SignIn
Kerala Kaumudi Online
Sunday, 26 May 2024 2.38 PM IST

കരുവന്നൂരിൽ സിപിഎം കൊള്ളയടിച്ച പണം വഞ്ചിതരായവർക്ക് തിരികെ നൽകും, മുഖ്യമന്ത്രി നുണപറയുന്നു; ആഞ്ഞടിച്ച് മോദി

narendra-modi

തൃശൂർ: സിപിഎമ്മിനും സംസ്ഥാനസർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പാവം ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും, കരുവന്നൂരിൽ കവർന്ന പാവങ്ങളുടെ കാശ് ഏതുവിധേനെയും അവർക്ക് തിരികെ നൽകുമെന്നും മോദി പറഞ്ഞു. കുന്നംകുളത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ‌്ത് സംസാരിക്കവെയാണ് സംസ്ഥാനസർക്കാരിനും സിപിഎമ്മിനുമെതിരെ പ്രധാനമന്ത്രി രൂക്ഷ വിമർശനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നുണയാണെന്നും മോദി പരാമർശിച്ചു.

കേരളത്തിലെ ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ്. അഴിമതിയുടെ പുതിയ മാതൃകകളാണ് തീർക്കുന്നത്. കരുവന്നൂർ സഹകരണബാങ്ക് അഴിമതി ഇടതുപക്ഷം നടത്തുന്ന കെള്ളയുടെ ഉദാഹരണമാണ്. പാവപ്പെട്ടവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കാശാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഇതാണ് സിപിഎം പ്രവർത്തകർ കൊള്ളയടിച്ചത്. പെൺമക്കളുടെ വിവാഹത്തിന് നിക്ഷേപിച്ച പണം പോലും കൊടുക്കാതെ വിവാഹങ്ങൾ മുടക്കി. ആയിരങ്ങളുടെ ജീവിതം താറുമാറായി.

മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് വർഷമായി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പണം തിരികെ നൽകുമെന്നും, കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നുണ പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാൽ നിങ്ങളുടെ സേവകനായ മോദിയാണ് ഈ കൊള്ളയെ കുറിച്ച് അന്വേഷണം നടത്തിയത്. 90 കോടിയോളം രൂപ ഇ.ഡി കണ്ടുകെട്ടിക്കഴിഞ്ഞു. ഈ രൂപ പാവപ്പെട്ടവരിലേക്ക് എങ്ങനെ തിരികെ എത്തിക്കാമെന്ന് നിയമജ്ഞരുമായി ചർച്ച നടക്കുകയാണ്. കരുവന്നൂർ സഹകരണകൊള്ളയിൽ വഞ്ചിതരായവർക്ക് പണം തിരികെ ലഭിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകുകയാണ്. അതിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നും മോദി വ്യക്തമാക്കി.

വടക്കുംനാഥന്റെ മണ്ണിൽ വീണ്ടുമൊരിക്കൽകൂടി വരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന വാക്കുകളോടെയാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഇത്തവണ പാർലമെന്റിലേക്ക് കേരളം പുതിയ ശബ്‌ദങ്ങളെ കേൾപ്പിക്കും. ഒരിക്കൽ കൂടി മോദി സർക്കാർ എന്ന മുദ്രാവാദ്യം കേരളവും ഏറ്റുചൊല്ലും. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 73 ലക്ഷം ഗുണഭോക്താക്കൾക്ക് സാമ്പത്തിക സഹായം ലഭിച്ചു. 70 വയസ് കഴിഞ്ഞ എല്ലാ മുതിർന്ന പൗരന്മാർക്കും ആയുഷ്‌മാൻ ഭാരതിലൂടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. വിഷു ദിവസമായ ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ പ്രകടനപത്രികയിൽ പറയുന്നതെല്ലാം മോദിയുടെ ഗ്യാരന്റിയാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആവാസ് യോജന പദ്ധതിയിലൂടെ വീടുകൾ വച്ചുനൽകും. 80 ശതമാനം വിലക്കുറവിൽ ജൻഔഷധിയിലൂടെ മരുന്നുകൾ ലഭ്യമാക്കും. നിലവിലെ 10 ലക്ഷത്തിന് പകരം കേരളത്തിലെ യുവാക്കൾക്ക് 20 ലക്ഷം രൂപ മുദ്രാ ലോൺ ആയി ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

5 വർഷത്തിനള്ളിൽ കേരളത്തിന്റെ പാരമ്പര്യത്തെ അന്താരാഷ്ട്രവൽക്കരിക്കും, ഹൈവേ, എക്‌സ്പ്രസ്‌വേ, വന്ദേഭാരത് എക്‌സ്‌പ്രസ് എന്നിവ വിപുലീകരിക്കും. സുരേഷ് ഗോപി പലപ്പോഴും തന്നെ വന്ന് കണ്ട് വന്ദേഭാരത് എക്‌സ്പ്രസിന്റെ രൂപകൽപനയെ കുറിച്ച് സംസാരിക്കാറുണ്ട്. ആ ആവശ്യങ്ങൾ നമ്മൾ പരിഗണിച്ച് യാഥാർത്ഥ്യമാക്കും. കേരളത്തിന്റെ വിനോദസഞ്ചാരമേഖല വിപുലമാക്കും. തെക്കേ ഇന്ത്യയെ കൂടി ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും ബുള്ളറ്റ് ട്രെയിൻ സർവീസ്. മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാലുടൻ അതിന്റെ ജോലികൾ ആരംഭിക്കും.

സമാധാനമായി മുന്നോട്ടുപോയിരുന്ന കേരളത്തിൽ ഇന്ന് അക്രമവും അരാജകത്വവുമാണ് നടക്കുന്നത്. രാഷ്‌ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നു. കേരളത്തിലെ കോളേജ് ക്യാമ്പസുകൾ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി. സാമുദായിക ഐക്യം തകർക്കുന്ന ശക്തികൾക്ക് സർക്കാർ സംരക്ഷണം നൽകുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARENDRA MODI, KERALA, BJP, CPIM, KARUVANNUR SCAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.