SignIn
Kerala Kaumudi Online
Thursday, 13 June 2024 11.55 PM IST

ഇസ്രയേലിനെ നേരിട്ടാക്രമിച്ച ഭരണാധികാരി, ചബഹാർ തുറമുഖം വഴി ഇന്ത്യയുമായും ചങ്ങാത്തം, ആരായിരുന്നു ഇബ്രാഹിം റൈസി

raisi

രാജ്യത്തിന്റെ പരമോന്നത ന്യായാധിപ സ്ഥാനത്ത് നിന്നും പരമാദ്ധ്യക്ഷനിലേക്ക് എത്തിച്ചേർന്ന തികഞ്ഞ യാഥാസ്ഥിതിക രാജ്യത്തലവനായിരുന്നു ഇബ്രാഹിം റൈസി. 2021 ഓഗസ്‌റ്റ് മൂന്നിന് 61.9 ശതമാനം വോട്ട് നേടിയാണ് റൈസി പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. ഏറെ വിവാദങ്ങൾ നിറഞ്ഞ ഭരണകാലത്തിനൊടുവിൽ തികച്ചും യാദൃശ്ചികമായി അദ്ദേഹം ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുകയാണ്.

2021ൽ ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് റൈസി സ്വയം അയത്തുള്ളയായി പ്രഖ്യാപിച്ചിരുന്നു.ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അലി ഖൊമൈനിയുടെ അടുത്ത അനുയായിയായ റൈസി രാജ്യത്തിന്റെ വരുംകാല ആത്മീയ നേതാവ് പദവിയിലേക്ക് ഉയരുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

ആദ്യകാലം

1960 ഡിസംബർ 14ന് മാഷ്‌ഹദിലെ നൊഗാൻ ജില്ലയിൽ ഒരു മുസ്ളീം പുരോഹിത കുടുംബത്തിലാണ് റൈസിയുടെ ജനനം. അദ്ദേഹത്തിന്റെ അഞ്ചാം വയസിൽ പിതാവിനെ നഷ്‌ടമായി. സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം പതിനഞ്ചാം വയസിൽ പ്രശസ്‌ത മതപാഠശാല ക്യൂമിൽ പഠനത്തിന് ചേർന്നു. അന്ന് രാജ്യത്തെ വിവിധ മതപണ്ഡിതരുടെ കീഴിൽ പഠനം നടത്തിയ റൈസി 1981ൽ നിയമത്തിന്റെ വഴി തിരഞ്ഞെടുത്തു.

നിയമവഴിയിലേക്ക്

റൈസിയുടെ പഠനകാലത്ത് ഇറാൻ രാജഭരണത്തിൻ കീഴിലായിരുന്നു. പാശ്ചാത്യ സംസ്‌കാരത്തോട് അടുപ്പം പുലർത്തിയ പെഹ്ലാവി വംശമായിരുന്നു അന്ന് ഇറാൻ ഭരിച്ചത്. യാഥാസ്ഥിതിക ചിന്ത വച്ചുപുലർത്തിയ റൈസി അന്നുതന്നെ രാജഭരണത്തിനെതിരെ പോരാടി. 1979ൽ ഇറാനിൽ ഇസ്ലാമിക വിപ്ളവത്തിലൂടെ രാജഭരണം അവസാനിച്ചു. പിന്നീട് 1985ൽ ടെഹ്‌റാൻ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി റൈസി നിയമിതനായി. വൈകാതെ അയത്തൊള്ള റൂഹ് ഖൊമൈനിയുടെ ശ്രദ്ധയിൽപെട്ട അദ്ദേഹം 1988ൽ രാഷ്‌ട്രീയ തടവുകാരുടെ വധശിക്ഷയിൽ തീരുമാനമെടുക്കുന്ന കമ്മിറ്റി അംഗമായി. 2014 മുതൽ 2016 വരെ ഇറാന്റെ പ്രോസിക്യൂട്ടർ ജനറലായി. 2019 മാർച്ചിൽ ഇറാൻ ചീഫ് ജസ്റ്റിസായി.

khomini

5000ലധികം പേരെ വധശിക്ഷക്ക് വിധിച്ച കമ്മിറ്റി

ഇബ്രാഹിം റൈസി അംഗമായ രാഷ്‌ട്രീയ തടവുകാരുടെ വധശിക്ഷയിൽ തീരുമാനമെടുക്കുന്ന കമ്മിറ്റി കേവലം അഞ്ച് മാസം കൊണ്ട് 5000 പേരെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെന്ന് 1990ലെ ആംനസ്‌റ്റി റിപ്പോർട്ടിലുണ്ട്.1988 ജൂലായ് 19 മുതൽ അഞ്ച് മാസക്കാലത്തിനിടെയായിരുന്നു ഇത്. മരണസമിതി എന്നായിരുന്നു ഈ കമ്മിറ്റിയ്‌ക്ക് പാശ്ചാത്യ ലോകത്തെ വിളിപ്പേര്.

ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

2015ലെ ഇറാന്റെ ആണവ നിലപാടിന് എതിരായിരുന്നു റൈസി. അയത്തുള്ള അലി ഖൊമൈനിയുമായുള്ള അടുപ്പം 2017ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അദ്ദേഹത്തിന് ഊർജമേകി. എന്നാൽ തിരഞ്ഞെടുപ്പിൽ ജനവിധി മറ്റൊന്നായിരുന്നു ഹസൻ റൂഹാനിയോട് റൈസി പരാജയപ്പെട്ടു. 38 ശതമാനം വോട്ട് മാത്രമാണ് അന്ന് നേടിയത്. കടുത്ത തോൽവി കാരണം ഹസൻ റൂഹാനിയെ അഭിനന്ദിക്കാൻ കൂടി അദ്ദേഹം തയ്യാറായില്ല.

2017 തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽതന്നെ അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനം റൈസി തുടങ്ങി. ആകെ 48.8 ശതമാനം പേർ മാത്രം വോട്ട് ചെയ്‌ത 2021ലെ തിരഞ്ഞെടുപ്പിൽ 62 ശതമാനത്തോളം വോട്ട് നേടി റൈസി വിജയിച്ചു.

protest

മഹ്‌സ അമീനിയുടെ മരണവും വിവാദങ്ങളും

2022 സെപ്‌തംബർ 16ന് മഹ്‌സ അമീനി എന്ന 22കാരി ഇറാനിലെ ഹിജാബ് നിയമം ലംഘിച്ചതിന് ആക്രമിക്കപ്പെട്ടു. ദിവസങ്ങൾക്കകം രാജ്യത്ത് ഇത് വലിയ പ്രതിഷേധത്തിന് തിരിതെളിച്ചു. ഇറാനിലെ സദാചാര പൊലീസിനെതിരായി ലോകവ്യാപക പ്രതിഷേധമുണ്ടായി. ഇറാനിലെ വിവിധ നേതാക്കൾക്ക് അന്താരാഷ്‌ട്ര തലത്തിൽ വിലക്കുമുണ്ടായി.2022 ഒക്‌ടോബർ വരെ 307 പേരെ ഇറാൻ സൈന്യം പ്രക്ഷോഭത്തിന്റെ പേരിൽ വധിച്ചു.

ഇറാൻ - ഇസ്രയേൽ സംഘർഷം

2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് ശക്തമായ ആക്രമണം നടത്തി. തുടർന്ന് നാളിതുവരെയായിട്ടും അവസാനിക്കാത്ത യുദ്ധം ആരംഭിച്ചു. ഇതിനിടെ 2023 നവംബർ 24ന് ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഇറാൻ ഒരു കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടത്തി. ഡിസംബർ 23ന് ഇസ്രയേലി എണ്ണ ടാങ്കർ കപ്പൽ എം വി ചെം പ്ളൂട്ടോയെ ഇറാൻ ആക്രമിച്ചു.ഗുജറാത്ത് തീരത്തിനടുത്തായിരുന്നു ഇത്. സൗദിയിൽ നിന്ന് മംഗളൂരുവിലേക്ക് എണ്ണയുമായി വരികയായിരുന്നു കപ്പൽ.

പിന്നീട് ഡമാസ്‌കസിലെ തങ്ങളുടെ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ ഓപ്പറേഷൻ ട്രൂ പ്രോമിസ് എന്ന പേരിൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇസ്രയേൽ-ഇറാൻ ബന്ധത്തിൽ ഉരസലുണ്ടായ ഈ സമയത്താണ് റൈസി മരണപ്പെട്ടത്.

india

ഇന്ത്യയുമായുള്ള ബന്ധം

കരവഴിയും സമുദ്രാതിർത്തിയിലൂടെയും അയൽരാജ്യങ്ങളിലൂടെയും ചൈന ഇന്ത്യക്കുമേൽ തീർക്കുന്ന ഭീഷണിയെ നേരിടാൻ ഇന്ത്യ ഇറാനിലെ ചബഹാ‌ർ തുറമുഖം നവീകരണത്തിൽ പങ്കാളിയായി. ഊർജ്ജം,​ തുറമുഖം,​ ശാസ്‌ത്രം,​വ്യാപാരം തുടങ്ങിയ പത്തോളം മേഖലകളിലേക്കാണ് ഇന്ത്യ-ഇറാനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇന്ത്യ-ഇറാൻ-അഫ്‌ഗാൻ വ്യാപാര പാതയുടെ നവീകരണവും പാകിസ്ഥാൻ വഴി ചൈന നടപ്പാക്കാൻ ശ്രമിക്കുന്ന ഖ്വാദർ തുറമുഖം നടത്തിപ്പിന് തക്ക മറുപടിയുമായിരുന്നു ഈ കരാർ. ഈ കരാറിന്റെ ഭാവിയും ഇനി അറിയേണ്ടതുണ്ട്. ഇന്ത്യ-ഇറാൻ ബന്ധത്തെ ശക്തിപ്പെടുത്താൻ ഇബ്രാഹിം റൈസി നൽകിയ സംഭാവനകൾ എന്നും ഓർക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്‌മരണ കുറിപ്പിൽ പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IRAN, PRESIDENT, IBRAHIM RAISI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.