SignIn
Kerala Kaumudi Online
Thursday, 18 July 2024 6.34 AM IST

ലഹരി മാഫിയയെ അമർച്ച ചെയ്യണം

gunda

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഇനി അധികം ദിവസങ്ങൾ ഇല്ലാതിരിക്കെ കാമ്പസുകളെ ചുറ്റിപ്പറ്റിയുള്ള ലഹരി മാഫിയയുടെ പ്രവർത്തനം നേരിടാൻ ഫലപ്രദമായ നടപടികൾ മുൻകൂട്ടി ആവിഷ്കരിക്കാത്തത് രക്ഷിതാക്കൾക്കു മാത്രമല്ല,​ സമൂഹത്തിനാകെ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. പഠിക്കാനെത്തുന്ന വിദ്യാർത്ഥികളെ ആൺ- പെൺ വ്യത്യാസമില്ലാതെ ലഹരി വലയിൽ വീഴ്ത്തുന്ന മാഫിയയുടെ ആസൂത്രിത നീക്കങ്ങൾ പൊലീസിനോ എക്സൈസ് വിഭാഗത്തിനോ അറിയാത്തതല്ല. കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ അഴിഞ്ഞാട്ടം നടത്തുന്ന ഗുണ്ടാ സംഘങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ലഹരി ഉത്പന്നങ്ങളുടെ കച്ചവടം. അപ്പോൾ ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിലൂടെ ഗുണ്ടാ സംഘങ്ങളുടെ അടിവേരുതന്നെ പിഴുതെറിയാനും കഴിയും. പക്ഷെ,​ അതിനു തക്കവണ്ണം പൊലീസ്- എക്സൈസ് വിഭാഗങ്ങൾ സജ്ജമാണോയെന്ന് സംശയമാണ്.

നേരിട്ടു കൈമാറാൻ പ്രയാസമുള്ളപ്പോൾ ഓൺലൈനിലൂടെ ഓർഡർ സ്വീകരിച്ച് ലഹരി വിഭവങ്ങൾ വിറ്റഴിക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് സജ്ജമാണെന്ന് കഴിഞ്ഞദിവസം ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമൂഹം ചിന്തിക്കുന്നതിനേക്കാൾ ഭീതിദമാണ് ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ. ഏറ്റവും സ്വാധീനിക്കപ്പെടുന്ന പ്രായത്തിൽ കുട്ടികളെ ലഹരി കൊടുത്ത് തങ്ങളുടെ ദൂഷിതവലയിലാക്കുകയും,​ തുടർന്ന് ലഹരിക്കച്ചവടത്തിലെ കണ്ണികളാക്കുകയും ചെയ്യുന്നതാണ് ഇക്കൂട്ടരുടെ പ്രവർത്തന ശൈലി. തലച്ചോറിനെ മരവിപ്പിക്കുന്ന ഇനം ലഹരി വസ്തുക്കൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം പലയിനം മിഠായികളാക്കി കുട്ടികളിലെത്തിക്കാൻ ഇവർ പല തന്ത്രങ്ങളും പയറ്റാറുണ്ട്.എക്സൈസ് വകുപ്പിന്റെ തന്നെ ഒരു സർവേ സൂചിപ്പിക്കുന്നത് പത്തു വയസ്സിനും 15 വയസ്സിനുമിടയിൽ പ്രായമുള്ളവരിൽ ലഹരി ഉപയോഗിച്ചു തുടങ്ങുന്നവർ എഴുപതു ശതമാനത്തോളം വരുമെന്നാണ്!

കൗമാര പ്രായക്കാരിൽ എൺപതു ശതമാനത്തോളം പേർ കൂട്ടുകാർക്കൊപ്പം ലഹരി ഉപയോഗിച്ചു തുടങ്ങുന്നവരാണ്. 1140 സ്കൂളുകളിൽ ലഹരി ഇടപാട് എക്സൈസ് കണ്ടെത്തിയിരുന്നു. കോളേജ് വിദ്യാർത്ഥികളിൽ 31.8 ശതമാനം പേർ ലഹരി ഉപയോഗത്തിന് അടിമകളാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമീപകാലത്ത് തലസ്ഥാന നഗരത്തിലെ പൊലീസ് ക്വാർട്ടേഴ്സിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവം സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചതാണ്. ലഹരിയായിരുന്നു അതിനെല്ലാം അടിസ്ഥാനമായത്. സ്കൂളിന് രണ്ടു കിലോമീറ്റർ ചുറ്റളവിൽ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തിയാൽ മാത്രം തീരുന്ന പ്രശ്നമല്ല ഇത്. ഷാഡോ പോലീസിംഗ് ഊർജ്ജിതമാക്കിയാൽ മാത്രമെ ഇക്കൂട്ടരെ കൈയോടെ പിടികൂടാൻ കഴിയുകയുള്ളൂ. ഒപ്പം എക്സൈസ്- പൊലീസ് വിഭാഗങ്ങളുടെ ഏകോപനവും അത്യാവശ്യമാണ്.

ലഹരിക്ക് അടമകളായിപ്പോകുന്ന കുട്ടികളെ നിരീക്ഷിക്കുന്നതിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും

വലിയ പങ്ക് വഹിക്കാനുണ്ട്. കുട്ടികളോട് സംസാരിക്കാനും പ്രശ്നങ്ങൾ ആരായാനും മാതാപിതാക്കൾ മുൻകൈയെടുക്കണം. കുട്ടികൾക്ക് ആവശ്യമുള്ളത് വാങ്ങി നൽകുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചുവെന്നു കരുതുന്ന രക്ഷിതാക്കളുണ്ട്. അത് ശരിയായ കാഴ്ചപ്പാടല്ല. മാനസികമായ കരുത്തു നൽകലാണ് രക്ഷിതാക്കളുടെ ഏറ്റവും വലിയ കടമ. നന്നായി പഠിക്കുന്ന കുട്ടികൾപോലും ലഹരി മാഫിയയുടെ സമ്മർദ്ദങ്ങളിൽ പെട്ടുപോകാറുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. ലഹരി മാഫിയയെ അമർച്ച ചെയ്യാൻ സമൂഹത്തിനൊപ്പം മുന്നിൽ നിൽക്കാൻ അവർക്ക് ഇപ്പോൾ കഴിയുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് പൊലീസ് നടത്തിയ ഗുണ്ടാ വേട്ടയിൽ ലഹരി മരുന്ന് കൈവശം വച്ചതിനും കൈമാറ്റം ചെയ്തതിനും മാത്രം 736 പേർ പിടിയിലായിരുന്നു. ഇത് ഗുരുതരാവസ്ഥയാണ്. ഒരു ദാക്ഷിണ്യവുമില്ലാതെ ലഹരി മാഫിയയെ അമർച്ച ചെയ്യുക മാത്രമാണ് ഏക പോംവഴി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.