തിരുവല്ല: ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നവരും വിഭാഗീയതകൾക്കതീതമായ നിലപാടുള്ളവരും പൊതുജീവിതത്തിൽ ധാർമ്മികത ഉയർത്തിപിടിക്കുന്നവരുമാണ് തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതെന്ന് ഡോ. തിയാഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. അതിനായി ഉത്തരവാദിത്വ ബോധത്തോടെ വോട്ടുചെയ്യണം. മത സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്തു പുലരണം. ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം. നൂറ്റാണ്ടുകളായി രാജ്യം കാത്തുസൂക്ഷിച്ച ബഹുസ്വരതയും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം. വൈവിദ്ധ്യമാണ് ഇന്ത്യയുടെ ചാരുത. അതിൽ വിള്ളൽ വീണുകൂടാ. വെറുപ്പും വിദ്വേഷവും വളരാൻ അനുവദിച്ചു കൂടാ. ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഭരണഘടനാ അവകാശമായ മതസ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന നീക്കങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
സമദൂരവുമായി ഓർത്തഡോക്സ് സഭ
തിരഞ്ഞെടുപ്പിൽ സമദൂര നയം സ്വീകരിക്കുമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.
ജനാധിപത്യം പുലരണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവർ സഭയിലുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കൈകടത്താൻ ആഗ്രഹിക്കുന്നില്ല. അർഹരായവർ എത് പാർട്ടികളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും വിജയിച്ചു വരണം. സഭയ്ക്കെതിരെ ആര് നിലപാട് സ്വീകരിച്ചാലും അത് മനസിലാക്കാനുള്ള വിവേചനവും വിവേകവും വിശ്വാസികൾക്കും നേതൃത്വത്തിനുമുണ്ട്. അത്തരം സന്ദർഭങ്ങളിൽ അതാത് വേദികളിൽ മറുപടി പറയുന്നതാണ് പാരമ്പര്യം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അഭിപ്രായം പറയുന്ന കീഴ്വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |