മാന്നാർ: കരാർ കാലാവധിയിൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ഒഴിവ് വന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഗ്രമപഞ്ചായത്തംഗം എത്തിയത് ആംബുലൻസിൽ. ഇന്നലെ നടന്ന കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സ്വതന്ത്ര അംഗമായ സൂസമ്മ പൗലോസ് ആംബുലൻസിൽ എത്തിയത്. കടപ്ര പഞ്ചായത്ത് ഒന്നാം വാർഡിൽ സ്വതന്ത്രയായി വിജയിച്ച സൂസമ്മ പൗലോസ് തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ കാലിന്റെ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ മേഴ്സി എബ്രഹാം കൂറുമാറുമോ എന്ന സംശയത്തെ തുടർന്ന് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ്, സൂസമ്മ പൗലോസ് ആംബുലൻസിൽ പഞ്ചായത്തിൽ എത്തിയത്. എന്നാൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ സൂസമ്മ പൗലോസിന് വോട്ട് രേഖപ്പെടുത്തേണ്ടതായി വന്നില്ല.
കടപ്ര ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് 7, എൽ.ഡി.എഫ് 5, ബി.ജെ.പി 2 സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസിന്റെ ഏഴംഗങ്ങളിൽ വൈസ് പ്രസിഡന്റ് ആയിരുന്ന മേഴ്സി എബ്രഹാം വിട്ടു നിന്നു. കൃത്യസമയത്ത് എത്തിച്ചേരാത്തതിനാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകേണ്ട അംഗം അടക്കം രണ്ട് അംഗങ്ങൾക്ക് ഹാളിൽ പ്രവേശിക്കാനായില്ല. ഇതോടെ എൽ.ഡി.എഫിന്റെ ബാക്കി മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ മിനി ജോസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |