SignIn
Kerala Kaumudi Online
Tuesday, 17 September 2024 9.06 AM IST

നാടിനെ രോഗങ്ങൾ കീഴടക്കുന്നോ?​

Increase Font Size Decrease Font Size Print Page
fever

രോഗങ്ങളില്ലാത്ത അവസ്ഥയാണ് ആരോഗ്യം. അതായത്,​ അരോഗാവസ്ഥ. അങ്ങനെയെങ്കിൽ,​ കേരളത്തിന്റെ ആരോഗ്യരംഗം ഇപ്പോൾ പൂർണാരോഗ്യത്തിന്റെ അവസ്ഥയിലാണെന്ന് പറയാനാകില്ല. കാരണം,​ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ പല വിധ പകർച്ചവ്യാധികളും മാരകരോഗങ്ങളും ഭീഷണി മുഴക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വെസ്റ്റ്നൈൽ പനി,​ മഞ്ഞപ്പിത്തം,​ ഡെങ്കിപ്പനി,​ അമീബിക് മസ്തിഷ്കജ്വരം തുടങ്ങി,​ പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾ ബാധിച്ച് ആശുപത്രികളിൽ കഴിയുന്നവർ നിരവധിയാണ്. കോഴിക്കോട്,​ മലപ്പുറം,​ പാലക്കാട്,​ തൃശൂർ ജില്ലകളിലാണ് രോഗസാന്നിദ്ധ്യം കൂടുതൽ. ഇവയെക്കൂടാതെ വൈറൽ പനികൾ,​ വയറിളക്കം,​ കണ്ണുദീനം തുടങ്ങി വേനൽക്കാലം മഴക്കാലത്തിന് വഴിമാറുമ്പോൾ പതിവായ,​ അപകടകാരികളല്ലാത്ത സാധാരണ രോഗങ്ങളും വ്യാപകമായുണ്ട്. ഇതൊക്കെ എല്ലാ വർഷവുമുള്ളതല്ലേ എന്ന നിസാരവത്കരണം പാടില്ല. കാരണം,​ പല രോഗങ്ങളും വർഷംചെല്ലുന്തോറും കൂടുതൽ അപകടകാരികളാകുന്നതാണ് അനുഭവം.

ഡെങ്കിപ്പനി മാരകമാകുന്നത് അതു മൂലം രക്തത്തിലെ പ്ളേറ്റ്ലെറ്റുകൾ അപകടകരമാംവിധം കുറയാൻ ഇടവരുത്തുന്നതാണ്. ഇങ്ങനെ പ്ളേറ്റ്ലെറ്റുകൾ കുറയുന്നതിന്റെ വേഗം അമ്പരപ്പിക്കുംവിധം കൂടിയതാണ് ഇത്തവണ ഡെങ്കി കേസുകളിൽ പ്രത്യക്ഷമായ പ്രധാന വ്യത്യാസം. പ്ളേറ്റ്ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കാനുള്ള മരുന്നുകളും മറ്റും പ്രയോഗിക്കാൻ അവസരം ലഭിക്കുന്നതിനു മുമ്പേ രോഗി അപകടാവസ്ഥയിലായിക്കഴിഞ്ഞിരിക്കും. മലപ്പുറത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച അമീബിക് മെനിഞ്ചൈറ്രിസ് അതീവഗുരുതരമായ രോഗമാണ്. അഞ്ചു കുട്ടികൾ ഈ രോഗം സംശയിക്കപ്പെട്ട് ആശുപത്രിയിലുണ്ടായിരുന്നെങ്കിലും,​ അതിൽ നാലു പേരുടേത് അമീബിക് മെനിഞ്ചൈറ്റിസ് അല്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ട ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണു താനും. ഒരാൾക്കേ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എങ്കിലും,​ രോഗാണുബാധയുള്ള പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കുന്നതിലൂടെ ബാധിക്കുന്ന അസുഖം ആർക്കും വരാം. അതിനുള്ള മരുന്നാകട്ടെ,​ സംസ്ഥാനത്ത് ലഭ്യമല്ല താനും!

വെസ്റ്റ്നൈൽ പനിയാകട്ടെ,​ കൊതുകുജന്യ രോഗമാണ്. വേനൽമഴ തുടരുകയും വർഷകാലം വരാനിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കാത്തിരിക്കുന്നത് കൊതുകു സീസൺ ആണ്. ഡെങ്കി മുതൽ ചിക്കുൻഗുനിയയും മലേറിയയും സിക്കയും മഞ്ഞപ്പനിയും തൊട്ട് കൊതുകുകൾ വരുത്തുന്ന വ്യാധികൾ നിരവധിയുണ്ട്. നാട്ടിലാകെ വെള്ളക്കെട്ടുകൾ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന സമയമായതുകൊണ്ട് കൊതുകുകളുടെ പ്രജനനത്തിന് സൗകര്യം കൂടും. വെള്ളം കെട്ടിനില്ക്കാൻ അനുവദിക്കാതിരിക്കുകയും, കൊതുകുകൾക്ക് മുട്ടയിട്ടു പെരുകാനുള്ള സാഹചര്യങ്ങൾ തടയുകയും, മാലിന്യനിർമ്മാർജ്ജനം ഊർജ്ജിതമാക്കുകയുമൊക്കെയാണ് ഇവയ്ക്കെതിരെ സ്വീകരിക്കാവുന്ന പ്രതിരോധ മാർഗങ്ങൾ. പക്ഷേ, ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ നമ്മൾ എത്ര പിന്നാക്കം നില്ക്കുന്നുവെന്ന് ചിന്തിച്ചാൽ മതി, കൺമുന്നിലുള്ള അപകടത്തിന്റെ വ്യാപ്തി മനസിലാകാൻ.

ഇപ്പറഞ്ഞ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുള്ള ജാഗ്രതയും പൊതുജന ബോധവത്കരണവും പ്രതിരോധവുമൊക്കെ ആരോഗ്യവകുപ്പ് കൂടുതൽ ശക്തമാക്കേണ്ട സമയമാണിത്. വർഷകാലം പിറക്കുന്നതോടെ മഴക്കാലരോഗങ്ങളുടെ വരവാകും. നിലവിൽത്തന്നെ പലവിധ രോഗങ്ങൾകൊണ്ട് നിറഞ്ഞ ആശുപത്രികളുടെ അവസ്ഥ അപ്പോൾ പരമദയനീയമാകും. പല രോഗങ്ങളുടെ ചികിത്സയ്ക്കുമുള്ള മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് കരുതലില്ലെന്ന അവസ്ഥ കൂടിയുണ്ടെങ്കിലോ?​ കൂടിയാലോചനകളും ഉദ്യോഗസ്ഥതല യോഗങ്ങളുമൊക്കെ നല്ലതു തന്നെ. നടക്കേണ്ട കാര്യങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നതാണ് പ്രധാനം. വകുപ്പുകൾ പരസ്പരം പഴിചാരി വൃഥാ സമയംകളയാതെ വർഷകാലത്തിനു മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കുകയും,​ അവശ്യമരുന്നുകളുടെ കരുതൽ ശേഖരം ഉറപ്പാക്കുകയും ചെയ്യുകയാണ് ഇപ്പോൾ വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.