SignIn
Kerala Kaumudi Online
Thursday, 18 July 2024 3.23 PM IST

കണ്ണൂരിലെ കണ്ണീർപ്പാത

accident

കണ്ണൂരിലുണ്ട് ഒരു മരണപാത. വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി - പിലാത്തറ റോഡാണ് അടിക്കടിയുണ്ടാകുന്ന വാഹനാപകടവും മരണവും കാരണം യാത്രികരുടെ പേടി സ്വപ്നമാകുന്നത്. അപകടമൊഴിഞ്ഞ ദിനങ്ങൾ ഈ പാതയിലില്ല. വലിയൊരു ദുരന്തത്തിന്റെ സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് പാതയ്ക്കിരുവശവുമുള്ള ആളുകൾ അന്തിയുറങ്ങുന്നത്. ഗ്യാസ് ടാങ്കർ ലോറികൾ നിരന്തരം സഞ്ചരിക്കുന്ന വഴിയിൽ മറ്റൊരു 'ചാല' ദുരന്തത്തിന്റെ സാദ്ധ്യതകളും തള്ളിക്കളയാനാകില്ല. 2018 നവംബർ 24നാണ് ഈ പാത തുറന്നു കൊടുത്തത്. ഒരാഴ്ചക്കുള്ളിൽ തന്നെ വാഹനാപടങ്ങളുടെ പരമ്പര ആരംഭിച്ചു. അത് ഇന്നും തുടരുന്നു.

റോഡിൽ പൊലിഞ്ഞു വീഴുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ എണ്ണം എത്രയെയെന്ന് കണക്കാക്കാനാവില്ല. അതുപോലെതന്നെ കാർ, ടെമ്പോ, ബസ്സ് എന്നിവയുടെയും അപകടങ്ങൾക്ക് കൈയ്യും കണക്കുമില്ല. മണ്ടൂരിൽ തുടക്കത്തിൽ ഉണ്ടായ ബസ്സപകടത്തിൽ അഞ്ചുപേരാണ് ഒറ്റയടിക്ക് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഗ്യാസ് സിലിണ്ടർ ലോറിയിൽ കാറിടിച്ചും അഞ്ചുപേർ മരിച്ചു. പലപ്പോഴും പാപ്പിനിശ്ശേരി, കല്യാശ്ശേരി പ്രദേശത്തെ ജനങ്ങൾ രാവിലെ ഉണരുന്നത് വാഹനാപകട ദുരന്ത വാർത്തകൾ കേട്ടാണ്. ഓരോ വർഷവും 150ലധികം പേർക്കാണ് ഈ റോഡിൽ ജീവൻ നഷ്ടമാകുന്നത്. 950 ലേറെ അപകടങ്ങളും നടന്നു.

അപകടത്തിൽപെട്ട് കൈകാലുകൾ ഒടിഞ്ഞവരും കിടപ്പിലായവരും നൂറുകണക്കിനാണ്. മതിയായ റോഡുസുരക്ഷ സംവിധാനവും ഡിവൈഡറും വേണമെന്ന ആവശ്യം ഇനിയും അധികൃതർ പരിഗണിച്ചിട്ടില്ല. ഇതിൽ പാപ്പിനിശ്ശേരിക്കും കണ്ണപുരത്തിനും ഇടയിലെ അഞ്ച് കിലോമീറ്റർ ദൂരത്തിനുള്ളിൽ മാത്രം 14 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായത്. കെ.എസ്.ടി.പി റോഡിൽ വാഹനങ്ങളുടെ അമിത വേഗത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇത്രയും കാലത്തിനുള്ളിൽ ഉണ്ടായിട്ടില്ല. അമിതവേഗം കണ്ടുപിടിക്കാൻ 40-ൽ പരം ക്യാമറകൾ കെ.എസ്.ടി.പി. റോഡിൽ സ്ഥാപിച്ചെങ്കിലും എല്ലാം തന്നെ നോക്കുകുത്തികളാണ്.

റോഡ്

ഇരുട്ടിൽ

പഴയങ്ങാടി, കണ്ണപുരം, വളപട്ടണം പൊലീസ് സ്റ്റോഷൻ പരിധിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. പയ്യന്നൂരിനും കണ്ണൂരിനുമിടയിലുള്ള യാത്രയ്ക്ക് എട്ട് കിലോമീറ്റർ ദൂരക്കുറവുള്ളതിനാൽ ദേശീയപാതയിലൂടെ പോകേണ്ട വലുതും ചെറുതുമായ മിക്ക വാഹനങ്ങളും ഇതിലൂടെയാണ് പോകുന്നത്. റോഡിന് ചില സ്ഥലങ്ങളിൽ നല്ല വീതിയുണ്ടെങ്കിൽ ചിലയിടത്ത് വീതികുറവാണ്. കയറ്റവും ഇറക്കവും വളവുകളും നികത്താതെയാണ് റോഡ് നിർമ്മിച്ചത്. ഇതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. രാത്രിയിൽ റോഡിലെ വെളിച്ചക്കുറവ് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമട്ടുണ്ടാക്കുന്നു.

പിലാത്തറ മുതൽ പാപ്പിനിശ്ശേരിയിലെ പഴയങ്ങാടി റോഡ് വരെ 146 ഓളം സൗരോർജ്ജ വിളക്കുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ 90 ശതമാനവും ആദ്യം മുതലേ കത്തുന്നില്ല. സൗരോർജ്ജ സിഗ്നലുകളിൽ പലതും പ്രവർത്തിക്കുന്നില്ല. ഈ യിനത്തിൽ ലക്ഷങ്ങളാണ് ചെലവായത്. ആവശ്യമുള്ള സ്ഥലങ്ങളിലല്ല സിഗ്നലുകൾ സ്ഥാപിച്ചത്. രണ്ടു കോടി രൂപ ചെലവഴിച്ച് സുരക്ഷാ പദ്ധതി ഒരുക്കിയിട്ടും ഫലമില്ലാതായി. ക്യാമറകളൊന്നും പ്രവർത്തിക്കുന്നില്ല. റോഡിൽ പലയിടങ്ങളിലായി വരഞ്ഞ വെള്ളവരയും കാണാനില്ല. ഡ്രൈവർമാരുടെ അമിതവേഗം അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിൽ നിറയെ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

ജീവനുകൾ

പൊലിയുന്നു


കഴിഞ്ഞ തിങ്കളാഴ്ച അഞ്ചു പേരുടെ ജീവൻ കവർന്നെടുത്ത കാർ അപകടം നാടിനെ നടുക്കി. രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ചരക്കു ലോറിയുടെ പിന്നിലിടിച്ചു നിയന്ത്രണം വിട്ട കാർ ഗ്യാസ് സിലിൻഡർ കയറ്റിയ ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പൂർണമായും ലോറിക്ക് അടിയിൽപ്പെട്ട കാർ ഏറെ നേരത്ത ശ്രമഫലമായാണ് പുറത്തെക്ക് എടുക്കാൻ കഴിഞ്ഞത്.

ലോറി പുറകോട്ടെടുത്ത് നീക്കി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മേൽപ്പാലം ഒരു

' പാലാരിവട്ടം പാലം'

പാപ്പിനിശേരി, കല്ല്യാശ്ശേരി മേൽപ്പാലങ്ങളിലും അറ്റക്കുറ്റപ്പണി ഒഴിഞ്ഞ നേരമില്ല. വിവാദ പാലാരിവട്ടം പാലമടക്കം നിർമ്മിച്ച ആർ.ഡി.എസ് കമ്പനിയാണ് പാപ്പിനിശേരി, കല്ല്യാശ്ശേരി മേൽപാലങ്ങൾ നിർമ്മിച്ചത്. പാലത്തിൽ കുഴികളും വിള്ളലും രൂപപ്പെടുന്നത് പതിവാണ്. നിരവധി അപകടങ്ങൾ ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട്. മേൽപാലം നിർമ്മാണത്തിന്റെ അപാകത ഉദ്ഘാടനം ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വ്യക്തമായിരുന്നു.

എക്‌സ്പാൻഷൻ ജോയന്റുകളിലെ വിള്ളലും വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന വലിയ ഇളക്കവും തുടക്കം മുതൽ തന്നെയുണ്ടായിരുന്നു. പരാതികൾ ശക്തമായതോടെ വിജിലൻസ് അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പാലം സന്ദർശിച്ച വിദഗ്ദ്ധരും നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ചിരുന്നു.

സുരക്ഷാ

നടപടികൾ പാളി

കെ.എസ്.ടി.പി റോഡിൽ ക്യാമറകൾ സ്ഥാപിച്ച് കോറിഡോർ സേഫ്റ്റി പദ്ധതി നടപ്പിലാക്കിയെങ്കിലും അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഈ അപകടങ്ങൾ തെളിയിക്കുന്നത്. റോഡ് അപകടരഹിത മേഖലയാക്കി മാറ്റുന്നതിന് 1.84 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ കേരള റോഡ് സേഫ്റ്റി അതോറിട്ടി നടപ്പിലാക്കിയെങ്കിലും കെ.എസ്.ടി.പി റോഡ് ഇപ്പോഴും കുരുതിക്കളം തന്നെ.
അപകടം കുറയ്ക്കാനായി സെമിനാറുകൾ അടക്കമുള്ള ബോധവത്കരണ പരിപാടികൾ നടത്തിയിട്ടുണ്ടെങ്കിലും അപകടത്തിന്റെ എണ്ണം ഒട്ടും കുറയുന്നില്ല. ഇപ്പോൾ ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഇഴഞ്ഞാണ് സഞ്ചരിക്കുന്നത്. ഇതേ വാഹനങ്ങൾ കെ.എസ്.ടി.പി. റോഡിൽ എത്തുമ്പോൾ പരമാവധി വേഗം ആർജിച്ചാണ് ഓടിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD ACCIDENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.