തിരുവനന്തപുരം: 'തിരുവനന്തപുരെ ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ രോഗികളെ പരിചരിക്കേണ്ടിവന്നത് ശരിക്കും ഒരു പസിലിന് ഉത്തരം കണ്ടെത്തുന്നതുപോലെ പ്രയാസമാണ്. രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരോ ബന്ധുക്കളോ ഉണ്ടാകില്ല.സ്വന്തം പേരുപോലും അവർക്കറിയില്ല.തലയ്ക്കടിയേറ്റും മറ്റ് ശാരീരിക ആക്രമണങ്ങളാലും ഗുരുതര പരിക്കേറ്റ് പലരെയും ഇവിടെ പ്രവേശിപ്പിക്കാറുണ്ട്.എന്താണ് സംഭവിച്ചതെന്നുപോലും പറയാനാകാത്ത അവസ്ഥയാണ് അവരുടേത്.അവരുടെ അവസ്ഥ കണ്ട് നിശബ്‌ദമായി തേങ്ങിയിട്ടുണ്ട് പലപ്പോഴും...' ഈ ദുരിതക്കാഴ്ചകൾ ഡോ.ആർ.ജെ.മാളവികയുടെ മനസിന് തേങ്ങലായി, പിന്നെ അത് കവിതയായി മാറുകയായിരുന്നു. 'A Day Old Woes And Vices' എന്ന് പേരിടുകയും ചെയ്തു.26 കവിതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
നമുക്ക് ചുറ്റുമുള്ളവർ ഓരോദിവസം കടന്നുപോകുന്ന വികാരങ്ങളും വിചാരങ്ങളുമാണ് പുസ്തകത്തിന് ഇങ്ങനെയൊരു പേരിടാൻ കാരണമെന്ന് മാളവിക പറഞ്ഞു. മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ.ജയകുമാർ ഇന്ന് വൈകിട്ട് 4ന് പ്രസ് ക്ളബിൽ പ്രകാശനം ചെയ്യും.അദ്ദേഹം തന്നെയാണ് അവതാരിക എഴുതിയിരിക്കുന്നതും. 2021-22 കൊവിഡു കാലത്താണ് മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന് ഹൗസ് സർജൻസിക്കായി ഡോ.ആർ.ജെ.മാളവിക ജനറൽ ആശുപത്രിയിലെത്തുന്നത്. അശരണരുടെയും ആലംബഹീനരുടെയും വാർഡെന്ന് ഒമ്പതാം വാർഡിനെ കുറിച്ച് മാളവിക ധാരാളം കേട്ടിട്ടുണ്ടായിരുന്നു.കേട്ടതിനെക്കാൾ ഹൃദയം പൊള്ളിക്കുന്നതായിരുന്നു ഇവിടത്തെ രോഗികളുടെ അവസ്ഥ.കുട്ടിക്കാലത്തേ കവിതകളെഴുതുമായിരുന്ന മാളവിക അന്നൊരു തീരുമാനമെടുത്തു. ഈ കവിതകളെല്ലാം പെറുക്കിക്കൂട്ടി ഒരു പുസ്തകമാക്കണം. ആ പുസ്തകം വിറ്റുകിട്ടുന്ന തുക മുഴുവൻ ഇത്തരത്തിലുള്ള രോഗികളുടെ ക്ഷേമത്തിനായി വിനിയോഗിക്കണം.
പൊട്ടക്കുഴി ആർടെക് ഫ്ളോറെൻസ 7സിയിൽ ആരോഗ്യ വകുപ്പ് മുൻ സ്റ്റോർ സൂപ്രണ്ട് സി.രവീന്ദ്രന്റെയും പട്ടം വൈദ്യുതി ഭവനിലെ എക്സിക്യുട്ടീവ് എൻജിനിയർ ടി.കെ.ജയകുമാരിയുടെയും മകളായ മാളവിക പി.ജി പഠനത്തിന് തയ്യാറെടുക്കുകയാണ്.ഹൗസ് സർജൻസി ചെയ്യാനൊരുങ്ങുന്ന ഡോ.ആർ.ജെ.ലക്ഷ്‌മിയാണ് സഹോദരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |