തിരുവനന്തപുരം: തനിക്കെതിരെ നടന്നത് വ്യക്തിഹത്യയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എങ്ങനെയാണ് ഇത്തരത്തിലൊരു വാർത്ത കൊടുക്കാൻ സാധിച്ചതെന്ന് മാദ്ധ്യമങ്ങളോട് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ.
'ഞാൻ പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ പോകുന്നവെന്ന വാർത്തകൾ എങ്ങനെയാണ് വന്നത്? എങ്ങനെയാണ് മാദ്ധ്യമങ്ങൾക്ക് ഇങ്ങനെയൊരു വാർത്തകൊടുക്കാൻ സാധിച്ചത്? എന്തെങ്കിലും പരിശോധന നടത്തിയോ? ഇലക്ഷന്റെ തലേദിവസം ഈ വാർത്ത പ്രസിദ്ധീകരിച്ചത് ആസൂത്രിതമായിട്ടായിരുന്നു. തനിക്കെതിരെയുളള ആരോപണങ്ങൾ കെ സുധാകരനും ശോഭാ സുരേന്ദ്രനും അറിഞ്ഞുകൊണ്ട് നടത്തിയ ഒരു പരിപാടിയുടെ ഭാഗമാണ്. എല്ലാം ആസൂത്രിതമാണ്. തൃശൂരിൽ വച്ചുകണ്ടുവെന്ന് നിങ്ങൾ പറഞ്ഞു. അവിടെ സിസിടിവിയില്ലേ. അതുനിങ്ങൾ പരിശോധിച്ചോ? തനിക്കെതിരെ ബിജെപിയിൽ ഗൂഢാലോചന നടന്നു.
ശോഭാ സുരേന്ദ്രനുമായി എനിക്ക് ഒരു പരിചയവുമില്ല.അവരെ ഞാൻ അവസാനമായി കാണുന്നത് തന്നെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി മരിച്ചപ്പോൾ കോട്ടയത്തെ മൈതാനത്തിൽ വച്ചാണ്. ഗൾഫിൽ വച്ചാണ് ഗൂഢാലോചനയെന്ന് സുധാകരൻ പറഞ്ഞാൽ അത് പരിശോധിക്കണ്ടേ. ഞാൻ ഗൾഫിൽ പോയിട്ടുത്തന്നെ വർഷം എത്രയായി. എംഎൽഎമാരും മന്ത്രിമാരും സമരം ചെയ്തപ്പോൾ അതിൽ പങ്കെടുക്കാനാണ് ഞാൻ ഡൽഹിയിൽ പോയത്. മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണ്. അദ്ദേഹത്തിന്റെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്'- ഇ പി ജയരാജൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |