ഇസ്ലാമാബാദ്: പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് വീണ്ടും ഇന്ത്യയിൽ വിലക്ക്. ഹാനിയ ആമിർ, മഹിര ഖാൻ, ഷാഹിദ് അഫ്രീദി, മാവ്റ ഹൊകെയ്ൻ, ഫവാദ് ഖാൻ തുടങ്ങിയവരുടെ ഇൻസ്റ്റാഗ്രാം, എക്‌സ് പ്രൊഫൈലുകൾ, യൂട്യൂബ് ചാനലുകൾ എന്നിവ ഇന്ന് രാവിലെ മുതലാണ് ഇന്ത്യൻ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയാതായതെന്നാണ് വിവരം.
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഇത്തരമൊരു നടപടിയിലേക്ക് കടന്നിരുന്നു. എന്നാൽ ഇന്നലെ മുതൽ സബ ഖമർ, മാവ്റ ഹൊകെയ്ൻ, ഫവാദ് ഖാൻ, ഷാഹിദ് അഫ്രീദി, അഹദ് റാസ മിർ, യുംന സൈദി, ഡാനിഷ് തൈമൂർ എന്നിവരുൾപ്പെടെയുള്ള നിരവധി പാകിസ്ഥാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും യൂട്യൂബ് ചാനലുകളും ഇന്ത്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതോടെ പലരും വിലക്ക് മാറിയെന്നാണ് കരുതിയത്.
പാകിസ്ഥാനികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും പ്രത്യക്ഷപ്പെടുകയും, പെട്ടന്നുതന്നെ അപ്രത്യക്ഷമാവുകയും ചെയ്തതിനെക്കുറിച്ച് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനെ ചില പാകിസ്ഥാൻ സെലിബ്രിറ്റികൾ പരസ്യമായി വിമർശിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും തുടർന്ന് ഇന്ത്യയിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |