SignIn
Kerala Kaumudi Online
Saturday, 19 September 2026 7.35 AM IST

കുക്കറെ  പാത്താൽ  ടി.ടി.വിയെ  ജ്ഞാപകം വരണം

s

ടി.ടി.വി.ദിനകരൻ 14 വർഷത്തിനു ശേഷം തേനിയിൽ തിരിച്ചെത്തിയത് ചില കണക്കുകൾ തീർക്കാനാണ്. എ. ഡി.എം.കെയിൽ നിന്ന് പുറത്തായ ശേഷം രൂപീകരിച്ച 'അമ്മാ മക്കൾ മുന്നേറ്റ കഴകം' എൻ.ഡി.എ മുന്നണിയിലാണ്. 1999 മുതൽ 2004 വരെ തേനി മണ്ഡലത്തിന്റെ പഴയപേരായ പെരിയകുളത്തെ എം.പിയായിരുന്നു ദിനകരൻ. പിന്നീടും തേനി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

അതെല്ലാം സൂചിപ്പിച്ചാണ് ആണ്ടിപ്പെട്ടിയിലെ ദിനകരന്റെ പ്രസംഗം. ആർത്തലയ്ക്കുകയാണ് ജനക്കൂട്ടം.

''ഉങ്കെ എം.പിയായിരുന്ന എന്നെ ചിലപേർ ചെയ്ത ചതിയിലെ നാൻ ഇങ്കെ വരമുടിയാതെ പോയിട്ടേൻ. മീണ്ടും ഉങ്കളെ തേടി വന്തിറക്കിറേൻ. എല്ലാം ഉങ്ക കൈയിൽ താൻ....''

'ആർ.കെനഗറിൽ ഞാൻ എം.എൽ.എ ആയിരുന്നപ്പോഴാണ് പുരോഗതി കൊണ്ട് വന്നത്. എന്നെ തോൽപ്പിക്കാൻ പളനിസാമി വോട്ടിന് പണം കൊടുത്തു. 'അമ്മ' (ജയലളിത) മത്സരിച്ച ചിഹ്നത്തിൽ വോട്ടു ചെയ്യാതെ അമ്മയ്ക്കു വോട്ടു ചെയ്തവർ എന്നെ കുക്കർ ചിഹ്നത്തിൽ വിജയിപ്പിച്ചു.

''കുക്കറില്ലാതെ വീടേ കെടയാത് '' വാഹനത്തിനു മുന്നിൽ നിൽക്കുന്ന വൃദ്ധയോട് ''പാട്ടി, കുക്കറെ പാത്താൽ ടി.ടി.വിയെ ജ്ഞാപകം വരണം. പാത്ത് വോട്ട് പോടണം.''കരഘോഷം ഉച്ചത്തിലായി.

ഒരു പ്രവർത്തകൻ വാഹനത്തിൽ കയറി വേൽസമ്മാനിച്ച് ഉറക്കെ വിളിച്ചു- വെട്രിവേൽ..

വാഹനത്തിൽ മോദിയുടെ ചിത്രത്തിനൊപ്പം അണ്ണാദുരൈയും എംജിആറും പെരിയാറും.

എം.ജി.ആറും ജയലളിതയും ജയിച്ച മണ്ഡലമാണ് ആണ്ടിപ്പെട്ടി.

ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ സഹോദരീ പുത്രനാണ് ദിനകരൻ. അണ്ണാ ഡി.എം.കെ. ട്രഷറർ ആയിരുന്നു. ജയലളിതയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. ജയലളിതയുടെ മരണശേഷം പാർട്ടി പിടിക്കാൻ 'ചിന്നമ്മ' ശശികല ഇറങ്ങിയപ്പോൾ ദിനകരനും തിരിച്ചെത്തി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി. ഇരുവരും ജയിലിലായി. എടപ്പാടിയും ഒ.പി.എസും ചേർന്ന് രണ്ടുപേരേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുകൊണ്ടായിരുന്നു ദിനകരന്റ മറുപടി.

എതിരാളി നൻപൻ

2019ൽ ഡി.എം.കെ സഖ്യത്തിന് കിട്ടാത്ത ഏക മണ്ഡലമാണ് തേനി. ഒ.പനീർ സെൽവത്തിന്റെ മകൻ രവീന്ദ്രനാഥ കുമാറാണ് ജയിച്ചത്. ഇപ്പോൾ ഒ.പി.എസും മകനും കുക്കറിന് വോട്ടു ചോദിക്കുന്നു.

ദിനകരന്റെ പഴയ ചങ്ങാതി തങ്കതമിഴ്‌ സെൽവനാണ് തേനിയിലെ ഡി.എം.കെ സ്ഥാനാർത്ഥി. ദിനകരനാണ് തങ്കതമിഴ് സെൽവനെ ജയലളിതയുടെ മുന്നിലെത്തിച്ചത്. 2001ൽ ജയലളിതയ്ക്കു മത്സരിക്കാൻ ആണ്ടിപ്പെട്ടി എം.എൽ.എ സ്ഥാനം രാജിവച്ചതോടെ ജയയുടെ പ്രിയം നേടി. എടപ്പാടി കെ.പളനിസാമിക്കെതിരെ കലാപമുയർത്തി ദിനകരനൊപ്പം നിന്ന 18 എം.എൽ.എമാരിൽ പ്രധാനി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദിനകരന്റെ പാർട്ടിക്കായി തേനിയിൽ മത്സരിച്ചു. ദിനകരന്റെ അടവുകളെല്ലാം അറിയാവുന്ന സെൽവനെ ഡി.എം.കെ അവരുടെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. തേവർ സമുദായത്തിന്റെ മണ്ണാണ്‌. രണ്ടു പേരും ഇതേ സമുദായക്കാരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360