലമാകുന്നുവെന്ന ആശങ്ക ശക്തമായിരിക്കുയാണ്.

ഈ ഭാഗത്ത് തീവണ്ടികൾ ഉച്ചത്തിൽ ഹോൺ മുഴക്കി, വേഗം കുറച്ച് വരണമെന്ന് നിർദ്ദേശമുണ്ട്.

വാളയാറിൽ തമിഴ്നാട് അതിർത്തിയിൽ ആനകളടക്കം കാട്ടുമൃഗങ്ങൾക്കായി എട്ടിമടയ്ക്കടുത്ത് ഒന്നാം അടിപ്പാത സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്ത് കേരള അതിർത്തിയിലെ രണ്ടാം അടിപ്പാത നിർമ്മാണം പൂർത്തിയായിട്ടില്ല. ആനകൾ നിരന്തരം കടന്നുവരുന്ന കൊട്ടേക്കാട് മേഖലയിലും അടിപ്പാതയടക്കമുള്ള സുരക്ഷാനടപടികൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൊട്ടേക്കാട് മുതൽ വാളയാർ നവക്കര വരെയുള്ള 26 കിലോമീറ്ററാണ് അപകടമേഖല. ഈ പ്രദേശം കോയമ്പത്തൂർ വാളയാർ ആന സങ്കേതമാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

160 വർഷം മുൻപുള്ള

എ ലൈൻ

കഞ്ചിക്കോട് - വാളയാർ - മധുക്കര മേഖലയിൽ 13 കിലോമീറ്ററോളം വരുന്ന ഭാഗത്ത് ഒരു റെയിൽപാത പൂർണമായും വനത്തിലൂടെയാണു കടന്നുപോകുന്നത്. ബി ലൈൻ ട്രാക്കാണ് വനത്തിനുള്ളിലുള്ളത്. വനാതിർത്തിയിലൂടെ പോകുന്ന എ ലൈൻ ട്രാക്ക് മാത്രമാണ് ഈ റൂട്ടിൽ ആദ്യം ഉണ്ടായിരുന്നത്. 1860ൽ യാഥാർത്ഥ്യമായ പാതയാണിത്. കേരളത്തിൽ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കുള്ള റെയിൽവേ ഗേറ്റ്‌വേ ആയ ഈ ട്രാക്കിൽ തിരക്കു കൂടിയപ്പോഴാണ് രണ്ടാമതൊരു ട്രാക്കിനെക്കുറിച്ച് ആലോചനയുണ്ടാകുന്നത്. അങ്ങനെ 1974ൽ ബി ലൈൻ ട്രാക്ക് യാഥാർത്ഥ്യമായി.

ബ്രിട്ടീഷ് ഭരണകാലത്ത് വിനോദയാത്ര ലക്ഷ്യമാക്കി വനത്തിനുള്ളിൽ നിർമ്മിച്ച പാതയാണ് പിന്നീട് പ്രധാന പാതയാക്കി മാറ്റിയത്. പാറക്കൂട്ടം അടക്കം തുരന്നാണ് ഈ പാത ഒരുക്കിയിരിക്കുന്നത്. വളവുകൾ കൂടുതലുള്ള പാതയിൽ തൊട്ടുമുന്നിലെത്തിയാലേ ആനകളെ കാണാനാകൂ. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. നൂറോളം യാത്രാ ട്രെയിനുകളും നിരവധി ഗുഡ്സ് ട്രെയിനുകളും അടക്കം ദിവസവും നൂറ്റിമ്പതോളം ട്രെയിനുകൾ ഇരു പാതകളിലൂടെയുമായി കടന്നുപോകുന്നു. സ്ലോപ്പ് കൂടുതലായതിനാൽ അപകട സാദ്ധ്യത ഏറെയാണെന്നും യാത്രയ്ക്ക് അനുയോജ്യമല്ലെന്നും റെയിൽവേ തന്നെ വിലയിരുത്തുന്ന പാതയാണ് എ ലൈൻ. അതിനാൽ വനത്തിനുള്ളിലൂടെയുള്ള ബി ലൈൻ ട്രാക്കിലൂടെയാണ് ട്രെയിനുകൾ കൂടുതലായും കടന്നു പോകുന്നത്.

ആന സംരക്ഷണ

കേന്ദ്രം, പക്ഷേ...!

കോയമ്പത്തൂർ പ്രോജക്ട് എലഫന്റ് പദ്ധതിയുടെ ഭാഗമായ വനമേഖലയാണു വാളയാറിലേത്. ആന സംരക്ഷണ കേന്ദ്രമായ ഇവിടെ ആനകൾ കൂടുതലായി ഉണ്ടാവുക സ്വാഭാവികം. അഞ്ചുവർഷത്തിനിടെ പാലക്കാട്‌ - കോയമ്പത്തൂർ റെയിൽപ്പാളത്തിൽ ട്രെയിനിടിച്ച് 24 ആനകളാണ് ചരിഞ്ഞത്. മറ്റു മൃഗങ്ങൾക്കും ജീവൻ നഷ്ടമായി. 28 ആനകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ആനക്കൂട്ടം ജനവാസ മേഖയിലേക്ക് എത്തുക പതിവാണ്. ഇരു റെയിൽവേ ട്രാക്കുകളും കുറുകെക്കടന്ന് കഞ്ചിക്കോടുള്ള പാലക്കാട് ഐ.ഐ.ടി ക്യാമ്പസിനകത്തേക്കും ദേശീയപാതയിലേക്കുമൊക്കെ ആനകൾ എത്തിയിരുന്നു. കാട്ടിൽ വെള്ളവും തീറ്റയുമൊക്കെ കുറയുമ്പോഴാണ് ഇവ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് എത്തുന്നത് എന്നാണു വിലയിരുത്തൽ.

വേഗം നിയന്ത്രിച്ചാൽ

ശരിയാകുമോ?

കഞ്ചിക്കോട് - മധുക്കര മേഖലയിൽ ട്രെയിനുകൾക്ക് താത്കാലിക വേഗനിയന്ത്രണം നടപ്പാക്കുന്നത് ഒഴിച്ചാൽ ആനകളെ ഇടിക്കുന്നതു തടയാനായി റെയിൽവേ മറ്റു പ്രതിരോധ മാർഗങ്ങൾ ഒന്നും സ്വീകരിച്ചിട്ടില്ല. മണിക്കൂറിൽ 40 കിലോമീറ്റർ വേഗ പരിധിയാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. വളവുകൾ കൂടുതലുള്ള പാതയിൽ ഇതുതന്നെ വലിയ വേഗമാണ്. ട്രാക്കിൽ ആനകളെ കണ്ടാൽ ട്രെയിൻ നിറുത്താൻ സാധിക്കണമെങ്കിൽ ഇവിടെ വേഗം മണിക്കൂറിൽ 20 കിലോമീറ്ററാക്കി ചുരുക്കണമെന്നാണ് മൃഗസംരക്ഷണ രംഗത്തു പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്.

ട്രാക്ക് താഴ്ത്തി നിർമ്മിച്ചതിനാൽ ട്രെയിൻ കണ്ടാലും ട്രാക്കിൽനിന്നു മാറാൻ പലയിടത്തും സ്ഥലമില്ലാത്തത് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. അപകടം സംഭവിച്ചാൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നതു പതിവ്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. മദ്രാസ് ഹൈക്കോടതി നിയോഗിച്ച ജഡ്ജിമാർ അടക്കം സ്ഥലം സന്ദർശിച്ച് റെയിൽവേയ്ക്കും വനംവകുപ്പിനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

വേലികെട്ടി

തടയാനാവില്ല

ട്രാക്കിൽ കയറുന്നത് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ ആനകൾ ജനവാസ മേഖലയിലേക്ക് എത്തുമെന്നതാണ് കഞ്ചിക്കോട്ടെ അനുഭവം. ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചതിനു പിന്നാലെയാണ് വേലഞ്ചേരി കോളനിയിൽ ഒരു വനിതയെ ആന കൊലപ്പെടുത്തിയത്. പുതുശ്ശേരി വേനോലിയിൽ ആന കിണറ്റിൽവീണ സംഭവവും ഉണ്ടായി. കൃഷിയും വീടുമൊക്കെ നശിപ്പിക്കുന്ന സംഭവങ്ങളും ആളുകളെ ആക്രമിച്ചു പരുക്കേൽപ്പിക്കുന്ന സംഭവങ്ങളുമൊക്കെ തുടർക്കഥയാണ്. ഒട്ടേറെ പേരാണ് ആനയുടെ ആക്രമണത്തിൽ ഈ മേഖലയിൽ കൊല്ലപ്പെട്ടത്.

ട്രാക്കിൽ ആനകളുടെ ജീവൻ പൊലിയുന്നതു തടയാൻ ബി ലൈൻ ട്രാക്ക് ഒഴിവാക്കുക എന്നതാണ് ശാശ്വത മാർഗം. ദിവസവും 150 ട്രെയിനുകൾ കടന്നുപോകുന്ന മേഖലയിൽ ഇതത്ര എളുപ്പമല്ല.

സോളർ ഹാങ്ങിംഗ് ഫെൻസിംഗ്, ട്രഞ്ച്, റെയിൽവേലി, ഹണി ട്രാപ്പ്, കുങ്കിയാനകളുടെ സേവനം തുടങ്ങിയ മാർഗങ്ങളിലൂടെയും ആനകളെ തുരത്താൻ ശ്രമിക്കുന്നുണ്ട്.

നടപ്പാക്കേണ്ടത്

1. ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററാക്കുക

2. ദീർഘദൂര ട്രെയിനുകൾ കോയമ്പത്തൂർ - പാലക്കാട് റൂട്ടിനു പകരം കോയമ്പത്തൂർ - പൊള്ളാച്ചി - കൊല്ലങ്കോട് - പാലക്കാട് റൂട്ടിലൂടെ വഴിതിരിച്ചുവിടുക.

3. അപകടങ്ങൾക്ക് കാരണക്കാരായ റെയിൽവേ ഉദ്യോഗസ്ഥരുടെ പേരിൽ വനം വകുപ്പ് നടപടികൾ സ്വീകരിക്കുക.

4. ട്രാക്കിനരികിലും വനത്തിൽ സമീപപ്രദേശങ്ങളിലും കാമറകൾ സ്ഥാപിച്ച് ആനകളുടെ സഞ്ചാരം നിരീക്ഷിച്ച് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള സംവിധാനം.

5. കൂടുതൽ വാച്ചർമാരെ നിയോഗിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.