തൊടുപുഴ: ഗോവ ഗവർണ്ണറുടെ സന്ദർശനത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സിവിൽ പൊലീസ് ഓഫീസർ അടിച്ച് വീഴ്ത്തി. ഞായറാഴ്ച രാവിലെ തൊടുപുഴ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ഗവർണ്ണർ കടന്ന് പോകുന്നതിന്റെ മുന്നോടിയായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ മുട്ടം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് അക്രമണം നടത്തിയത്. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. ഈ സമയം സിവിൽ പൊലീസ് ഓഫീസർ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. ഒപ്പം ജോലി ചെയ്ത മറ്റ് സഹപ്രവർത്തകർ ഉടൻ തന്നെ വനിതാ ഓഫീസറെ സ്റ്റേഷനിലെത്തിച്ചു. എന്നാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിക്കാത്തത് കൊണ്ടാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം. അതേ സമയം സംഭവത്തെക്കുറിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. യൂണീഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥയ്ക്ക് മർദ്ദനമേറ്റിട്ടും നടപടി ഉണ്ടാകാത്തതിൽ സേനാംഗങ്ങൾക്കിടയിൽ വലിയ അമർഷം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |