SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.48 PM IST

മൈതാനം എന്ന പാഠപുസ്തകം

g

കുട്ടികൾ പഠിച്ചാൽ മാത്രം പോരാ,​ അവരുടെ ശാരീരിക ക്ഷമതയ്ക്കും വ്യക്തിത്വ വികാസത്തിനും മൈതാനത്തെ കളികൾ കൂടി അത്യന്താപേക്ഷിതമാണെന്നു വിചാരമുള്ള സ്കൂൾ അധികൃതരും രക്ഷിതാക്കളും നിർഭാഗ്യവശാൽ കുറഞ്ഞുവരികയാണ്. ക്ളാസ് മുറികളും പാഠപുസ്തകവും മാത്രമാണ് ഇവരുടെ ചിന്തയിൽ സ്കൂൾ പഠനം. ഈ അബദ്ധവിചാരം പുലർത്തുന്നവരുടെ കണ്ണു തുറപ്പിക്കുന്നതാണ്,​ കളിസ്ഥലം ഉറപ്പാക്കാത്ത സ്കൂളുകൾ അടച്ചുപൂട്ടണമെന്ന കേരള ഹൈക്കോടതി ഉത്തരവ്. ഓരോ വിഭാഗം സ്കൂളിനും വേണ്ടുന്ന കളിസ്ഥലത്തിന്റെ വിസ്തൃതി നിശ്ചയിച്ച് നാലു മാസത്തിനകം മാർഗനിർദ്ദേശം പുറപ്പെടുവിക്കാനാണ് സർക്കാരിനോട് കോടതി നിർദ്ദേശം. വീഴ്ച വരുത്തുന്ന സ്കൂളുകൾ അടച്ചുപൂട്ടണമെന്നും നിർദേശമുണ്ട്.

പത്തനംതിട്ട തേവായൂർ ഗവ. എൽ.പി സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്തും പഞ്ചായത്തും ചേർന്ന് വാട്ടർ ടാങ്ക് നിർമ്മിക്കാൻ തീരുമാനിച്ചത് ചോദ്യംചെയ്ത് പി.ടി.എ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. ആ പദ്ധതി ഉപേക്ഷിച്ചെന്ന് കക്ഷികൾ കോടതിയെ അറിയിച്ചെങ്കിലും,​ സ്കൂളുകളിൽ കളിസ്ഥലത്തിന്റെ പ്രാധാന്യമെന്തെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് സർക്കാരിനുള്ള ഉത്തരവിലൂടെ കോടതി ചെയ്തത്. നിലവിൽ,​ സ്കൂളുകൾക്ക് കളിസ്ഥലം വേണമെന്ന് വിദ്യാഭ്യാസ ചട്ടം നിഷ്കർഷിക്കുന്നുണ്ടെങ്കിലും,​ ഓരോ വിഭാഗം സ്കൂളിലും എത്ര വിസ്തീർണമുള്ള മൈതാനം വേണമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. ഈ അപാകത ചൂണ്ടിക്കാട്ടിയാണ്,​ നാലു മാസത്തിനകം ഇക്കാര്യത്തിൽ മാർഗനിർദേശത്തിനുള്ള കോടതി ഉത്തരവ്.

കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് കളിസ്ഥലങ്ങൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ്. പി.വി. കുഞ്ഞിക്കൃഷ്ണൻ,​ മൈതാനമാണ് ആത്യന്തികമായ ക്ളാസ് മുറിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ബാല്യ,​ കൗമാരങ്ങളിൽ പല കുട്ടികളിലും പതിവായ അന്തർമുഖത്വവും ഉത്സാഹക്കുറവും മാറ്റിയെടുക്കാനും,​ വിജയമെന്ന ഒറ്റ ലക്ഷ്യത്തിൽ മനസുറപ്പിച്ച് പ്രവർത്തനശൈലി രൂപപ്പെടുത്താനും മാത്രമല്ല,​ മറ്റുള്ളവരെക്കൂടി ഉൾക്കൊള്ളാനും,​ പരാജയമെന്നത് അവസാനവാക്കല്ലെന്ന മന:ശാസ്ത്രപാഠം സ്വയം മനസിലാക്കാനുമൊക്കെ മൈതാനത്തെ കളികൾ കുട്ടികളുടെ വലിയ പാഠപുസ്തകമാണ്. വിജ്ഞാന പരീക്ഷകളിലൊന്നും ചോദിക്കാനിടയില്ലാത്ത ചോദ്യങ്ങൾക്കുള്ള ഈ ഉത്തരങ്ങളാണ് പിന്നീടുള്ള ജീവിതത്തിന്റെ മഹാപരീക്ഷയിൽ അവരുടെ ജയം നിശ്ചയിക്കുക. പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടിയ പല കുട്ടികളും ജീവിതമെന്ന കഠിനപരീക്ഷയിൽ പലപ്പോഴും ബലഹീനന്മാരായിപ്പോകുന്ന വൈപരീത്യത്തിന് യഥാർത്ഥ ഉത്തരവാദികൾ അവരെ മൈതാനത്തും വെയിലത്തുമിറക്കാതെ പാഠപുസ്തകങ്ങൾ മാത്രം ഭക്ഷിക്കാൻ നിർബന്ധിക്കുന്ന മുതിർന്നവർ തന്നെയല്ലേ?​

കളിക്കാൻ മൈതാനത്തു തന്നെ ഇറങ്ങണോ എന്നു ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന രക്ഷിതാക്കളുണ്ട്. ഓടാനും ചാടാനും തലകുത്തി മറിയാനുമൊക്കെ കായികശേഷി വേണ്ടുന്ന കളികൾ വേറെ; കുട്ടികളുടെ മസ്തിഷ്ക വികാസവും ബൗദ്ധികശേഷിയും അതുവഴി മത്സരപരീക്ഷാ ജയവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഗണിത വിനോദങ്ങളും വേറെ. നിങ്ങൾ ആഗ്രഹിക്കുന്നത് ആകാശത്തിനു കീഴിലെ ഏതു ചോദ്യത്തിനും ഉത്തരം നൽകുന്ന ഒരു യന്ത്രത്തെയാണോ,​ സ്നേഹിക്കാനും പങ്കുവയ്ക്കാനും തമാശകൾ പറയാനും അറിയാവുന്ന,​ തോൽവികളിൽ തളർന്നുപോകാതെ പരിശ്രമം തുടരാൻ മാനസിക ശേഷിയുള്ള ആരോഗ്യവാനായ മകളെയും മകനെയുമാണോ എന്നേ ആ അച്ഛനമ്മമാരോട് ചോദിക്കാനുള്ളൂ. മൈതാനമെന്ന വലിയ പാഠപുസ്തകത്തിലേക്കു കൂടി അവരെ കൂടു തുറന്ന് വിടുക. ഈ ചിന്ത പങ്കുവയ്ക്കാൻ ഇടയാക്കിയ ഹൈക്കോടതിയോടു മാത്രമല്ല,​ തേവായൂർ ഗവ. എൽ.പി സ്കൂൾ പി.ടി.എയിലെ രക്ഷാകർത്താക്കളോടും അദ്ധ്യാപകരോടും മുഴുവൻ മലയാളികളും നന്ദി പറയണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLAYGROUND
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.