SignIn
Kerala Kaumudi Online
Tuesday, 18 June 2024 1.21 AM IST

ടിടിഇമാർ നിരന്തരം ആക്രമിക്കപ്പെടുന്നതിന്റെ കാരണം, സ്ഥിരം യാത്രക്കാർ പറയുന്നത്

railway

കോടികളുടെ വരുമാനമാണ് റെയിൽവേയുടെ പോക്കറ്റിലേക്ക് കേരളം എത്തിച്ചുകൊടുക്കുന്നത്. കഴിഞ്ഞ ദിവസം സതേൺ റെയിൽവേ പുറത്ത് വിട്ട പട്ടികയിൽ ആദ്യത്തെ 25 സ്ഥാനത്ത് എത്തിയവയിൽ 11 എണ്ണവും കേരളത്തിൽ നിന്നുള്ളവയാണ്. 1500 കോടിയാണ് 11 സ്റ്റേഷനുകളിൽ നിന്നായി ലഭിച്ചത്. തിരുവനന്തപുരം സെൻട്രൽ റെയിൽ സ്റ്റേഷനാണ് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന സ്റ്റേഷനും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണക്കാരുടെ യാത്രയുടെ കാര്യം അത്ര സുഖകരമല്ല. വരുമാനത്തിൽ റെക്കാർഡിട്ട് കുതിക്കുമ്പോഴും ജനങ്ങളുടെ യാത്രാ ദുരിതം അകറ്റാൻ റെയിൽവേയ്ക്ക് ഇനിയും നേരമില്ല. കടുത്തചൂടിൽ തിങ്ങി നിറഞ്ഞ് അതിനൊപ്പം അനന്തമായപിടിച്ചിടലും കൂടിയാകുമ്പോൾ ട്രെയിൻ യാത്ര അനുദിനം ദുരിത പൂർണമായിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഓടിനടന്ന് പ്രഖ്യാപനങ്ങൾ മുഴക്കുകയും വന്ദേഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയോടും ഇന്ത്യൻ റെയിൽവേയുടെ പേരും പെരുമയും ട്വിറ്ററിൽ വിളമ്പുന്ന റെയിൽവേ മന്ത്രിയോടും യാത്രക്കാർക്കു പറയാൻ ഒന്നേയുള്ളൂ ഇനിയെങ്കിലും കണ്ണ് തുറന്നു കാണണം ഞങ്ങളുടെ ദുരിതം യാത്ര.

പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വെട്ടിക്കുറച്ചതും വന്ദേഭാരത് ട്രെയിനുകൾക്കായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതും കോച്ചുകൾ വെട്ടിക്കുറച്ചതും രണ്ട് ട്രെയിനുകൾ തമ്മിലുള്ള ഇടവേളയും മലബാറിലെ യാത്രക്കാർക്ക് സമ്മാനിക്കുന്നത് ഇരട്ടി പ്രഹരമാണ്. അൺ റിസർവ് കംപാർട്ടുമെന്റിലെ യാത്രക്കാരാണ് രാവും പകലുമില്ലാതെ വെന്തുരുകി യാത്ര ചെയ്യുന്നത്. വന്ദേഭാരതിന് കടന്നുപോകാനായി പാസഞ്ചർ ട്രെയിനുകൾ പലയിടത്തും പിടിച്ചിടുന്നതും യാത്രക്കാർക്ക് പരീക്ഷണമായി മാറുകയാണ്. പാസഞ്ചർ ട്രെയിനുകളുടെയും എക്‌സിക്യുട്ടീവ് ട്രെയിനുകളും മാത്രമാണ് സാധാരണ യാത്രക്കാർക്ക് ആശ്രയിക്കാനുള്ളത്. എന്നാൽ പലപ്പോഴും ഇതിൽ കയറിപ്പറ്റാൻ സാധിക്കില്ല. എറണാകുളത്ത് നിന്ന് ഉച്ചകഴിഞ്ഞ് കോഴിക്കോട്ടേക്ക് ട്രെയിൻ കിട്ടാൻ മൂന്നു മണിക്കൂറോളം കാത്തിരിക്കണം.

എക്‌സപ്രസുകളിൽ രണ്ടോ മൂന്നോ ബോഗികൾ മാത്രമാണ് അൺ റിസർവ്ഡായി ഉണ്ടാവുക. അതിൽ കയറി പറ്റാൻ ചില്ലറ അഭ്യാസമൊന്നും മതിയാവില്ല. ഗത്യന്തരമില്ലാതെ സെക്കന്റ് ക്ലാസ് റിസർവ്ഡ് കോച്ചിൽ കയറിപ്പോയാൽ ആയിരം രൂപ വരെ ഫൈൻ ഈടാക്കുകയും ചെയ്യും. എത്ര നേരത്തെ ഓടിക്കയറിയാലും കാല് കുത്താൻ ഇടമുണ്ടാകില്ല. പിന്നെ വാതിലിൽ തൂങ്ങിയും ശ്വാസമടക്കിപ്പിടിച്ചും തിക്കി തിരക്കി നിന്ന് വേണം യാത്ര ചെയ്യാൻ. ട്രെയിൻ കുറച്ചു ദൂരം മുന്നോട്ട് നീങ്ങി പല ഇടങ്ങളിലായി പിടിച്ചിടുന്നത് യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിപ്പിക്കുകയാണ്. തിങ്ങിഞെരുങ്ങി ജനറൽ കോച്ചിൽ ഏറെനേരം സമയം ചെലവഴിക്കുന്നതിനാൽ പലരും അവശരായി തളർന്ന് വീഴുന്നത് പതിവ് കാഴ്ചയായി മാറി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ കണ്ണൂർ ഭാഗത്തുള്ള നാല് യാത്രക്കാരാണ് കുഴഞ്ഞുവീണത്. തിങ്ങി നിറഞ്ഞ് ജനറൽ കോച്ചിൽ നിന്നും താഴെ വീണുണ്ടാകുന്ന മരണങ്ങളും കൂടുകയാണ്. ട്രെയിനിൽ നിന്ന് വീണു പരുക്കേറ്റവരും നിരവധി. ടി.ടി.ഇമാർ ആക്രമിക്കപ്പെടുന്നതിന്റെ കാരണവും, ആരുമറിയാതെ ജനറൽ കംപാർട്ട്മെന്റുകളിൽ നിന്നും യാത്രക്കാർ വീണു മരിക്കുന്നതിന്റെയും പരുക്കേൽക്കുന്നതിന്റെയും കാരണവും ജനറൽ കംപാർട്ട്മെന്റുകൾ വെട്ടിക്കുറച്ച റെയിൽവേയുടെ നടപടിയാണെന്നണ് യാത്രക്കാർ പറയുന്നത്. മതിയായ ജനറൽ കോച്ചുകൾ ഇല്ലാത്തതിനാലും യാത്രാ ആവശ്യങ്ങൾ അടിയന്തരമായതിനാലും ഫെെൻ നൽകിയെങ്കിലും റിസർവേഷൻ കോച്ചുകളിൽ കയറുകയല്ലാതെ മറ്റു പോം വഴിയില്ലെന്നാണ് ചില യാത്രക്കാരും പറയുന്നു.

ഇതോടെ റിസർവേഷൻ കമ്പാർട്ട്മെന്റുകളിൽ ജനറൽ കംപാർട്ട്മെന്റുകളിലേക്കാൾ തിരക്കാണ്. സീറ്രുകൾ റിസർവ് ചെയ്ത യാത്രക്കാരാവട്ടെ നിന്നും യാത്ര ചെയ്യുന്നു. വന്ദേഭാരതിന് കടന്നുപോകാൻ മറ്റ് ട്രെയിനുകൾ അറിയിപ്പില്ലാതെ മണിക്കൂറുകളോളം പിടിച്ചിടലും തുടങ്ങിയതോടെ പാസഞ്ചർ,​ ലോക്കൽ ട്രെയിനുകളിലെ യാത്രാ ദുരിതം പതി മടങ്ങാണ് കൂടിയത്. കോഴിക്കോട് നിന്ന് കണ്ണൂർ,​ കാസർകോട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്. കേന്ദ്ര സർക്കാർ കേരളത്തിന് രണ്ട് വന്ദേഭാരത് അനുവദിച്ചെങ്കിലും യാത്രാ ദുരിതത്തിന് കുറവൊന്നും വന്നിട്ടില്ല.

എല്ലാ ദിവസവും മംഗളൂരു-നാഗർകോവിൽ പരശുരാം എക്സ്പ്രസിലുള്ള യാത്ര സ്ഥിരം യാത്രക്കാർക്ക് അഗ്നിപരീക്ഷയാണ്. കാലു കുത്താൻ ഇടമുണ്ടാകില്ല. പരശുറാമിലെ തിക്കിലും തിരക്കിലും പെട്ട് യാത്രക്കാർ കുഴഞ്ഞു വീഴുന്നതും നിത്യം സംഭവം. വൈകീട്ട് 6.15നുള്ള കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസ് പോയാൽ പിന്നെ കണ്ണൂർ ഭാഗത്തേക്ക് വണ്ടിയുള്ളത് രാത്രി 9.32നുള്ള എക്‌സിക്യുട്ടീവ് എക്സ്‌പ്രസാണ്. വന്ദേഭാരത് വന്നതോടെ ഈ വണ്ടി പിടിച്ചിടുന്നത് പതിവായതോടെ എക്‌സിക്യുട്ടീവ് എക്സ്‌പ്രസ് കോഴിക്കോട്ടെത്തുക ഒന്നും രണ്ടും മണിക്കൂർ വൈകിയാണ്. 6.10ന് കോഴിക്കോടെത്തുന്ന നേത്രാവതി എക്‌സ്പ്രസിന് ആകെ രണ്ട് ജനറൽ കമ്പാർട്ട്‌മെന്റുള്ളതും നിത്യേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുകയാണ്.

ചുരുക്കത്തിൽ കേരളത്തിലൂടെ ഓടുന്ന പ്രധാനപ്പെട്ട ട്രെയിനുകളിലെയെല്ലാം യാത്ര ദുരിതം നിറഞ്ഞതാണ്. യാത്രക്കാർ അനുഭവിക്കുന്ന പ്രയാസം റെയിൽവേ കണ്ടില്ലെന്നു നടിക്കുന്നത് വലിയ പ്രതിഷേധത്തിനു കാരണമാകുന്നുണ്ട്. സാധാരണക്കാർ ആശ്രയിക്കുന്ന റെയിൽവേ മിനിമം സൗകര്യങ്ങൾപോലും ഏർപ്പെടുത്താതെയാണ് കൂടുതൽ വന്ദേഭാരത് ട്രെയിനുകളും പ്രീമിയം ട്രെയിനുകളും എസി കോച്ചുകളും കൂട്ടാനുള്ള നീക്കങ്ങൾ നടത്തുന്നത്. പക്ഷേ സർക്കാർ സാമ്പത്തിക ലാഭത്തിനായി നെട്ടോട്ടമോടുമ്പോൾ ദുരിതം അനുഭവിക്കുന്നത് സാധാരണ യാത്രക്കാരാണ്. എടുക്കുന്ന ടിക്കറ്റിന് ജനറൽ കംപാർട്ട്മെന്റിലെങ്കിലും മാന്യമായ യാത്ര ഉറപ്പാക്കേണ്ടിയിരുക്കുന്നു. ഇനിയെങ്കിലും സർക്കാർ കണ്ണ് തുറന്ന് യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്.

യാത്രക്കാരുടെ ആവശ്യങ്ങൾ

1. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് പുതിയ വണ്ടികൾ

2. കൂടുതൽ മെമു സർവീസ്

3. കൂടുതൽ ബോഗികൾ

4. സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുക

5. കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിലെ കോച്ചുകൾ 16 ആക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRAIN, RAILWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.