SignIn
Kerala Kaumudi Online
Wednesday, 29 May 2024 1.50 PM IST

തെറ്റു ചെയ്തവർ എന്നും കുറ്റവാളികളാവില്ല

d

ഏതു വിശുദ്ധനും ഒരു ഭൂതകാലമുണ്ടെന്നു പറയുന്നതുപോലെ, എല്ലാ പാപികൾക്കും ഒരു ഭാവിയുമുണ്ട്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഉത്തരവിട്ട ഒരു വിധിയിലെ ഈ സാരാംശം നിയമപാലകരെയും നിയമനാധികാരികളെയും ഒരുപോലെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ് . ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായതിന്റെ പേരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു യുവാവിന് ജോലി നിഷേധിച്ച സർക്കാർ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു. കേസുകളിൽ യുവാവ് പിഴയടച്ചും മറ്റും കുറ്റവിമുക്തനായത് പരിഗണിക്കാതെയാണ് സർക്കാർ നടപടിയെന്നു വിലയിരുത്തിയാണ് ജസ്‌റ്റിസുമാരായ

എ. മുഹമ്മദ് മുഷ്‌താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ മാതൃകാപരമായ ഈ വിധി പ്രസ്താവിച്ചത് .

ആംഡ് പൊലീസ് ബറ്റാലിയനിൽ നിയമനം നിഷേധിച്ചതിനെതിരെ വൈക്കം ചെമ്പ് സ്വദേശി ബിനേഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

നിയമനത്തിനായി ഹർജിക്കാരന് പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചിരുന്നു. എന്നാൽ തന്റെ പേരിലുള്ള കേസുകൾ ബിനേഷ് ബാബു മറച്ചുവച്ചുവെന്നാരോപിച്ച് സർക്കാർ നിയമനം റദ്ദാക്കുകയായിരുന്നു. സർക്കാരിന്റെ നടപടിക്കെതിരെ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ഇടപെട്ടില്ല. ഇതേത്തുടർന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ബിനേഷ് ബാബുവിനെതിരെ വൈക്കം, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലായി അടിപിടി, മണൽവാരൽ വിഷയങ്ങളിൽപ്പെട്ട കേസുകൾ ഉണ്ടായിരുന്നു. മണൽവാരൽ കേസുകളിൽ ബിനേഷ് ബാബു പിഴയടച്ച് കുറ്റവിമുക്തനായിരുന്നു. അടിപിടി കേസ് ബന്ധുക്കളിൽ ചിലർ കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തി. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരന് നിയമനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്.

ഓസ‌്‌കർ വൈൽഡിന്റെ 'എ വുമൺ ഒഫ് നോ ഇംപോർട്ടൻസ്" എന്ന വിഖ്യാത നാടകത്തിലെയും,​ വിക്ടർ യൂഗോയുടെ 'പാവങ്ങൾ" എന്ന നോവലിലെയും ഉദാഹരണങ്ങൾ വിവരിച്ചായിരുന്നു കോടതിയുടെ വിധി പ്രഖ്യാപനം.

കുറ്റവാളികളായി ആരും ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് പലരെയും കുറ്റകൃത്യങ്ങളിൽ കൊണ്ടെത്തിക്കുന്നത്. മന:പൂർവമല്ലാതെ കുറ്റകൃത്യത്തിൽ ഒരിക്കൽ പെട്ടുപോയാൽ ആജീവനാന്തം അയാൾ കുറ്റവാളിയായി തുടരേണ്ടിവരുന്നത് നമ്മുടെ സാമൂഹ്യക്രമത്തിലെ പോരായ്‌മകൾ കൊണ്ടു കൂടിയാണ്. തെറ്റു തിരുത്താനും മാനസാന്തരം വരുത്താനും അവസരങ്ങൾ ലഭിച്ചാൽ ആരും കുറ്റവാളിയായി തുടരാൻ ആഗ്രഹിക്കുമെന്ന് കരുതുക വയ്യ. പൊലീസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെ ദുഷ്‌ചെയ്‌‌തികൾ കുറ്റം ചെയ്യാത്തവരെപ്പോലും ചില അവസരങ്ങളിൽ കുറ്റവാളികളാക്കി മാറ്റാറുണ്ട്. അത്തരത്തിലുള്ള എത്ര അനുഭവങ്ങൾ വേണമെങ്കിലും നമ്മുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ലഭിക്കാതിരിക്കില്ല.

നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നവർക്ക് ഒരു ജോലി ഒരുക്കിക്കൊടുക്കാൻ കഴിയുമോയെന്ന ചോദ്യവും പ്രസക്തമാകുന്നു. സഹോദരിയുടെ കുട്ടികളുടെ വിശപ്പു കണ്ടുനിൽക്കാൻ വയ്യാതെ മോഷ്ടാവായി മാറേണ്ടിവന്ന ജീൻ വാൽ ജീന്റെ ദുരവസ്ഥ വിക്‌ടർ യൂഗോ പാവങ്ങൾ എന്ന വിഖ്യാത കൃതിയിൽ വരച്ചുകാട്ടിയത് കോടതി ഉദ്ധരിച്ചിരുന്നു. തനിക്കു ഭക്ഷണം നൽകിയ ബിഷപ്പിന്റെ മേശമേലിരുന്ന വെള്ളി മെഴുതിരിക്കാലുകൾ മോഷ്ടിച്ചുകടന്ന ജീൻ വാൽ ജീനെ പൊലീസ് പിടികൂടി ബിഷപ്പിന്റെ മുന്നിലെത്തിക്കുന്നുണ്ട്. ഇയാളെ അറിയാമോ എന്ന ചോദ്യത്തിന്,​ അറിയാമെന്നും ഇവൻ തന്റെ സഹോദരനാണെന്നും ആ വെള്ളിക്കാലുകൾ താൻ സമ്മാനിച്ചതാണെന്നും ബിഷപ്പ് പറയുന്നുണ്ട് . ജീൻവാൽജീന്റെ മനസിനെ അത് മാറ്റിമറിക്കുകയും പുതിയ ജീവിതത്തിന്റെ പ്രഭാതം അയാളുടെ ജീവിതത്തിൽ ഉദിക്കുകയുമാണ്. കേരള ഹൈക്കോടതിയുടെ ഈ വിധിയിൽ സമാനമായ മഹാമനസ്‌കതയുണ്ട്; ഗുണപാഠമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.