SignIn
Kerala Kaumudi Online
Thursday, 18 July 2024 6.43 AM IST

വേനൽ ചൂഴ്‌ന്നെടുത്ത് നിളയുടെ ജലഹൃദയം

f

പാലക്കാടൻ ഗ്രീഷ്മകാലത്തിന്റെ കാഠിന്യം 'കാലം" എന്ന നോവലിൽ എം.ടി വരച്ചിട്ടിട്ട് അഞ്ചര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആയുസ്സിൽ ഇങ്ങനെയൊരു വേനൽ ഉണ്ടായിട്ടില്ലെന്ന് സേതുവിന്റെ ചെറിയമ്മ പറഞ്ഞത് സത്യമായത് ഇപ്പോഴാണ്!

..........

നിളയുടെ ഉപാസകനായ എം.ടി 'കാല"ത്തിലൂടെ കാലത്തിനു മുമ്പേ പറഞ്ഞുവച്ച വേനലിന്റെ തീവ്രമുഖവും നിളയുടെ ഗ്രീഷ്മരൂപവും ഈ കൊടുംവേനൽ സാക്ഷാത്കരിച്ചിരിക്കുന്നു! സേതുവിന്റെ ചെറിയമ്മയുടെ വാക്കുകളും ഈ വേനൽ സത്യമാക്കിയിരിക്കുന്നു.

'പുറത്തേക്കു നോക്കിയാൽ കണ്ണു ചിന്നിപ്പോകും. കട്ട ഉടച്ചിട്ട പാടങ്ങൾക്കു മുകളിൽ തീ ആളുന്നുണ്ടെന്നു തോന്നും. അതിനുമപ്പുറത്ത് അരയാൽ വീണുകിടക്കുന്ന വെളിപ്പറമ്പിനു താഴെ വരണ്ട മണൽപ്പരപ്പിലേക്ക് ഒരു നിമിഷമേ നോക്കാനാവൂ. കണ്ണ് മഞ്ഞളിച്ചുപോവും. വിഷുവിന് മഴ പെയ്യുമെന്നു കരുതി. പെയ്തില്ല. ശെറങ്കര താലപ്പൊലി ദിവസം മഴ പതിവുണ്ട്. ഇക്കുറി അതുമുണ്ടായില്ല." സേതുവിന്റെ ചെറിയമ്മ പറയുന്നത്, തന്റെ ആയുസ്സിൽ ഇങ്ങനെയൊരു വേനൽ ഉണ്ടായിട്ടില്ലെന്നാണ്.

നിളയുടെ തീരത്തെ കൂടല്ലൂർ ഗ്രാമത്തിന്റെ പൊള്ളുന്ന വേനൽക്കാഴ്ചകളെ അക്ഷരങ്ങളിൽ വരച്ചിടുകയായിരുന്നു എം.ടി വാസുദേവൻ നായർ. കഥയിലെ വേനൽക്കാഴ്ചകളിൽ നിന്ന് കാലവും വേനലും പിന്നെയും വളർന്നു. ഉഷ്ണതരംഗമായും താപതരംഗമായും കനൽ കോരിയിടുന്ന അതിതീവ്ര വേനലായും അതു വളർന്നു. പാലക്കാടിന്റെ പടിഞ്ഞാറൻ നിളാതീര ഗ്രാമമായ കൂടല്ലൂരും അയൽപക്കമായ തൃത്താലയും പട്ടാമ്പിയും ഷൊർണൂരും ഒറ്റപ്പാലവുമൊക്കെ കഥാകാരൻ വരച്ചിട്ട വേനലിനപ്പുറം വെന്തുരുകുകയാണ്.

എം.ടി സാഹിത്യ സഞ്ചാരം നടത്തിയ നിളാതീരഭൂമിയൊക്കെ അസഹ്യമായ വേനലിന്റെ കാഠിന്യം താങ്ങാനാവാതെ വരണ്ടുണങ്ങുകയാണ്. ഭാരതപ്പുഴ തന്നെ ഒരു വരണ്ട മണൽപ്പരപ്പായി മാറിയിരിക്കുന്നു. നിളയുടെ ആത്മാവായിരുന്ന ഒഴുക്കിനെ തടകെട്ടി കിട്ടിയ ഒരല്പ ജലം പോലും കൊടുംവേനൽ വറ്റിച്ചെടുത്തിരിക്കുന്നു. തീരത്തെ മനുഷ്യരുടെ ജീവജലമായിരുന്നു ഇത്. ഒറ്റപ്പാലത്തെ തടയണയും ഷൊർണൂരിലെ തടയണയുമൊക്കെ വറ്റിവരണ്ട കാഴ്ച.
കൊയ്തെടുത്ത പാടങ്ങൾക്കു മുകളിൽ തീയാളുന്ന തരത്തിൽ വെയിൽനാളങ്ങൾ താണ്ഡവമാടുന്ന പകൽക്കാഴ്ച.

വീട്ടിലിരുന്ന് പുറത്തേക്കു നോക്കിയാലും കണ്ണ് ചിന്നിപ്പോവുന്ന വേനൽ തീവ്രത. വിഷുമഴ എന്ന വേനൽക്കിനാവും പാഴായി. എം.ടിയുടെ ശെറങ്കര താലപ്പൊലിയടക്കം മഴ പെയ്യുമെന്ന വിശ്വാസം പേറുന്ന വള്ളുവനാടൻ ഉത്സവങ്ങളും മഴയിൽ കുതിരാതെ കൊടിയിറങ്ങി. വടവൃക്ഷമായി തണൽ പരത്തി നിൽക്കുന്ന അരയാലുകൾ പോലും തല വാടി ഉണങ്ങിവീഴുന്ന കാഴ്ച. വേനലിനോട് പിടിച്ചു നില്ക്കാനാകാത്ത വിധം പാലക്കാടൻ പ്രകൃതിയും ജീവജാലങ്ങളും വാടിത്തളർന്നിരിക്കുന്നു.

എം.ടിയുടെ അക്ഷരങ്ങൾ കാലത്തിനു മുന്നേ നല്കിയ മുന്നറിയിപ്പ് ഇപ്പോൾ കൂടുതൽ സത്യമായിരിക്കുന്നു. 'നിഗൂഢതകളെ ഗർഭത്തിലൊളിപ്പിച്ച കടലിനെക്കാൾ എനിക്കിഷ്ടം ഞാനറിയുന്ന എന്റെ നിള"യെയാണ് എന്നു പറഞ്ഞ എം.ടി എന്ന ഉപാസകനു മുന്നിൽ മരുഭൂമിയായി പുഴ വേഷംമാറുന്ന വേനൽച്ചിത്രം! കൊടുംവേനലിന്റെ ഈ നിഗൂഢതയ്ക്കു പിന്നിലും കടലായിരിക്കാം...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.