SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.06 PM IST

കൃത്യം 12 മണിക്ക് അയോദ്ധ്യയിലെ രാമഭഗവാന്റെ നെറ്റിയിൽ സൂര്യൻ ചുംബിച്ചു; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ

ram-lalla

അയോദ്ധ്യയിലെ രാം മന്ദിറിലാണ് ഇത്തവണ രാമ ഭഗവാൻ രാമനവമി ആഘോഷിക്കുന്നത്. വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസമായ ഇന്ന് ഒരു അത്ഭുതവും സംഭവിച്ചിരിക്കുകയാണ്. സൂര്യൻ തന്റെ രശ്മികൾകൊണ്ട് രാം ലല്ല ഭഗവാന്റെ നെറ്റിയിൽ തിലകം ചാർത്തിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് 'സൂര്യാഭിഷേകം' അഥവാ 'സൂര്യ തിലകം' എന്നറിയപ്പെടുന്ന ആ മഹാത്ഭുതം ലോകത്തിന് ദർശിക്കാനായത്.

സൂര്യാഭിഷേകം

സൂര്യ രശ്മികൾ കൃത്യമായി രാം ലല്ലയുടെ നെറ്റിയിൽ പതിക്കുന്ന പ്രതിഭാസമാണ് സൂര്യ തിലകം. ബഹുമാനത്തെയാണ് ഇത് അർത്ഥമാക്കുന്നത്. സൂര്യൻ, അഭിഷേകം എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് സൂര്യാഭിഷേകം എന്ന വാക്ക് ഉരുത്തിരിഞ്ഞത്. സൂര്യന്റെ പിൻഗാമികൾ എന്നറിയപ്പെടുന്ന സൂര്യവംശികളുടെ 'ഇഷ്വാകു' വംശത്തിൽ നിന്നുള്ളയാളാണ് ശ്രീരാമൻ എന്നാണ് വിശ്വാസം. അതിനാൽ തന്നെ രാമനവമി ദിനത്തിൽ സൂര്യാഭിഷേകത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്.

അയോദ്ധ്യയിലെ സൂര്യാഭിഷേകം

ഇന്ത്യയിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളിലും സൂര്യാഭിഷേകം ആചരിച്ചുവരുന്നുണ്ട്. അയോദ്ധ്യയിലെ പ്രധാന പ്രതിഷ്ഠയായ രാം ലല്ലയുടെ തിരുനെറ്റിയിൽ കൃത്യം 12.01ന് തന്നെ സൂര്യരശ്മികൾ തിലകം ചാർത്തി. രണ്ടര മിനിട്ടോളം ഈ പ്രതിഭാസം തു‌ടർന്നിരുന്നു. ഈ അനുഗ്രഹ നിമിഷങ്ങൾക്കായി വളരെനാളുകളായി ശ്രീരാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് കഠിനപ്രയത്നത്തിലാണ്. റൂർക്കിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് സൂര്യതിലകം കൃത്യമായി രൂപകൽപന ചെയ്തത്.

സൂര്യതിലകത്തിന് പിന്നിലെ ശാസ്ത്രം

നിശ്ചിത സമയത്ത് രാം ലല്ലയുടെ നെറ്റിയിലേക്ക് കൃത്യമായി സൂര്യരശ്മികൾ എത്തുന്ന തരത്തിൽ ഉയർന്ന ഗുണമേന്മയുള്ള കണ്ണാടികളും ലെൻസുകളും ഉപയോഗിച്ച് ഒരു ഉപകരണം നിർമിച്ചായിരുന്നു ഐഐടിയിലെ ശാസ്ത്രജ്ഞരുടെ സംഘം സൂര്യതിലകം രൂപകൽപ്പന ചെയ്തത്. രാമനവമി ദിനത്തിന് മുന്നോടിയായി രണ്ടുതവണ പരിശോധനകളും പരീക്ഷണങ്ങളും നടത്തുകയും ചെയ്തിരുന്നു.

പ്രതിഫലനം ഉണ്ടാക്കുന്ന കണ്ണാടികളും ലെൻസുകളും ഉപയോഗിച്ച് ക്രമീകരിച്ചിരിക്കുന്ന ഒരു ഗിയർബോക്സാണ് സൂര്യാഭിഷേകത്തിനായി ഉപയോഗിച്ച ഉപകരണമെന്നാണ് റിപ്പോർട്ടുകൾ. ഷിക്കാരയ്ക്ക് സമീപമുള്ള മൂന്നാം നിലയിൽ നിന്നുള്ള സൂര്യരശ്മികൾ ഉച്ചയ്ക്ക് 12.01 ന് കൃത്യമായി ഗർഭഗൃഹത്തിലേക്ക് പ്രതിഫലിപ്പിക്കാൻ ഇത് സഹായിച്ചു.

പിച്ചളയും വെങ്കലവും കൊണ്ടാണ് സൂര്യ തിലക ഉപകരണം നിർമിച്ചത്. പരമ്പരാഗത ഇന്ത്യൻ ലോഹക്കൂട്ടായ പഞ്ച ധാതുവും നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ചാന്ദ്ര കലണ്ടറിനെ അടിസ്ഥാനമാക്കി, എല്ലാ വർഷവും രാമനവമി ദിനത്തിൽ കൃത്യമായി സൂര്യ തിലകം പതിക്കുന്ന തരത്തിലാണ് ഗിയർബോക്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനവും ഉപകരണത്തിന്റെ നിർമാണത്തിൽ പങ്കാളികളായി.

ആർക്കിയോആസ്ട്രോണമി, മെറ്റോണിക് സൈക്കിൾ, അനാലെമ്മ എന്നീ മൂന്ന് കാര്യങ്ങളാണ് സൂര്യാഭിഷേകത്തിൽ പ്രധാനമായും ശ്രദ്ധിച്ചതെന്ന് മുൻ ഐ എസ് ആർ ഒ ശാസ്‌ത്രജ്ഞനായ മനീഷ് പുരോഹിത് വിശദീകരിച്ചു.

ഖഗോള സ്ഥാനങ്ങൾ (സെലഷ്യൽ പൊസിഷൻസ്) അടിസ്ഥാനമാക്കി സ്‌മാരകങ്ങൾ നിർമിക്കുന്ന രീതിയാണ് ആർക്കിയോആസ്ട്രോണമി. ഭൂമിയുടെ ചരിവും ഭ്രമണപഥവും കാരണം വർഷംതോറും സൂര്യനുണ്ടാവുന്ന ‌ സ്ഥാനവ്യതിയാനത്തെ നിരീക്ഷിക്കാൻ സാധിക്കുന്ന എട്ട് അക്കത്തിന്റെ രൂപത്തിലുള്ള ഒരു വക്രമാണ് അനാലെമ്മ.

മെറ്റോണിക് സൈക്കിൾ എന്നത് ഏകദേശം 19 വർഷത്തെ ഒരു കാലഘട്ടമാണ്. ഈ കാലയളവിൽ ചന്ദ്രന്റെ വിവധ ഘട്ടങ്ങൾ വർഷത്തിലെ അതേ ദിവസങ്ങളിൽ പുനഃസ്ഥാപിക്കപ്പെടുന്നു. രാമനവമി തീയതിയും ചന്ദ്രന്റെ 'തിഥി'യും (ചന്ദ്രന്റെ രണ്ട് ഘട്ടം) ഒരുമിച്ച് വരുന്നത് ഉറപ്പാക്കാൻ ഈ ചക്രവും ശാസ്‌ത്രജ്ഞർ കണക്കിലെടുത്തതായി മനീഷ് പുരോഹിത് വ്യക്തമാക്കി.

ജനുവരി 22നാണ് അയോദ്ധ്യയിലെ രാം മന്ദറിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. മൈസൂർ സ്വദേശിയായ ശിൽപി അരുൺ യോഗിരാജാണ് കൃഷ്ണശിലയിൽ രാമക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ രാം ലല്ല നിർമിച്ചത്. വിഗ്രഹത്തിന് 150-200 കിലോഗ്രാം ഭാരമുണ്ട്. അഞ്ചുകൊല്ലം മുൻപാണ് അരുൺ വിഗ്രഹം പൂർത്തിയാക്കിയത്.

സൂര്യാഭിഷേകം നടത്തുന്ന ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങൾ

  • തമിഴ്‌നാട്ടിലെ സൂര്യനാർ കോവിൽ, അവുദൈയ്യാർ കോവിൽ, നാഗേശ്വര ക്ഷേത്രം
  • ആന്ധ്രാപ്രദേശിലെ നാനാരായണസ്വാമി ക്ഷേത്രം
  • മഹാരാഷ്ട്രയിലെ മഹാലക്ഷ്മി ക്ഷേത്രം, ഖജുരാഹോ വിശ്വനാഥ ക്ഷേത്രം
  • ഗുജറാത്തിലെ കോബ ജെയിൻ ക്ഷേത്രം, മൊദേര സൂര്യ ക്ഷേത്രം
  • മദ്ധ്യപ്രദേശിലെ ഉനാവ് ബാലാജി സൂര്യ ക്ഷേത്രം
  • ഒഡീഷയിലെ കൊണാർക് സൂര്യ ക്ഷേത്രം
  • രാജസ്ഥാനിലെ രണക്‌‌പൂർ സൂര്യ ക്ഷേത്രം
  • കർണാടകയിലെ ഗവി ഗംഗാധരേശ്വര ക്ഷേത്രം, ശ്രിംഗേരിയിലെ ശാരദാംബ ക്ഷേത്രം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMLALLA, RAMMANDIR, AYODHYA, SURYA TILAK, SURYA ABHISHEK, IIT, IIT SCIENTISTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.