ബംഗളൂരു: ക്യാൻസർ കോശങ്ങൾക്കെതിരായ ആന്റിബോഡി ഉത്പാദനം വർദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജൻ വികസിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ (ഐ.ഐ.എസ്സി) ഗവേഷകർ. ഭാവിയിൽ വിവിധ തരം ക്യാൻസറുകൾക്കുള്ള വാക്സിൻ വികസിപ്പിക്കാൻ നിർണായകമാണ് ഈ പരീക്ഷണം.
രക്തത്തിലെ ഒരു പ്രോട്ടീൻ ( മാംസ്യം) വഴി ലിംഫ് നോഡിലെത്തിച്ചാണ് ക്യാൻസർ കോശങ്ങൾക്കെതിരായ ആന്റിബോഡികളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നത്.
രക്തത്തിലെ പ്ലാസ്മയിലെ സിറം ആൽബുമിൻ എന്ന പ്രോട്ടീനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ കേന്ദ്രമാണ് ലസികാഗ്രന്ഥി എന്ന ലിംഫ് നോഡുകൾ. എലികളിലാണ് പരീക്ഷണം നടത്തിയത്. ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എൻ. ജയരാമനും ഗവേഷക വിദ്യാർത്ഥി കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി ടി.വി കീർത്തനയുമടങ്ങുന്ന സംഘമാണ് സിന്തറ്റിക് ആന്റിജൻ വികസിപ്പിച്ചെടുത്തത്.
ആന്റിജനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കൃത്രിമ പ്രോട്ടീൻ ഉപയോഗിച്ചില്ല. ശരീരത്തിൽത്തന്നെയുള്ള പ്രോട്ടീനെ വാഹകരാക്കി ലിംഫ് നോഡിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും ടി.വി. കീർത്തന പറഞ്ഞു. കൃത്രിമ പ്രോട്ടീൻ, വൈറസ് കണിക എന്നിവയെ വാഹകരായി ഉപയോഗിച്ച് ആന്റിജനുകളെ ശരീരത്തിലേക്ക് കടത്തിവിടാൻ ശാസ്ത്രജ്ഞർ മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇത് പാർശ്വഫലങ്ങൾക്കിടയാക്കുകയും ക്യാൻസർ കോശങ്ങൾക്കെതിരായ ആന്റിബോഡി ഉത്പാദനം കുറയ്ക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |