തൃശൂർ: തിരിച്ചടയ്ക്കാൻ ബാങ്കിലെത്തിച്ച ഒരു കോടി രൂപ ആദായനികുതിവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ നിയമനടപടികളിലേക്ക് കടക്കാൻ സി.പി.എം. പാൻ നമ്പർ തെറ്റായി ബന്ധിപ്പിച്ചത് ബാങ്കിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണെന്നും ഇതാണ് അക്കൗണ്ട് അനധികൃതമാണെന്ന് പ്രചരിപ്പിക്കാൻ കാരണമായതെന്നും ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടിയിരിക്കുകയാണ് ജില്ലാനേതൃത്വം. ബാങ്ക് ഒഫ് ഇന്ത്യയുടെ ചെയർമാന് ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, പാൻ നമ്പറിലെ തെറ്റ് ചൂണ്ടിക്കാണിച്ച് കത്തയച്ചിരുന്നു. തെറ്റ് സമ്മതിച്ചതായി ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ 18ന് പാർട്ടിക്ക് കത്തും നൽകിയതായി പറയുന്നു. ഈ കത്തും തെളിവായി ഹാജരാക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ജില്ലാ കമ്മിറ്റിയുടെ ചെലവുകൾക്ക് വേണ്ടിയാണ് ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചതെന്നാണ് വിശദീകരണം. എന്നാൽ ഏപ്രിൽ അഞ്ചിന് ബാങ്കിൽ പരിശോധന നടത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ, പണം പിൻവലിച്ചത് തെറ്റായ നടപടിയാണെന്ന് വ്യാഖ്യാനിച്ചു. ഇതെല്ലാം കോടതിയിലും ചൂണ്ടിക്കാണിക്കും. തിരഞ്ഞെടുപ്പ് സമയത്ത് ഇടപാടുകൾ താത്കാലികമായി മരവിപ്പിക്കുകയും, അനുമതിയില്ലാതെ ഇടപാടുകൾ നടത്താൻ പാടില്ലായെന്ന് നിർദ്ദേശിക്കുകയും ചെയ്തത് രാഷ്ട്രീയപ്രേരിതമാണെന്നും വാദിക്കും.
നിയമാനുസൃതമായ ബാങ്ക് ഇടപാടിലെ പണം ചെലവാക്കുന്നത് തടയുന്നതിന് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും അനധികൃതമായി നൽകിയ ഉത്തരവ് പാലിക്കേണ്ടതില്ലെന്നുമാണ് പാർട്ടിയുടെ മറ്റൊരു വാദം. പണം പിൻവലിച്ച ശേഷം ചെലവാക്കാതെ ഓഫീസിൽ സൂക്ഷിച്ചത് തിരഞ്ഞെടുപ്പ് വേളയിൽ അനാവശ്യമായ മാദ്ധ്യമ കോലാഹലം ഉണ്ടാകരുതെന്ന് കരുതി മാത്രമാണെന്നാണ് പാർട്ടി വിശദീകരണം. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അക്കൗണ്ടാണ് തൃശൂർ ബാങ്ക് ഒഫ് ഇന്ത്യയിലുള്ളത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു പിൻവലിച്ച ഒരു കോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനെത്തിയത്. ആ സമയം ആദായനികുതി ഉദ്യോഗസ്ഥരെത്തി തുക പിടിച്ചെടുക്കുകയായിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ മൊഴി പാർട്ടി നേതൃത്വത്തിൽ നിന്ന് എഴുതിവാങ്ങി. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആദായനികുതി വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നുവെന്നാണ് പറയുന്നത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി അക്കൗണ്ടിൽ പണം അടപ്പിച്ചശേഷം രാത്രിയാണ് ജില്ലാ സെക്രട്ടറിയെ വിട്ടയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |