SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.56 PM IST

ഇവിടത്തെ കാറ്റ് എവിടേക്ക്...

s

കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ ഇടുക്കി തന്നെയാണ് സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിൽ ഏറ്റവും വലുത്. ഇടുക്കി ലോക്സഭാ മണ്ഡലം, ജില്ലാ അതിർത്തിയും കടന്ന് എറണാകുളത്തിന്റെ രണ്ട് നിയമസഭാ മണ്ഡലങ്ങൾ കൂടി ചേരുന്നതാണ്. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട്, തൊടുപുഴ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. ഈ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എൽ.ഡി.എഫിന്റെ കൈയിലാണ്. തൊടുപുഴും മൂവാറ്റുപുഴയും മാത്രമാണ് യു.ഡി.എഫിന്റെ കൈവശമുള്ളത്. എന്നാൽ നിയമസഭാ മണ്ഡലകളിൽ എൽ.ഡി.എഫിനുള്ള ഈ മേൽക്കൈ പലപ്പോഴും ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടാകാറില്ലെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും.

ചായ്‌വ്

വലത്തോട്ട്

കർഷകർ,​ തോട്ടം തൊഴിലാളികൾ,​ തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾ എന്നിവരുടെ സംസ്കാരവും സ്വാധീനവും പേറുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. 1977ലാണ് ഈ മണ്ഡലം രൂപീകൃതമായത്. ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.എം സ്റ്റീഫൻ ഇടത് സ്ഥാനാർത്ഥി എൻ.എം ജോസഫിനെ 79,357 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1980ൽ മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തു. സി.പി.എം നേതാവ് എം.എം ലോറൻസ് കേരളാ കോൺഗ്രസിലെ ടി.എസ് ജോണിനെ 7,033 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1984ൽ പ്രൊഫ. പി.ജെ കുര്യനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. സി.പി.ഐ നേതാവ് സി.എ. കുര്യനെ 1,30,624 വോട്ടിനാണ് തോൽപ്പിച്ചത്.

1989ൽ കോൺഗ്രസ് (ഐ) സ്ഥാനാർത്ഥി പാലാ കെ.എം മാത്യു 91,479 വോട്ടിന് സി.പി.എമ്മിലെ എം.സി ജോസഫൈനെ പരാജയപ്പെടുത്തി. 1991ലും പാലാ കെ.എം മാത്യു വിജയം ആവർത്തിച്ചു. പി.ജെ ജോസഫിനെയായിരുന്നു പരാജയപ്പെടുത്തിയത്. 1996ൽ കോൺഗ്രസിലെ എ.സി ജോസ് ഇടതുപക്ഷത്തിന്റെ ബാനറിൽ കന്നിയങ്കത്തിനിറങ്ങിയ കെ. ഫ്രാൻസിസ് ജോർജിനെ 30,140 വോട്ടിന് പരാജയപ്പെടുത്തി. 1998ലും മത്സരിച്ച ഫ്രാൻസിസ് ജോർജ് 6,350 വോട്ടുകളുടെ വ്യത്യാസത്തിൽ പി.സി ചാക്കോയോട് പരാജയം സമ്മതിച്ചു. എങ്കിലും ഇതൊരു രാഷ്ട്രീയ വിജയമായാണ് ഇടതുപക്ഷം വിലയിരുത്തിയത്. എതിരാളിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ചതായിരുന്നു നേട്ടമെന്ന് പറയാൻ അവർ കണ്ടെത്തിയ കാരണം. അത് സത്യമാകുന്നതായിരുന്നു അടുത്ത തിരഞ്ഞെടുപ്പ്.

1999ൽ യു.ഡി.എഫ് കോട്ട തകർത്ത് പി.ജെ കുര്യനെ പരാജയപ്പെടുത്തി ഫ്രാൻസിസ് ജോർജ് വിജയിച്ചു. 2004ൽ ബെന്നി ബഹന്നാനെ 69,384ന് പരാജയപ്പെടുത്തി ഫ്രാൻസിസ് ജോർജ്ജ് വിജയം ആവർത്തിച്ചു. 2009ൽ 74,796 വോട്ടുകൾക്ക് ഫ്രാൻസിസ് ജോർജിനെ തറപറ്റിച്ച് പി.ടി. തോമസിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2014ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിൽ മത്സരിച്ച ജോയ്സ് ജോർജ് 50,400 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടുക്കി മണ്ഡലം ഇടതുപാളയത്തിലെത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെയാണ് ജോയ്സ് ജോർജ് പരാജയപ്പെടുത്തിയത്. 2019ൽ ഡീൻ കുര്യാക്കോസ് മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിച്ചാണ് ജോയ്സ് ജോർജ്ജിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്. 1,71,053 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഡീൻ നേടിയത്.

രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ കിട്ടിയ ഭൂരിപക്ഷം കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലുത്. അന്ന് ഡീൻ ആകെ നേടിയത് 4,98,493 വോട്ടുകളാണ്- 54.21ശതമാനം. ജോയ്സ് ജോർജ്ജാകട്ടെ 3,27,440 വോട്ടുകളും- 35.61ശതമാനം. അന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന ബി.ഡി.ജെ.എസിലെ ബിജു കൃഷ്ണൻ നേടിയത് 78,648 വോട്ടുകളാണ്- 8.55ശതമാനം. 2019ലെ കണക്ക് ആവർത്തിക്കാൻ യു.ഡി.എഫിന് കഴിയുമോയെന്നതാണ് ഏറ്റവും വലിയ ചോദ്യം. കാരണം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ആഞ്ഞ് വീശിയ ഇടത്കാറ്ര് ഇടുക്കിയുടെ മലയിടുക്കുകളിലും ആഞ്ഞ് വീശിയപ്പോൾ ഇടുക്കി ജില്ലയിലെ അഞ്ചിൽ തൊടുപുഴയൊഴിച്ച് നാല് സീറ്റും എൽ.ഡി.എഫിനൊപ്പമാണ് നിന്നത്.

തനിയാവർത്തനം

ഇടത് സ്ഥാനാർത്ഥിയായി ജോയ്സ് ജോർജ്ജും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഡീൻ കുര്യാക്കോസും മൂന്നാം വട്ടവും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും വിജയം ആവർത്തിക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഡീൻ. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി സി.പി.എം പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് ജോയ്സ് മത്സരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ കരുത്തുറ്റ വനിത സംഗീത വിശ്വനാഥനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മത്സരിച്ച പരിചയസമ്പത്തുമായാണ് സംഗീത കളത്തിലിറങ്ങിയിരിക്കുന്നത്. വൈകിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതെങ്കിലും ഇരുമുന്നണികൾക്കുമൊപ്പം സംഗീത പ്രചാരണത്തിൽ മുന്നേറുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും ലഭിച്ച മേൽക്കൈ ഗുണം ചെയ്യുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. കേരള കോൺഗ്രസ് മാണി വിഭാഗം ഇടത്തോട്ട് ചാഞ്ഞ ശേഷമുള്ള തിരഞ്ഞെടുപ്പിൽ മന്ത്രി റോഷിയുടെ മണ്ഡലത്തിലെ പിന്തുണയടക്കം അനുകൂല ഘടകമായി എൽ.ഡി.എഫ് കരുതുന്നു. പി.ജെ ജോസഫിനാകട്ടെ ജോസ് പക്ഷം മുന്നണി മാറിയത് ഇടുക്കിയിൽ ഏശിയിട്ടില്ല എന്ന് തെളിയിക്കേണ്ടത് വെല്ലുവിളിയാണ്. അതിനാൽ തന്നെ രണ്ട് കേരള കോൺഗ്രസുകൾക്കും ഇത് അഭിമാനപോരാട്ടമാണ്. ഈഴവർ കൂടുതലുള്ള മണ്ഡലമെന്ന നിലയിൽ ബി.ഡി.ജെ.എസ് പ്രധാന ശക്തിയാണ്. ബി.ജെ.പിയിലൂടെ മറ്റ് ഹിന്ദു വോട്ടുകൾ കൂടി സമാഹരിക്കാനായാൽ മെച്ചപ്പെട്ട പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്നാണ് സംഗീതയുടെ പ്രതീക്ഷ.

ഭൂവിഷയങ്ങൾ

ചർച്ചയാകും

സങ്കീർണമായ ഭൂപ്രശ്നങ്ങളും അവസാനിക്കാത്ത മനുഷ്യ- വന്യജീവി സംഘർഷങ്ങളും കാർഷിക മേഖലയിലെ വില തകർച്ചയുമാണ് മണ്ഡലത്തിലെ പ്രധാന വിഷയങ്ങൾ. ഒപ്പം ക്ഷേമ പെൻഷനടക്കമുള്ള പൊതുവിഷയങ്ങളും ചർച്ചയാകും. സാമുദായിക സമവാക്യങ്ങൾ നിർണായകമായ മണ്ഡലം കൂടിയാണ് ഇടുക്കി. ഹൈറേഞ്ച് സംരക്ഷണ സമിതി അപ്രസക്തമായെങ്കിലും കത്തോലിക്കാ സഭയുടെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും രാഷ്ട്രീയ തീരുമാനം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണായകമാകും.

കേരളത്തിലെ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലമാണ് ഇടുക്കി. സ്ഥാനാർത്ഥി നിർണയത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ ഇക്കാര്യം പരിഗണിക്കാറുണ്ട്. വിവാദ സിനിമ 'ദ കേരള സ്റ്റോറി" ഇടുക്കി രൂപത പ്രദർശിപ്പിച്ചതടക്കം വോട്ടർമാരിൽ സ്വാധീനമുണ്ടാക്കുമെന്ന് തീർച്ചയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.