SignIn
Kerala Kaumudi Online
Saturday, 17 August 2024 11.52 PM IST

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ‌ദിന പ്രസംഗം

modi

സ്വാതന്ത്ര്യ‌ം ലഭിച്ച് പതിറ്റാണ്ടുകൾക്കു ശേഷവും കടുത്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന രാജ്യമാണ് നമ്മുടേത്. ഇക്കാര്യം തുറന്നു പറഞ്ഞുകൊണ്ട് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും,​ അവ പടിപടിയായി നടപ്പാക്കി ഭാവിയിലേക്ക് വൻ മുന്നേറ്റം നടത്താൻ കഴിയുകമെന്ന് പ്രത്യാശ പകരുകയും ചെയ്യുന്ന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എഴുപത്തിയെട്ടാം സ്വാതന്ത്ര്യ‌‌ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയത്.

രാജ്യത്തിനു വേണ്ടി മരിക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരായതിന്റെ പരിണിത ഫലമായാണ് നമുക്ക് സ്വാതന്ത്ര്യം‌ ലഭിച്ചതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ്,​ ഇന്ന് രാജ്യത്തിനു വേണ്ടി ജീവിക്കാൻ യുവാക്കൾ പ്രതിബദ്ധരാകേണ്ട സമയമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചത്. രാജ്യത്തിനുവേണ്ടി മരിക്കാനുള്ള പ്രതിബദ്ധത നമുക്ക് സ്വാതന്ത്ര്യം നൽകുമെങ്കിൽ,​ രാജ്യത്തിനു വേണ്ടി ജീവിക്കാനുള്ള പ്രതിബദ്ധതയിലൂടെ നമുക്ക് സമൃദ്ധഭാരതം സൃഷ്ടിക്കാനാവുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

'ചൽത്താ ഹെ" എന്ന നമ്മുടെ മനോഭാവമാണ് ആദ്യം മാറേണ്ടത്. മാറ്റം പ്രാവർത്തികമാക്കുന്നതിൽ നമ്മൾ പങ്കെടുക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. തൽസ്ഥിതിയെ വെല്ലുവിളിക്കുന്നുമില്ല. എന്നു മാത്രമല്ല കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നു കരുതി പുതിയതായി ഒന്നും ചെയ്യുന്നില്ല. ലക്ഷ്യമായതെന്തോ അതുമായി തുടരുകയും ഒന്നും സംഭവിക്കില്ലെന്ന് ജനങ്ങൾ വിശ്വസിക്കുകയും ചെയ്തുപോന്നു. ഈ മാനസികാവസ്ഥ തകർക്കണമായിരുന്നു. നാം ആ ദിശയിൽ പരിശ്രമിച്ചു. രാജ്യത്തെ സാധാരണ ജനങ്ങൾ മാറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. നമുക്ക് ഉത്തരവാദിത്വം നൽകുകയും നാം കാര്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്തു. പരിഷ്കാരങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത കരഘോഷത്തിനല്ല. നമ്മുടെ പരിഷ്കരണ പ്രക്രിയകൾ നിർബന്ധിതമല്ല, മറിച്ച് രാഷ്ട്രത്തെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്. നമ്മുടെ പരിഷ്കരണങ്ങളുടെ പാത വളർച്ചയുടെ ഒരു രൂപരേഖയായി മാറിയിട്ടുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദം നിമിത്തമല്ല ഇത് ചെയ്തതെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

പരിഷ്‌കാരങ്ങളുടെ കാര്യത്തിൽ ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ഉദാഹരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ''ബാങ്കിംഗ് മേഖലയിൽ വികസനമോ വിപുലീകരണമോ ഉണ്ടായിരുന്നില്ല. ഇത് നമ്മുടെ ബാങ്കുകളെ പ്രതിസന്ധികളിലേക്കു നയിച്ചു. ബാങ്കിംഗ് മേഖലയെ പരിഷ്‌കരിക്കുന്നതിനായി നിരവധി നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കി. അതിന്റെ ഫലമായി ഇന്ന് ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട ബാങ്കുകളിൽ നമ്മുടെ ബാങ്കുകൾ അവരുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ബാങ്കുകൾ ശക്തമാകുമ്പോൾ സമ്പദ് വ്യവസ്ഥയുടെ ശക്തി ദൃഢമാകും. ബാങ്കിംഗ് സംവിധാനം ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഏറ്റവും വലിയ ശക്തിയായി മാറുന്നു. ഭവന വായ്‌പയോ,​ വിദ്യാഭ്യാസ വായ്‌പയോ,​ ട്രാക്‌ടർ വാങ്ങാനുള്ള വായ്‌പയോ, സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള വായ്‌പയോ, വിദേശത്തേക്കു പോകാനുള്ള വായ‌്പയോ ഏതുമാകട്ടെ ബാങ്കുകൾ വഴി അത് സാദ്ധ്യമാക്കി. ദശലക്ഷക്കണക്കിന് തെരുവു കച്ചവടക്കാർ ഇപ്പോൾ ബാങ്കുകളുമായി ബന്ധപ്പെടുകയും വികസനത്തിന്റെ പാതയിൽ പങ്കാളികളാവുകയും ചെയ്യുന്നു.""

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ പരമപ്രധാനമായ കാര്യങ്ങളിലൊന്ന് 'മൈ ഭാരത്" സങ്കൽപ്പത്തെക്കുറിച്ചുള്ളതാണ്. ഈ ദൗത്യത്തിന്റെ ഭാഗമായി ഒരുലക്ഷം യുവാക്കളെ രാഷ്ട്രീയ ജീവിതത്തിലേക്ക് ജനപ്രതിനിധികളായി കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയ പശ്ചാത്തലം ഇല്ലാത്ത കുടുംബങ്ങളിലെ ഒരു ലക്ഷം യുവാക്കളെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരിക. പ്രതിഭാധനരായ ഒരുലക്ഷം യുവാക്കളെയാണ് നമുക്കാവശ്യം. കുടുംബങ്ങളിൽ രാഷ്ട്രീയ ചരിത്രമില്ലാത്ത പുതിയ യുവാക്കൾ രാഷ്ട്രീയത്തിൽ വരുന്നതോടെ ജാതീയതയിൽ നിന്നും വംശീയ രാഷ്ട്രീയത്തിൽ നിന്നും മോചിതരാകാനും,​ അതുവഴി ജനാധിപത്യത്തെ സമ്പന്നമാക്കാനും കഴിയും. അവർ ഒരു പ്രത്യേക പാർട്ടിയിൽ ചേരണമെന്നില്ല. ഇഷ്ടമുള്ള പാർട്ടിയിൽ ചേർന്ന് ജനപ്രതിനിധികളാവണം. അങ്ങനെ യുവാക്കൾ സമീപഭാവിയിൽ ഈ സംവിധാനത്തിലേക്ക് കടന്നുവന്നാൽ അത് പുതിയ ചിന്തകളിലേക്കും പുതിയ കഴിവുകളിലേക്കും രാജ്യത്തെ നയിക്കും. അതിനാൽ നാം ഈ ദിശയിലേക്ക് നീങ്ങണമെന്നാണ് പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തത്.

ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാകുന്നതിന്റെ പ്രയോജനത്തെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇപ്പോൾ മൂന്നുമാസമോ ആറുമാസമോ കൂടുമ്പോൾ രാജ്യത്ത് എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നു. അതിനാൽ ഏതൊരു പദ്ധതി പ്രഖ്യാപിക്കുമ്പോഴും അതിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയാണ് മാദ്ധ്യമങ്ങൾ കാണുന്നത്. അതിനാൽ എല്ലാ പദ്ധതികൾക്കും തിരഞ്ഞെടുപ്പിന്റെ നിറം ചാർത്തപ്പെടുന്നു. അതിനാൽ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന ആശയം ഉൾക്കൊള്ളാൻ രാജ്യം മുന്നോട്ടു വരണം. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളോടും രാജ്യത്തിന്റെ ഭരണഘടന മനസിലാക്കുന്നവരോടും ത്രിവർണ പതാക സാക്ഷിയാക്കി ചെങ്കോട്ടയിൽ നിന്ന് താൻ അഭ്യർത്ഥിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ അഭ്യർത്ഥന രാജ്യത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും ഗൗരവമായി വിലയിരുത്തി പരിഗണിക്കേണ്ട ഒന്നാണ്.

രാജ്യത്ത് ഏകീകൃത സിവിൽ കോഡിനായി വിപുലമായ ചർച്ചകൾ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഭരണഘടനാ ശില്പികളുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കുകയും വിവേചനം വളർത്തുകയും ചെയ്യുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ല. അതിനാൽ രാജ്യം ഒരു മതേതര സിവിൽ കോഡിലേക്കു നീങ്ങേണ്ട സമയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യ‌ലബ്‌ധിക്കുശേഷം ഇത്രയും വർഷങ്ങളായി നമുക്ക് കൈമോശം വന്ന എണ്ണമറ്റ തൊഴിലവസരങ്ങൾ നമ്മുടെ പടിവാതിൽക്കൽ എത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 'എന്റെ രാജ്യത്തെ ജനങ്ങൾ ഇനി പതുക്കെ നീങ്ങാൻ ആഗ്രഹിക്കുന്നില്ല. പതുക്കെ വർദ്ധിച്ചുവരുന്ന പുരോഗതിയിൽ അവർ വിശ്വസിക്കുന്നില്ല. പകരം, കുതിച്ചുചാട്ടം നടത്താനും ധീരമായ മുന്നേറ്റം നടത്തി പുതിയ നാഴികക്കല്ലുകൾ നേടാനുമുള്ള മാനസികാവസ്ഥയിലാണവർ. അതിനാൽ ഇത് ഭാരതത്തിന്റെ സുവർണ കാലഘട്ടമാണെ"ന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

നമ്മളെ ആശങ്കപ്പെടുത്തുന്ന പ്രകൃതിദുരന്തങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. 'നിരവധി ആളുകൾക്ക് അവരുടെ കുടുംബവും സ്വത്തും നഷ്ടപ്പെട്ടു. രാഷ്ട്രത്തിന് നിരവധി തവണ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികളിൽ രാജ്യം അവരോടൊപ്പം നിൽക്കു"മെന്നും അദ്ദേഹം ഉറപ്പുനൽകി. വികസിത ഭാരതം- 2047 എന്നത് പ്രസംഗിക്കാനുള്ള വിഷയമല്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിനു പിന്നിൽ വലിയ കഠിനാദ്ധ്വാനം ആവശ്യമാണ്. രാജ്യത്തെ പൗരന്മാരിൽ നിന്ന് അതിനായി എണ്ണമറ്റ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാരതത്തെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കാനാണ് ചിലർ നിർദ്ദേശിച്ചത്. രാജ്യത്തെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാനാണ് മറ്റു ചിലരുടെ നിർദ്ദേശം. നമ്മുടെ സർവകലാശാലകൾ ആഗോള പദവി കൈവരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭാരതം സ്വാശ്രയമാകണമെന്ന് നിർദ്ദേശിച്ചവരും കുറവല്ല. 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കുന്നതിന് നമ്മൾ ജനങ്ങൾ ദേശ, ഭാഷ, മത, രാഷ്ട്രീയങ്ങൾക്ക് അതീതമായി ഒന്നിച്ചു നിൽക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ രത്നച്ചുരുക്കം. രാജ്യത്തിന്റെ ഭാവി എന്നത് നമ്മുടെ ഓരോരുത്തരുടെയും വരും തലമുറയുടെയും ഭാവി കൂടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.