തിരുവനന്തപുരം: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു. ആദ്യം കേസന്വേഷിച്ച ഇൻസ്‌പെക്‌ടർക്ക് വീഴ്‌ച പറ്റിയെന്ന കണ്ടെത്തിലിന് തൊട്ടുപിന്നാലെയാണ് രാജ്‌ഭവന്റെ ഇടപെടൽ.
'ഇന്നലെയാണ് സംഭവം അറിഞ്ഞത്. ഉടൻതന്നെ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടാനുള്ള നിർദേശം നൽകി. നിർഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. പറയാൻ തന്നെ തോന്നുന്നില്ല. ഇത്രയും മനുഷ്യത്വരഹിതമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നത്.' - ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അതേസമയം, തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് രാഹുൽ പി ഗോപാൽ സമൂഹമാദ്ധ്യമത്തിൽ ലൈവിൽ വന്ന് സംസാരിച്ചിരുന്നു. 'എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോൾ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ് ഞാനിപ്പോൾ. നാട്ടിൽ നിൽക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പിന്നെ അത്യാവശ്യം ഭീഷണിയും ഉണ്ടായിരുന്നു. കൊണ്ടോട്ടിയിലൊക്കെ ആൾക്കാരുണ്ട് നിന്നെ കാണിച്ചുതരാമെന്നാണ് അവളുടെ ചേട്ടനൊക്കെ ഭീഷണിപ്പെടുത്തിയത്. അങ്ങനെയുള്ള കൈക്രിയകൾക്ക് നിന്നുകൊടുക്കാൻ താത്‌പര്യമില്ലായിരുന്നു.
നിങ്ങൾ എല്ലാവരും ആസ്വദിക്കുന്നത് എന്റെ ജീവിതമാണ്. പത്തുമുപ്പത് കൊല്ലം കൊണ്ട് ഞാൻ കെട്ടിപ്പടുത്ത എന്റെ ജീവിതമാണ് എല്ലാവരും ആസ്വദിക്കുന്നത്. അവളെ തല്ലിയെന്നുള്ള തെറ്റ് ഞാൻ ചെയ്തു. അതിന് എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറായിരുന്നു. എന്നാലത് ഒരിക്കലും സ്ത്രീധനം ചോദിച്ചോ കാർ ചോദിച്ചോ കൊണ്ടായിരുന്നില്ല. ജർമ്മനിയിൽ ജോലി ചെയ്യുന്ന എനിക്കെന്തിനാണ് നാട്ടിലൊരു കാർ? സ്വന്തമായുണ്ടായിരുന്ന ബൈക്ക് വിറ്റാണ് ഞാൻ തിരിച്ച് ഇങ്ങോട്ടേയ്ക്ക് വന്നത്.
എന്റെ വീട്ടിലാർക്കും ഡ്രൈവിംഗ് അറിയില്ല. പിന്നെ അവിടെയൊരു കാർ കൊണ്ടിട്ടിട്ട് എന്താ കാര്യം. കോമൺ സെൻസ് ഇല്ലാത്ത കുറേ ആരോപണങ്ങൾ ആണ് എനിക്കെതിരെ ഉന്നയിക്കുന്നത്. നിങ്ങളുടെ മോളെ തല്ലിയെന്നത് സത്യമാണ്,അത് എവിടെ വേണമെങ്കിലും അംഗീകരിക്കാം, പക്ഷേ സ്ത്രീധനം ചോദിച്ചുവെന്നൊക്കെ പറയുന്നത് എന്താണ് ', രാഹുൽ ലൈവിൽ ചോദിച്ചു.
കർണാടകയിലാണ് രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയത്. കോഴിക്കോട് നിന്ന് റോഡുമാർഗം ബംഗളൂരുവിലെത്തിയ പ്രതി അവിടെ നിന്ന് സിങ്കപ്പൂരിലേക്ക് കടന്നതായാണ് സംശയം. എന്നാൽ, ഇത് സംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |