ന്യൂഡൽഹി: 1947ലെ വിഭജനത്തിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകാത്തതിനാണ് ഇപ്പോൾ അവരെ ശിക്ഷിക്കുന്നതെന്ന് പ്രസ്താവിച്ച് സാമാജ്‍വാദി പാർട്ടി നേതാവ് അസം ഖാൻ. എന്ത് കൊണ്ടാണ് ഇന്ത്യയിലെ മുസ്‌ലീങ്ങളുടെ പിന്മുറക്കാർ പാകിസ്ഥാനിലേക്ക് പോകാതിരുന്നതെന്നും, അതാണ് തങ്ങൾ ചെയ്ത തെറ്റെന്നും ആസാം ഖാൻ പറയുന്നു. ഇന്ത്യയിൽ, മുസ്ലീങ്ങൾക്ക് സമാധാനത്തോടെയും അന്തസോടെയും ജീവിക്കാൻ സാധിക്കുന്നില്ലെന്നും അസം ഖാൻ ചൂണ്ടിക്കാട്ടി.
'എന്താണ് ഞങ്ങളുടെ പിന്മുറക്കാർ പാകിസ്ഥാനിലേക്ക് പോകാതിരുന്നത്? ഇന്ത്യ തങ്ങളുടെ രാജ്യമാണെന്ന് അവർ കരുതി. അതാണ് ഞങ്ങൾ ചെയ്ത തെറ്റ്. മൗലാന ആസാദ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേലും ബാപ്പു(മഹാത്മാ ഗാന്ധി) പോലും മുസ്ലീങ്ങളോട് പാകിസ്ഥാനിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നു. 1947 മുതൽ വളരെ വൃത്തികെട്ട ജീവിതമാണ് ഞങ്ങൾ നയിക്കുന്നത്. ഞങ്ങൾക്ക് അതിൽ അങ്ങേയറ്റം നാണക്കേടുമുണ്ട്.' അസം ഖാൻ പറഞ്ഞു.
ഉത്തർ പ്രദേശിലെ ബി.ജെ.പി സർക്കാർ തനിക്കെതിരെ വ്യാജ ഭൂമിയിടപാട് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും, ബി.ജെ.പി നേതാവും, ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ എതിർ സ്ഥാനാർത്ഥിയുമായിരുന്ന ജയപ്രദയെ താൻ പരാജയപ്പെടുത്തിയതിന്റെ പ്രതികാരമായാണ് സർക്കാർ ഇത് ചെയ്യുന്നതെന്നും അസം ഖാൻ കുറ്റപ്പെടുത്തി. ഇതിന് മുൻപും ഏതാനും പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ അസം ഖാൻ വിവാദത്തിൽ പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് തന്റെ എതിർ സ്ഥാനാർത്ഥി ജയപ്രദ കാക്കി നിറമുള്ള അടിവസ്ത്രമാണ് ധരിച്ചിരിക്കുന്നതെന്ന് അസം ഖാൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |