ന്യൂയോർക്ക് : യു.എസിലെയും യൂറോപ്പിലെയും ഏറ്റവും ജനപ്രിയ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് ചീസ്. നിരവധി വിഭവങ്ങൾ തയാറാക്കാൻ ഉപയോഗിക്കാമെന്നതിനാൽ ഒട്ടുമിക്ക വീടുകളിലും ചീസ് കാണാം. പിസ, ബർഗർ, സാൻവിച്ച് തുടങ്ങിയവയ്ക്കൊപ്പം ചീസ് ടോപ്പിംഗ് ഒഴിവാക്കാനാകാത്ത ഘടകമാണ്. യു.എസിലെ ചീസ് പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു സംരംഭം അവതരിപ്പിച്ചിരിക്കുകയാണ് പെറിസ്റ്റഡ് ഡയറി എന്ന ചീസ് നിർമ്മാതാക്കൾ.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ചീസ് വെൻഡിംഗ് മെഷീനാണ് അത്. ഫിലാഡെൽഫിയയിലെ കെൻസിംഗ്ടണിലാണ് ഈ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. കൈയ്യിൽ ക്രെഡിറ്റ് കാർഡോ അല്ലെങ്കിൽ ഫോണിൽ ഗൂഗിൾ പേ, ആപ്പിൾ പേ പോലുള്ള സേവനങ്ങളോ ഉണ്ടെങ്കിൽ എപ്പോൾ ചെന്നാലും ഇഷ്ടമുള്ള ചീസ് ഇവിടെ നിന്ന് ലഭിക്കും. പെറിസ്റ്റഡ് ഡയറിയുടെ അന്താരാഷ്ട്ര നിലവാരത്തിലെ ചീസും ഇവിടെ ലഭിക്കും. കൂടാതെ, ജാം, പൊട്ടറ്റോ ചിപ്സ്, ബിസ്ക്കറ്റ് തുടങ്ങിയവയുമുണ്ട്.
ചുവന്ന നിറത്തിലെ വെൻഡിംഗ് മെഷീനിൽ കസ്റ്റമേഴ്സിനായി നിർദ്ദേശങ്ങളുടെ ലിസ്റ്റ് കാണാം. ഇതനുസരിച്ച് വേണം മെഷീനിൽ നിന്ന് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാൻ. ശരിക്കും എ.ടി.എം മെഷീനിൽ നിന്ന് പണമെടുക്കുന്ന പോലെ എളുപ്പമാണ് ഈ വെൻഡിംഗ് മെഷീന്റെ പ്രവർത്തനവും.
ചില പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾക്കായി വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നത് ഇതാദ്യമല്ല. പിസ മുതൽ ഐസ്ക്രീം വരെ ഇത്തരത്തിൽ ലോകത്തിന്റെ പല ഭാഗത്തും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |