മമ്മൂട്ടിയും ജോജു ജോർജും വീണ്ടും ഒരുമിക്കുന്നു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന് പകരക്കാരനായാണ് ജോജു ജോർജ് എത്തുന്നത്. മേയ് 15ന് ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ കെ. ജോസ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. പട്ടാളം, ജവാൻ ഒഫ് വെള്ളിമല, ഡബിൾസ് , ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അണ്ണൻ തമ്പി, ബെസ്റ്റ് ആക്ടർ, വജ്രം, ജവാൻ ഒഫ് വെള്ളിമല തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ ജോജു ജോർജ് ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജയിൽ മമ്മൂട്ടിയോടൊപ്പം അയ്യപ്പൻ എന്ന മുഴുനീള കഥാപാത്രമായി ജോജു എത്തിയിരുന്നു. കമൽഹാസൻ - മണിരത്നം ചിത്രം തഗ് ലൈഫിൽ ജോജു ജോർജ് അഭിനയിക്കുന്നുണ്ട്. ജോജു ജോർജ് സംവിധായകന്റെ കുപ്പായം അണിയുന്ന പണി ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൽ നായകനും ജോജു തന്നെയാണ്. അതേസമയം ജിതിൻ കെ. ജോസിന്റെ ചിത്രത്തിനുശേഷം മഹേഷ് നാരായണന്റെ ചിത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ കൊച്ചിയിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. യു. കെയിലും യു എസിലും ഡൽഹിയിലും ചിത്രീകരണമുണ്ട്.
.അതേസമയം ടർബോ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. മേയ് 23ന് ടർബോ റിലീസ് ചെയ്യും. പോക്കിരി രാജാ, മധുരരാജാ എന്നീ ചിത്രങ്ങൾക്കുശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |