SignIn
Kerala Kaumudi Online
Thursday, 16 May 2024 5.28 PM IST

ഉത്തരമില്ലാത്ത ചില ഉഷ്ണതരംഗങ്ങൾ

c

ഹൊ! എന്തൊരു ചൂട് എന്നു നമ്മൾ ഉഷ്ണിച്ചുപൊരിഞ്ഞ് വേവലാതിപ്പെടാൻ തുടങ്ങിയിട്ട് കുറച്ചുവർഷമായി. അങ്ങനെ പറഞ്ഞുതുടങ്ങിയപ്പോൾ ഉണ്ടായിരുന്നതിന്റെ അഞ്ചോ ആറോ ഇരട്ടി അന്തരീക്ഷതാപം സംസ്ഥാനത്ത് ഏതാണ്ടെല്ലാ ജില്ലകളെയും വറചട്ടിയിലിട്ട് പൊരിക്കുമ്പോഴും കൊടുംചൂടിന്റെ അനുഭവത്തെക്കുറിച്ച് പറയാൻ മറ്രൊരു പ്രയോഗവും നമ്മുടെ കൈയിലില്ല: ശ്ശൊ! എന്തൊരു ചൂട്! മാ‌ർച്ചിൽ തുടങ്ങി മേയ് അവസാനിക്കുംവരെ നീളുന്ന വേനലിൽ അനുഭവവേദ്യമാകുന്ന താപഭേദങ്ങൾ സമ്മാനിച്ച ശാസ്ത്രീയ പ്രയോഗങ്ങൾ പലതുണ്ട്- സൂര്യതാപം,​ അതു കടുക്കുമ്പോഴത്തെ സൂര്യാതപം (സൺബേൺ)​,​ അതിന്റെ കടുത്ത അവസ്ഥയായ സൂര്യാഘാതം (സൺസ്ട്രോക്ക്)​,​ ആ അവസ്ഥയുടെ പ്രവചനരൂപമായ താപതരംഗം.... കാലാവസ്ഥാ ശാസ്ത്രജ്ഞർ താപമാപിനികൾ നോക്കി ചാർത്തിക്കൊടുക്കുന്ന ഉഷ്ണസംജ്ഞകൾക്കെല്ലാം മീതെ അഗ്നിവർഷിക്കുന്ന സൗരകോപത്തിൽ വെന്തുരുകുമ്പോൾ അടുത്ത മഴക്കാലത്തിന് ഇനിയെത്ര നാളെന്ന് കണക്കുകൂട്ടുകയാണ്,​ സഹനം മാത്രം മാർഗമായ സാധാരണ ജനം.

സൂര്യാഘാതം കാരണമുള്ള മരണങ്ങൾ കേരളത്തിൽപ്പോലും അസാധാരണമല്ലെന്ന യാഥാർത്ഥ്യമാണ് നമ്മെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നത്. മൂന്നാഴ്ചയ്ക്കിടെ പാലക്കാട്ടും മാഹിയിലും ഇടുക്കിയിലുമായി മൂന്നുപേരുടെ ജീവനാണ് സൂര്യനെടുത്തത്! സൂര്യാഘാതം കാരണമെന്ന് പറയുക വയ്യെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ വോട്ടെടുപ്പു ദിനത്തിൽ പത്തുപേർ വിവിധ ജില്ലകളിലായി കുഴഞ്ഞുവീണ് മരിക്കാനിടയായത് അത്യുഷ്ണവും അതേല്പിക്കുന്ന ശാരീരിക അവശതകളും കാരണമായിരുന്നു. മനുഷ്യർ മാത്രമല്ല,​ മൃഗങ്ങൾ കൂടിയും കൊടുംതാപത്തിന്റെയും അതിന്റെ ശാരീരിക പ്രത്യാഘാതമായ നിർജ്ജലീകരണത്തിന്റെയും ഇരകളാകുന്ന വാർത്തകൾ വന്നുതുടങ്ങിയിരിക്കുന്നു! കഴിഞ്ഞ ദിവസം പത്തനാപുരം പുന്നല കടശ്ശേരി വനത്തിൽ ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വെളിപ്പെട്ടത്,​ പത്തു ദിവസമായി ആന വെള്ളം കുടിച്ചിട്ടില്ലെന്നാണ്. നാടും കാടും കൊടുംചൂടിന്റെ ക്രൂരഭീഷണി നേരിടുമ്പോൾ ജീവൻരക്ഷാ ഉപായങ്ങളിൽ ജാഗ്രത വേണ്ടതിന്റെ പ്രാധാന്യം മറക്കരുത്.

കഴിഞ്ഞ ദിവസം കാലാവസ്ഥാ കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പു നല്കിയിരുന്നത് മൂന്നു ജില്ലകളിലാണ്- പാലക്കാട്,​ തൃശൂർ,​ കൊല്ലം. ഉഷ്ണതരംഗം പ്രഖ്യാപിച്ച പാലക്കാട്ട് അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില 42 ഡിഗ്രി വരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. എട്ടുവർഷം മുമ്പ്,​ 2016-ൽ പാലക്കാട്ട് രേഖപ്പെടുത്തിയ 41.9 ‌ഡിഗ്രി ചൂടാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന താപനില. രാജ്യത്തുതന്നെ ഇന്നോളം രേഖപ്പെടുത്തിയിട്ടുള്ളതിൽ ഉയർന്ന താപനില രാജസ്ഥാനിലെ ഫലോദിയിലാണ്. അതും 2016-ൽത്തന്നെ; 51 ഡിഗ്രി. ആ വർഷം ലോകത്തുതന്നെ അനുഭവപ്പെട്ട,​ മൂന്നാമത്തെ ഉയർന്ന താപനിലയായിരുന്നു അത്! ഥാർ മരുഭൂമിയുടെ നാടായ രാജസ്ഥാന്റെ താപക്കണക്കിനരികിലേക്ക് നമുക്കും അധികദൂരമില്ലെന്ന,​ അക്ഷരാർത്ഥത്തിൽ പൊള്ളുന്ന യാഥാർത്ഥ്യം തുറന്നുവയ്ക്കുന്ന പ്രകൃതിപാഠങ്ങൾ ഒരുപാടുണ്ട്.

വനങ്ങൾ,​ പുഴകൾ,​ അരുവികൾ,​ തടാകങ്ങൾ,​ മരങ്ങൾ,​ കിണറുകൾ,​ ചെറുനീരൊഴുക്കുകൾ,​ മഴക്കാലം... വെട്ടിയൊഴിച്ചും മണ്ണിട്ടു നികത്തിയും നമ്മൾ ഓർമ്മകളിലേക്ക് കോരിയെറിഞ്ഞ പച്ചപ്പിന്റെ അദ്ധ്യായങ്ങൾ കാലാവസ്ഥയുടെ പ്രതികാരം പോലെ ഉഷ്ണതരംഗമായി തിരിഞ്ഞുകൊത്തുമ്പോഴും തൈകൾ നട്ടുനച്ചും,​ തോടുകളും അരുവികളും വൃത്തിയായി സംരക്ഷിച്ചും,​ മണ്ണിലേക്ക് ആഴ്ന്നിറങ്ങി ഭൂഗർഭ ജലശേഖരമായി നിറയാൻ മഴവെള്ളത്തിന് വഴിനല്കിയും വരാനിരിക്കുന്ന ഉഷ്ണകാലങ്ങളെ നേരിടാൻ നമുക്കു മുന്നിൽ പ്രായശ്ചിത്തത്തിന്റെ പാതകൾ ഇനിയും ബാക്കിയുണ്ട്! മക്കൾക്കും ചെറുമക്കൾക്കുമായി നമ്മൾ കരുതി വയ്ക്കേണ്ടത് കുടിനീരാണെന്ന കഠിനസത്യം ഞെട്ടലോടെയെങ്കിലും നമ്മൾ എന്നു മനസിലാക്കും?​ അച്ഛാ,​ അമ്മേ... ഒരു തുള്ളി ദാഹനീരെങ്കിലും എനിക്കായി കരുതിവച്ചില്ലല്ലോ എന്ന് അവർ ചോദിക്കാൻ ഇടവരാതിരിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPERATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.