SignIn
Kerala Kaumudi Online
Friday, 14 June 2024 12.30 AM IST

മഴയെത്തി കുളമായി റോഡുകൾ

road

കാലവർഷം എത്തും മുൻപ് തന്നെ മഴ ശക്തിയായി പെയ്തതോടെ റോഡുകളൊക്കെ കുളമാകാൻ തുടങ്ങി. അടുത്തകാലങ്ങളിലായി മഴ ശക്തമായി പെയ്യുന്നത് റോഡുകളിലുണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. പെട്ടെന്നുണ്ടാകുന്ന തീവ്രമഴയിൽ റോഡുകളെ കുളവും തോടുമെല്ലാമാക്കിത്തീർക്കും. അതുകൊണ്ടാണ് പലയിടങ്ങളിലും ടെെലുകളാണ്(ഇന്റർലോക്ക്) പാകുന്നത്. പതിറ്റാണ്ടുകളായി ഗതാഗതപ്രശ്നം നിലനിൽക്കുന്ന തൃശൂർ-പാലക്കാട് പാതയിൽ ഈ മഴക്കാലത്തും ദുരിതയാത്രയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. മേൽഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്യാനായി അടച്ച കുതിരാനിലെ ഒരു ടണൽ ഇതേവരെ തുറന്നിട്ടില്ല. മഴയിൽ ഈ മേഖലയിൽ റോഡ് പലതവണ താഴ്ന്നിട്ടുണ്ട്. ഇനിയും പണി തീർത്ത് ടണൽ തുറന്നില്ലെങ്കിൽ വൻഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുമെന്നാണ് യാത്രക്കാരുടെ ഭീതി. ഒരു ടണലിലൂടെ വാഹനങ്ങൾ പോകുന്നതിനാൽ അപകടമുണ്ടായാൽ വാഹനങ്ങൾ കുരുങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ അപകടം ഉണ്ടായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. മഴ കൂടുതൽ ശക്തമാകുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും.

കഴിഞ്ഞ ജനുവരി 11നാണ് കുതിരാനിൽ പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്ന ടണൽ താത്കാലികമായി അടച്ചത്. നാലുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ കമ്പനി അധികൃതരെ അറിയിച്ചത്. പറഞ്ഞ കാലാവധി കഴിഞ്ഞതിനാൽ പണി വേഗത്തിലാക്കിയിട്ടുണ്ട്. മഴയ്ക്കു മുമ്പ് പണി പൂർത്തിയാക്കാൻ ദേശീയപാതാ അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. മഴക്കാലവും അദ്ധ്യയനവർഷാരംഭവും ആയതിനാൽ കുരുക്ക് ഉറപ്പാണ്. അശാസ്ത്രീയ നിർമ്മാണമാണ് ടണൽ അടച്ച് പണി നടത്താൻ ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. അറ്റകുറ്റപ്പണി നടക്കുന്ന ടണലിൽ ചോർച്ച പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ, ചോർച്ച കണ്ടെത്തിയ ഭാഗത്ത് മാത്രം കോൺക്രീറ്റ് ചെയ്തിരുന്നു. പിന്നീട് പൂർണമായും കോൺക്രീറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

പണിമുടങ്ങി തൃശൂർ-കുറ്റിപ്പുറം പാതയും

കാലവർഷത്തിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകുമ്പോഴും പ്രളയത്തിൽ തകർന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ നിർമ്മാണം മുടങ്ങിയ നിലയിലാണ്. കഴിഞ്ഞ സെപ്തംബറിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ എട്ടുമാസം പിന്നിട്ടിട്ടും പ്രളയത്തിൽ മുങ്ങിയ പുഴയ്ക്കലിലെ റോഡ് പോലും പൂർത്തിയായില്ല. കരാർ കമ്പനിക്ക് ബില്ലുകൾ മാറി പണം കിട്ടാൻ വൈകുന്നതും നിർമ്മാണ സാമഗ്രികൾക്കുള്ള ക്ഷാമവുമാണ് വൈകാൻ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. മഴ ശക്തമാകുമ്പോൾ പുഴയ്ക്കൽ, മുതുവറ, നാലുവരി പൂർത്തിയാക്കാത്ത മുണ്ടൂർ, മഴുവഞ്ചേരി, കേച്ചേരി, പാറന്നൂർ മേഖലകളിലെല്ലാം വൻഗതാഗതക്കുരുക്കും കുഴികളുമുണ്ടാകും. കേച്ചേരിയിൽ ഇപ്പോൾ തന്നെ രാവിലെയും വൈകിട്ടും രണ്ട് കിലോമീറ്ററോളം വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ നട്ടം തിരിയുകയാണ്.


ചീറിപ്പാഞ്ഞ് ലിമിറ്റഡുകൾ

നിർമ്മാണം നടക്കുന്ന റോഡിലും കുഴികളുളള രണ്ടുവരിപ്പാതയിലും കോഴിക്കോട്, കണ്ണൂർ ഭാഗത്തേയ്ക്കുളള ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ചീറിപ്പായുകയാണ്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്. കേച്ചേരിയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ കുത്തിക്കയറുന്നതും ദീർഘദൂര സ്വകാര്യബസുകളാണ്. ഇതേ ചൊല്ലി മറ്റ് വാഹനയാത്രക്കാർ തമ്മിലുള്ള വാക്കേറ്റവും പതിവാണ്. പൊലീസും മോട്ടോർ വാഹനവകുപ്പും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബസ് ഡ്രൈവർമാർ പുകയില ഉത്പന്നങ്ങളും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന പരാതിയും യാത്രക്കാർക്കുണ്ട്. അദ്ധ്യയനവർഷം തുടങ്ങിയാൽ നിരവധി സ്‌കൂൾ ബസുകളും ഇതുവഴി കടന്നുപോകും.

പരിഹാരമായി ജിയോസെൽ ടാറിംഗ്

മഴയിൽ അടിമണ്ണ് ഇടിഞ്ഞുതാണ് റോഡുകൾ തകരുന്നതിന് പരിഹാരമായ ജിയോസെൽ ടാറിംഗ് കേരളത്തിലും തുടങ്ങുകയാണ്. ഉയർന്ന സാന്ദ്രതയുള്ള പോളി പ്രൊപ്പിലിൻ (പ്ളാസ്റ്റിക്)​ അറകൾ ഉറപ്പിച്ച ശേഷമുള്ള ടാറിംഗ് രീതിയാണിത്. തീരദേശറോഡുകൾക്കും മറ്റു റോഡുകളിൽ സ്ഥിരമായി വെള്ളക്കെട്ടുള്ളിടത്തും ഈ രീതി ആശ്വാസമാകും. ജിയോ സെൽ ടാറിംഗ് യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമാണ്. സംസ്ഥാനത്ത് ആദ്യമായി ജിയോ ടെക്‌സ്റ്റൈൽ (ജിയോ സെൽ)​ ഉപയോഗിച്ചുള്ള റോഡുപണി തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ കേച്ചേരി ബൈപാസിൽ പുരോഗമിക്കുന്നുണ്ട്. വിഴിഞ്ഞം ഷിപ്പ് യാർഡിലും ഉപയോഗിക്കും.

തേനീച്ചക്കൂടിന്റെ അറകൾ പോലുള്ള ജിയോസെൽ കള്ളികൾ റോഡിൽ അടുക്കി മെറ്റലും എം സാൻഡും കലർന്ന മിശ്രിത്രം (വെറ്റ്മിക്‌സ് മെക്കാഡം)​ നിറയ്ക്കും. ഇത് മണ്ണിൽ ഉറച്ച ശേഷം അതിനുമീതെയാണ് ടാറിംഗ്. മണ്ണ് ഇടിച്ചുറപ്പിച്ച് ബലപ്പെടുത്തിയ ശേഷമാണ് ജിയോ സെല്ലുകൾ വിരിക്കുന്നത്. കേച്ചേരി ബൈപാസിൽ മൊത്തം 10 കിലോമീറ്റർ റോഡിൽ പാടത്തിന് നടുവിലൂടെയുള്ള 1.2 കിലോമീറ്ററിലാണ് ജിയോ സെൽ ഉപയോഗിക്കുന്നത്. മഴക്കാലത്ത് ഗതാഗതം തടസപ്പെടുന്ന റോഡാണിത്. സ്ക്വയർ മീറ്ററിന് 650 രൂപ നിരക്കിൽ മഹാരാഷ്ട്രയിൽ നിന്നാണ് കൊണ്ടുവരുന്നത്. 48.59 കോടിയാണ് റോഡിന് ചെലവ്.

സംരക്ഷണഭിത്തിക്കും കരുത്തേകും

ഹൈവേ നിർമ്മാണത്തിന്റെ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുന്ന എൻജിനിയർമാരുടെ അപ്പക്സ് ബോഡിയായ ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് അംഗീകരിച്ചതാണിത്. പാർക്കിംഗ് സ്ഥലങ്ങൾ, പാലത്തിന്റെ ഭാഗങ്ങൾ, സംരക്ഷണഭിത്തി എന്നിവ ബലപ്പെടുത്താൻ ഉപയോഗിക്കാം. ചരിഞ്ഞ റോഡിൽ മണ്ണൊലിപ്പ് തടയാം. മെറ്റലും ടാറും അടക്കമുള്ള അസംസ്‌കൃതവസ്തുക്കൾ കുറയ്ക്കാം. ജിയോസെൽ പ്ളാസ്റ്റിക് ഉത്പന്നമാണെങ്കിലും റോഡിന് അടിയിലായതിനാൽ മലിനീകരണ പ്രശ്‌നമില്ല. എന്തായാലും ആധുനികനിലവാരത്തിലുളള റോഡ് നിർമ്മാണം ഇനി കേരളത്തിലുണ്ടായേ മതിയാകൂ. കാരണം പ്രളയവും അതിതീവ്രമഴയുമെല്ലാം എപ്പോൾ വേണമെങ്കിലും എവിടെയും സംഭവിക്കാം. വ്യാപക നാശനഷ്ടമുണ്ടാക്കുന്ന മിന്നൽച്ചുഴലിക്കാറ്റുകൾ പുത്തൂർ, കല്ലൂർ തുടങ്ങിയ മലയോരമേഖലയിൽ ആവർത്തിക്കുകയാണ്. ഇതേക്കുറിച്ച് പഠനം നടത്താനോ മുന്നറിയിപ്പ് നൽകാനോ നടപടികളില്ല. മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ ഗവേഷണകേന്ദ്രം പുറപ്പെടുവിപ്പിക്കുമ്പോഴും ചുഴലിക്കാറ്റ് ഒരേ മേഖലയിൽ ആവർത്തിക്കുന്നതിന്റെ കാരണം ഇതേ വരെ പഠിച്ചിട്ടില്ല. മൂന്ന് വർഷം മുൻപ് സെപ്തംബറിൽ പുത്തൂരിനെ വിറപ്പിച്ച മിന്നൽച്ചുഴലി ആഞ്ഞുവീശി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായപ്പോൾ, പഠനം നടത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഠനവിവരങ്ങളൊന്നും ലഭ്യമായില്ല. മഴ ഒഴിഞ്ഞതോടെ പഠനവും ഗവേഷണവുമെല്ലാം തീർന്നു. കാറ്റായാലും മഴയയാലും ആദ്യം തകരുന്നത് റോഡുകളാണെന്ന് ഓർക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.