തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പവർഹൗസ് റോഡിലെ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. നവരാത്രിപൂജയിൽ വിഗ്രഹങ്ങൾ ആരാധിക്കുന്ന മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണിത്. നാലമ്പലത്തിലെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഏകദേശം 6 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. ഇന്നലെ ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. ദേവിയുടെ പ്രധാനപ്രതിഷ്ഠയ്ക്ക് മുന്നിൽ വലതുവശത്തായി കളം വരയ്ക്കുന്ന മുറിയിലാണ് ആദ്യം തീപിടിച്ചത്. പൂജയ്ക്ക് ആവശ്യമുള്ള പൊടികൾ സൂക്ഷിക്കുന്നത് ഇവിടെയാണ്. മറ്റ് ഭാഗങ്ങളിലേക്കും തീ അതിവേഗം വ്യാപിച്ചു. നാലമ്പലത്തിലെ മേൽക്കൂരയിലെ പലകകളും തടിയും പൂർണമായും കത്തിനശിച്ചു. ഓടുകളും കഴുക്കോലുകളും ഇളകി നിലംപൊത്തി. മേൽക്കൂരയുടെ പകുതിയിലേറെയും അഗ്നിക്കിരയായി. സമീപത്തെ വീട്ടിലുള്ള പെൺകുട്ടിയാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് 3.15ഓടെ ചെങ്കൽചൂള ഫയർഫോഴ്സിലെ നാല് യൂണിറ്റ് സ്ഥലത്തെത്തി. തീ പൂർണമായും അണയ്ക്കാൻ ഏകദേശം ഒന്നരമണിക്കൂർ വേണ്ടിവന്നു. ആളപായമില്ല. വിളക്കിൽ നിന്ന് തീ പടർന്നതോ ഷോർട്ട് സർക്യൂട്ടോ ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവം നടക്കുമ്പോൾ വിളക്കുകൾ കത്തിയിരുന്നില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ദേവസ്വം എസ്.പിയും ഇലക്ട്രിക്കൽ എൻജിനീയറും അന്വേഷണം നടത്തും. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ നിതിൻരാജ്, അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തീപിടിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി പൂജ ഉണ്ടായിരുന്നില്ല. ക്ഷേത്രതന്ത്രിയെത്തി ശുദ്ധികലശം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |