സൈപ്രസ്: തന്നേക്കാൾ പ്രായത്തിൽ കുറഞ്ഞവരുൾപ്പെടെയുള്ള 12 പേർ ചേർന്ന് മണിക്കൂറുകളോളം ഹോട്ടൽ മുറിയിൽ വച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത് വെളിപ്പെടുത്തി പന്തൊമ്പതുകാരി രംഗത്തെത്തി. ബ്രിട്ടീഷ് പൗരയായ തന്നെ ഇസ്രായേലികളായ 12 യുവാക്കൾ ചേർന്ന് സൈപ്രസിലെ ഒരു ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത 12പേരെയും കസ്‌റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ സൈപ്രസിലെ കോടതി ഉത്തരവിട്ടു. പ്രതികളിൽ പ്രായപൂർത്തിയാവാത്ത ചിലരും ഉൾപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സൈപ്രസിലെ ഇസ്രായേലി എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ച സൈപ്രിയോട്ട് ഹോട്ടലിൽ വച്ചാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. പ്രതികളിൽ ഒരാൾ തന്റെ റൂമിലേക്കെത്തി തന്നെ തള്ളിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ടും ഓരോരുത്തരായി വന്ന് തന്നെ പീഡിപ്പിച്ചു. രാത്രി ഒരു മണി വരെ തനിക്ക് ഓർമയുണ്ടായിരുന്നു. പിന്നീട് നടന്നതൊന്നും ഓർമയില്ല. തന്നെ പീഡിപ്പിച്ചവരിൽ ചിലർ ഗർഭ നിരോധന ഉറകൾ ഉപയോഗിച്ചിരുന്നു. ചിലർ ഇതില്ലാതെയും വന്നു. കൂട്ടത്തിൽ തന്റെ സുഹൃത്തുക്കളുണ്ടോ എന്ന കാര്യം പോലും ഓർമയില്ല. പ്രതികൾ 16നും 19നും ഇടയിലുള്ളവരാണ്. ഓർമ തെളിയുമ്പോൾ താൻ എഴുന്നേൽക്കാൻ പോലും കഴിയാത്ത രീതിയിൽ അവശയായിരുന്നു. പിന്നീട് ചില സുഹൃത്തുക്കളാണ് അർദ്ധനഗ്‌നയായ അവസ്ഥയിൽ തന്നെ ആശുപത്രിയിലെത്തിച്ചതെന്നും ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പെൺകുട്ടി വ്യക്തമാക്കി. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായി ഇവരെ ചികിത്സിച്ച ഡോക്‌ടറും വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംഘത്തിലെ ചിലർ മാത്രമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും മറ്റുള്ളവർ ഈ രംഗം മൊബൈലിൽ ചിത്രീകരിച്ചെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികളുടെ മൊബൈലിൽ നിന്നും ഈ ദൃശ്യങ്ങൾ കണ്ടെടുത്തതായും വിവരമുണ്ട്. ഇപ്പോൾ അറസ്‌റ്റിലായവരിൽ എത്രപേർ കുറ്റകൃത്യത്തിൽ പ്രതികളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനും പ്രതികരിച്ചു. പെൺകുട്ടിക്ക് പ്രതികളിൽ ഒരാളുമായി പ്രണയബന്ധമുണ്ടായിരുന്നതായും അഭിഭാഷകൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |