കൊച്ചി : കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയായ 22കാരിയെ ബലാത്സംഗത്തിനിരയാക്കിയ ആൾക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി.
അവിവാഹിതയായ യുവതി ആരിൽ നിന്ന് ഗർഭിണിയായി എന്നായിരുന്നു കൊലപാതക കേസിനൊപ്പം പൊലീസ് അന്വേഷിച്ചത്. തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാമിൽ യുവതി റീലുകൾ ചെയ്തിരുന്നു. അങ്ങനെയാണ് യുവാവുമായി ഇൻസ്റ്റാഗ്രാമിലുടെ പരിചയത്തിലായത്. യുവതിക്കും നൃത്തത്തിൽ താത്പര്യമുണ്ട്. തൃശൂർ സ്വദേശിയായ ഇയാൾ തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്നു. എന്നാൽ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നും യുവതി പൊലീസിന് മൊഴി നൽകി. യുവതിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. ആരോഗ്യനില മെച്ചപ്പെട്ടശേഷം മൊഴി വീണ്ടും രേഖപ്പെടുത്തും.
കുഞ്ഞിന്റെ മൃതദേഹം ഇൻക്വസ്റ്റിനുശേഷം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതാവെന്ന് പറയുന്നയാൾ അറസ്റ്റിലായാൽ ഡി.എൻ.എ ടെസ്റ്റ് നടത്താനായി കുഞ്ഞിന്റെ സ്പെസിമൻ ശേഖരിക്കും. കൊടുംപാതകം ചെയ്തിട്ടും ഒന്നും അറിയാത്തതുപോലെയാണ് വീട്ടിൽ യുവതി ചെലവഴിച്ചത്. മറ്റ് തെളിവുകൾ നശിപ്പിച്ചെങ്കിലും കുളിമുറിയിലെ ചോരപ്പാടുകൾ മായ്ച്ചിരുന്നില്ല.
സംഭവവുമായി ബന്ധമില്ലെന്നാണ് യുവതിയും മാതാപിതാക്കളും പൊലീസിനോട് ആദ്യം പറഞ്ഞത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച യുവതി അന്വേഷണവുമായി സഹകരിക്കാമെന്നും വനിതാ പൊലീസിനോട് തുറന്നുപറയാമെന്നും അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന്റെ സാന്നിദ്ധ്യത്തിൽ മാതാപിതാക്കൾക്കൊപ്പം ഇരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
എം.എസ്സി ബിരുദധാരിയാണ് പ്രതി. ബംഗളൂരുവിലടക്കമായിരുന്നു വിദ്യാഭ്യാസം.
ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണറോട് കമ്മിഷനുകൾ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |