SignIn
Kerala Kaumudi Online
Saturday, 15 June 2024 9.32 AM IST

മൂന്നു വർഷം പിന്നിട്ട് ഇടതു സർക്കാർ നാലാം വർഷം,​ നവകേരള സ്വപ്നം

govt

ഇടതു സർക്കാർ നാലാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. ഈ സർക്കാരിന്റെ നാലാം വർഷമാണെങ്കിലും തുടർഭരണത്തിന്റെ ഒമ്പതാം വർഷമാണിത്. കഴിഞ്ഞ എട്ടു വർഷംകൊണ്ട് സമാനതകളില്ലാത്ത നേട്ടങ്ങളാണ് കേരളത്തിനു കൈവരിക്കാൻ കഴിഞ്ഞത്. 2016-ൽ ഇടതു സർക്കാർ അധികാരമേൽക്കു
മ്പോൾ ഉണ്ടായിരുന്നത് കേരള വികസനത്തിന്റെ അടിസ്ഥാനമായി വർത്തിച്ചവയ്‌ക്കൊക്കെല്ലാം കോട്ടം തട്ടുന്ന അവസ്ഥയായിരുന്നു!

പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു. ആശുപത്രികൾ മതിയായ സൗകര്യങ്ങളില്ലാതെ വിഷമിച്ചു. പാർപ്പിട പദ്ധതികൾ നിലച്ചു. ക്ഷേമപെൻഷനുകൾ കുടിശ്ശികയായി. വികസനം മരവിച്ചു... ആ അവസ്ഥ മാറ്റിയെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. അതിന്റെ ഭാഗമായി,​ ഇടതു സർക്കാർ ഹരിത കേരള മിഷൻ ആരംഭിക്കുകയും,​ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുന്നോട്ടുവയ്ക്കുകയും ചെയ്തു. ആർദ്രം പദ്ധതി നടപ്പാക്കി. ലൈഫ് മിഷൻ മുഖേന വീടുകൾ പണിതു. ഇന്ന് നമ്മുടെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. ആശുപത്രികളിൽ നൂതന സൗകര്യങ്ങൾ ലഭ്യമായി.

കരുതലിന്റെ

മൂന്നു വർഷം


ലൈഫ് മിഷൻ മുഖേന നാലു ലക്ഷത്തോളം വീടുകളാണ് യാഥാർത്ഥ്യമായത്. ക്ഷേമപെൻഷനുകൾ 1,600 രൂപയാക്കി ഉയർത്തി. 55 ലക്ഷത്തോളം പേർക്ക് ഇതു ലഭ്യമാക്കുന്നു. ക്ഷേമ മേഖലയിലെ ഇത്തരം മാതൃകകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം,​ അടിസ്ഥാനസൗകര്യ വികസനത്തിൽക്കൂടി ഈ സർക്കാർ ശ്രദ്ചെലുത്തി. അതിന്റെ ഭാഗമായി കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചു. എട്ടുവർഷംകൊണ്ട് 83,000 കോടിയിലധികം രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുത്തു. ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ്‌ലൈൻ, പവർ ഹൈവേ, ദേശീയ ജലപാത, കൊച്ചി മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങി നിരവധി പദ്ധതികൾ ദൃഷ്ടാന്തങ്ങൾ.

ഈ നേട്ടങ്ങൾ അടിസ്ഥാനമാക്കി,​ കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയായി പരിവർത്തനം ചെയ്യാനാണ് ഇപ്പോൾ ശ്രമം. വൈജ്ഞാനിക മേഖലയുടെ നേട്ടങ്ങളെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയെ ഒന്നാകെ പരിഷ്‌ക്കരിക്കുകയാണ്. നൈപുണ്യ വികസനവും സംരഭകത്വ വികസനവുമെല്ലാം ഇന്ന് ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അതിനായി കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, ഇൻഡസ്ട്രി ഓൺ ക്യാമ്പസ് തുടങ്ങിയവ നടപ്പാക്കിവരികയാണ്. ക്യാമ്പസ് ഇന്റസ്ട്രിയൽ പാർക്കുകളും യാഥാർത്ഥ്യമാവുന്നു.

സംരംഭങ്ങളിൽ

ലക്ഷ്യപൂർത്തി


ഒരുവർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ആദ്യത്തെ എട്ടുമാസംകൊണ്ടു തന്നെ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 1,39,000-ത്തോളം സംരംഭങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. മൂന്നു ലക്ഷത്തോളം തൊഴിലവസരങ്ങളും 8,500 കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടായി. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ച യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2016-ൽ 12% ആയിരുന്നത് ഇപ്പോൾ 17% ആയി ഉയർന്നു.

പുതിയ തലമുറയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക സ്റ്റാർട്ടപ്പ് നയം നടപ്പിലാക്കിവരികയാണ്. 2016-ൽ സംസ്ഥാനത്ത് 300 സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ,​ ഇന്ന് അവയുടെ എണ്ണം 5,000 കടന്നിരിക്കുന്നു. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ബെസ്റ്റ് പെർഫോമർ പുരസ്‌കാരവും കൈവന്നു.

ഉന്നതവിദ്യയിൽ

ഉയർന്ന നേട്ടം


നാക്ക് അക്രഡിറ്റേഷനിൽ കേരള സർവകലാശാല എ പ്ലസ് പ്ലസ് നേടിയത് അഭിമാനകരമാണ്. രാജ്യത്താകെ ആറ് സർവകലാശാലകൾക്കു മാത്രമാണ് ഈ നേട്ടം. കോഴിക്കോട്,​ കൊച്ചി,​ സംസ്‌കൃത സർവകലാശാലകൾ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കി. കാർഷിക മേഖലയിൽ സഹകരണ ഇടപെടലിനായി ആവിഷ്‌കരിച്ച കോ- ഓപ്പറേറ്റീവ് ഇന്റർവെൻഷൻ ഇൻ ടെക്‌നോളജി ഡ്രിവൺ അഗ്രികൾച്ചർ എന്ന പദ്ധതിക്കായി 23 കോടി രൂപ നീക്കിവച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തോളം സഹകരണ സംഘങ്ങൾ കാർഷിക വിപണന മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു.


റബർ മേഖലയിൽ സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടലാണ് 1050 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന കേരള റബർ ലിമിറ്റഡ് കമ്പനി. ഇതിനായി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ് ക്യാമ്പസിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 200 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന കമ്പനി യാഥാർത്ഥ്യമാകുന്നതോടെ റബർ മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നതിൽ സംശയമില്ല.

സേവനങ്ങൾ

ഓൺലൈനിൽ


വിവിധ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് അവസാനിപ്പിക്കുന്നതിനായി തൊള്ളായിരത്തിലധികം സേവനങ്ങൾ ഈ സർക്കാർ ഓൺലൈനിലാക്കി. തദ്ദേശ സ്ഥാപന സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് പദ്ധതിക്കും തുടക്കം കുറിച്ചു. കെ- ഫോണും സൗജന്യ പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകളും യാഥാർത്ഥ്യമാക്കി. വികസനം, ക്ഷേമം, സേവനം എന്നിവ പോലെ തൊഴിലും ജനങ്ങളുടെ അവകാശമാണ് എന്നതാണ് ഇടതു നിലപാട്. രണ്ടര ലക്ഷത്തോളം നിയമന ശുപാർശകളാണ് 2016 ജൂണിനു ശേഷം ഇതുവരെ പി.എസ്.സി നൽകിയത്. ഈ കാലയളവിൽ 30,000- ത്തോളം അധിക തസ്തികകൾ സൃഷ്ടിക്കുകയും,​ പൊതുമേഖലാ റിക്രൂട്ട്‌മെന്റിന് പ്രത്യേക ബോർഡ് രൂപീകരിക്കുകയും ചെയ്തു.

ഇത്തരം നേട്ടങ്ങൾ കൈവരിക്കുമ്പോഴും കേരളത്തിന്റെ സാമ്പത്തിക അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ആ പ്രതിസന്ധികളെക്കൂടി അതിജീവിച്ചുവേണം നമുക്ക് മുന്നോട്ടുപോകാൻ. നമ്മൾ മുന്നേറുകതന്നെ ചെയ്യും. വികസന പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ എല്ലാവരിലുമെത്തിക്കും. ക്ഷേമ പദ്ധതികൾ അർഹരായവർക്കെല്ലാം ലഭ്യമാക്കും. അതിനുതകുംവിധം സമ്പദ്‌വ്യവസ്ഥയെ മുന്നേറ്റത്തിന്റെ പാതയിലേക്കു നയിച്ച് നവകേരളം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇടതു സർക്കാരിന്റെ നടത്തുന്നത്.

ടൂറിസത്തിലെ

കേരളജയം

കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 10 ശതമാനത്തിലധികം വിനോദസഞ്ചാര മേഖലയുടെ സംഭാവനയാണ്. 2016 മുതൽ ഇടതു സർക്കാർ വിനോദ സഞ്ചാര മേഖലയിൽ സവിശേഷമായി ഇടപെട്ടു. അതിന്റെ ഗുണഫലങ്ങൾ പ്രകടമാണ്. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച, ലോകത്ത് കണ്ടിരിക്കേണ്ടതായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ട്രാവൽ പ്ലസ് ലിഷർ മാഗസിന്റെ വായനക്കാർ തിരഞ്ഞെടുത്തത് കേരളത്തെയാണ്.

ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുള്ള കേരളത്തിന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതിക്ക് ലണ്ടനിൽ നടന്ന വേൾഡ് ടൂറിസം മാർക്കറ്റിൽ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. കാരവാൻ ടൂറിസവും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും അഗ്രി-ടൂറിസം നെറ്റ്‌വർക്കുമെല്ലാം പുതിയ ആകർഷണ കേന്ദ്രങ്ങളാവുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.