SignIn
Kerala Kaumudi Online
Monday, 10 June 2024 10.42 AM IST

സുരക്ഷിതമല്ലാത്ത ഭക്ഷ്യസുരക്ഷ

food

പുതിയ കാലത്തിന്റെ പ്രത്യേക രീതികളിൽ ഒന്നാണ് പുറത്തുപോയും ഓർഡർ ചെയ്തും കുടുംബമായി ഭക്ഷണം കഴിക്കുക എന്നത്. പുതിയ തലമുറയാകട്ടെ അതിൽ ഏറെ മുന്നോട്ടാണ്. പണ്ട് വല്ലപ്പോഴുമായിരുന്ന ഹോട്ടൽ ഭക്ഷണമെങ്കിൽ ഇപ്പോൾ ആഴ്ചയിൽ പലവട്ടം എന്നതിലേക്ക് മാറിയിരിക്കുന്നു. അടുക്കളയിൽ പെരുമാറാനുള്ള മടിയും പുറത്തെ ഭക്ഷണത്തിന്റെ വ്യത്യസ്തതയും പ്രത്യേക രുചിയുമൊക്കെ ഈ പ്രവണത കൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ എവിടെയും കൂണുകൾ പോലെ ഹോട്ടലുകളും റസ്റ്റാറന്റുകളും ലഘുഭക്ഷണശാലകളും മറ്റും മുളച്ചുവരുന്നതിന്റെ കാരണവും ആവശ്യക്കാർ കൂടി എന്നതല്ലാതെ മറ്റൊന്നല്ല. ഈ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ കാര്യക്ഷമതയോടെയും മികവോടെയും പ്രവർത്തിക്കേണ്ടതാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. എന്നാൽ ഈ വകുപ്പിന്റെ പ്രവർത്തനത്തെച്ചൊല്ലി പല പരാതികളും ജനങ്ങൾ പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആരെങ്കിലും ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരണമടയുന്ന സംഭവമുണ്ടായാൽ ഈ വകുപ്പ് സടകുടഞ്ഞ് എഴുന്നേൽക്കും. പിന്നീട് ഒരു മാസത്തേക്ക് വലിയ പരിശോധനയും ഹോട്ടൽ അടപ്പിക്കലും പിഴയിടീലും ഒക്കെയാണ്. പിന്നീട് എല്ലാം പഴയ മട്ടാകും. കൈക്കൂലി വാഴുന്ന ഒരു സർക്കാർ വകുപ്പ് കൂടിയാണിത്. ജനങ്ങൾ ഈ വകുപ്പിനെക്കുറിച്ച് ഉന്നയിച്ചിരുന്ന ആക്ഷേപങ്ങൾ ഏറെക്കുറെ ശരിയാണെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ തെളിഞ്ഞിരിക്കുന്നു. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിലും 67 ഭക്ഷ്യസുരക്ഷാ ഓഫീസുകളിലും വിജിലൻസ് നടത്തിയ റെയ്‌ഡിൽ വ്യാപകമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 12 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ഭക്ഷ്യ ഉത‌്‌പാദകർക്ക് നിയമപ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകേണ്ടത് ലൈസൻസാണെങ്കിലും,​ ചെറുകിടക്കാർക്കുള്ള രജിസ്ട്രേഷനാണ് പലയിടത്തും നൽകിയിരിക്കുന്നത്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഹോട്ടലുടമകളും തമ്മിലുള്ള ഈ ഒത്തുകളി കാരണം സർക്കാരിന് ഫീസ് ഇനത്തിലും മറ്റും വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെറുകിടക്കാർക്ക് സർക്കാർ നൽകുന്ന സൗജന്യ പരിശീലനം വൻകിടക്കാരുടെ തൊഴിലാളികൾക്കാണ് കൂടുതലും നൽകിയിരിക്കുന്നത്. തൊടുപുഴ ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസിലെ അറ്റൻഡന്റ് അവിടങ്ങളിലെ ഹോട്ടൽ, റിസോർട്ട് ഉടമകളിൽ നിന്ന് ഗൂഗിൾ പേ വഴി പണം സ്വീകരിക്കുന്നതായും കണ്ടെത്തി. ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന സാംപിളുകളുടെ പരിശോധനാഫലം വരുമ്പോൾ സുരക്ഷിതമല്ലാത്തതിനും നിലവാരം കുറഞ്ഞതിനും മറ്റും പിഴ ഈടാക്കണമെന്നാണ് നിയമം. പക്ഷേ പലയിടത്തും പിഴ ഈടാക്കുന്നില്ലെന്നും കണ്ടെത്തി. ഹോട്ടലുടമകളെ ശിക്ഷയിൽ നിന്ന് രക്ഷിക്കാനായി ഫയലുകൾ ചവിട്ടിപ്പിടിക്കുന്നതും ചില ഓഫീസുകളിൽ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഓഫീസുകളിലും നെടുമങ്ങാട്, കുറവിലങ്ങാട്, മഞ്ചേരി, കൽപ്പറ്റ, മാനന്തവാടി, ഇരിക്കൂർ, തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ, ഉദുമ എന്നീ ഭക്ഷ്യസുരക്ഷാ സർക്കിൾ ഓഫീസുകളിലുമാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്. പല ഹോട്ടലുകളും കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കിയിട്ടില്ല. എറണാകുളം അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫീസിൽ കേടായ ഫ്രിഡ്‌ജിലാണ് സാംപിളുകൾ സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്ക് എത്തിയ സമയത്ത് റാന്നിയിലെ ഭക്ഷ്യസുരക്ഷാ ഓഫീസ് തുറന്നിട്ടുപോലുമില്ലായിരുന്നു. മിക്ക സ്ഥലത്തും ക്വാട്ട പ്രകാരമുള്ള സാംപിളുകൾ ശേഖരിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് സമർപ്പിക്കുന്ന ക്രമക്കേടുകളുടെ വിശദമായ റിപ്പോർട്ടിന്മേൽ കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചില്ലെങ്കിൽ പരിശോധനകൾ കൊണ്ടൊന്നും യാതൊരു ഫലവും ഉണ്ടാകില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.