യാത്ര ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാവില്ല. പണമില്ലാത്തതും സമയമില്ലാത്തതുമാണ് പലരെയും യാത്രയിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ, നിങ്ങളുടെ കയ്യിലൊതുങ്ങുന്ന കാശിന് കേരളത്തിൽ തന്നെ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന നിരവധി സ്ഥലങ്ങളുണ്ട്. വെറും ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ നിങ്ങൾക്ക് മൂന്നാറിന്റെ ഭംഗി ആസ്വദിക്കാവുന്നതാണ്. മൂന്നാറിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര സ്ഥലങ്ങളും അവിടെ എത്തിച്ചേരേണ്ടത് എങ്ങനെയെന്നും നോക്കാം.
വെള്ളച്ചാട്ടം
നേര്യമംഗലം പാലം കടന്ന് മൂന്നാർ എത്തുന്നതിന് മുമ്പായി മൂന്ന് വെള്ളച്ചാട്ടങ്ങളാണുള്ളത്. ചീയപ്പാറ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം, ആട്ടുകാട് വെള്ളച്ചാട്ടം എന്നിവയാണ് അത്. റോഡിൽ നിന്നുതന്നെ കണ്ട് ആസ്വദിക്കാൻ സാധിക്കുന്നതിനാൽ ഇതിന് സമയവും ഏറെ വേണ്ടിവരില്ല. അതിരാവിലെ മൂന്നാറിലെത്തിയാൽ ഈ വെള്ളച്ചാട്ടം കണ്ടശേഷം ബാക്കി സ്ഥലങ്ങളിലേക്ക് നിങ്ങൾക്ക് പോകാവുന്നതാണ്.
മാട്ടുപ്പെട്ടി, വട്ടവട, ടോപ് സ്റ്റേഷൻ
ഈ റൂട്ടിൽ സഞ്ചരിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഏകദേശം 13ലധികം സ്ഥലങ്ങളിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്.
റോസ് ഗാർഡൻ - പല തരത്തിലുള്ള റോസാ ചെടികൾ ഇവിടെ നിങ്ങൾക്ക് കാണാനും വാങ്ങാനും സാധിക്കും. 50 രൂപയാണ് എൻട്രി ഫീസ്.
ഫോട്ടോ പോയിന്റ് - മനോഹരമായ തേയിലത്തോട്ടങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് നിങ്ങക്ക് ഫോട്ടോകളും വീഡിയോകളും എടുക്കാവുന്നതാണ്.
കാർമൽഗിരി ബൊട്ടാണിക്കൽ ഗാർഡൻ - സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കള്ളിമുൾ ചെടി വെറൈറ്റികൾ ഉള്ളത് ഈ ഗാർഡനിലാണ്. ഓറഞ്ച് ചെടികൾ കായ്ച്ച് നിൽക്കുന്ന മനോഹരമായ കാഴ്ചയും ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ടിക്കറ്റ് ചാർജ് 50 രൂപയാണ്. ഇതിന് സമീപം ഒരു ചോക്ലേറ്റ് ഫാക്ടറിയുമുണ്ട്.
കാർമൽഗിരി എലിഫന്റ് പാർക്ക് - ആനകളെ അടുത്ത് കാണാനും ആനപ്പുറത്ത് കയറി യാത്ര ചെയ്യാനും ഇവിടെ സാധിക്കും. ആനപ്പുറത്ത് കയറാൻ മാത്രമാണ് ടിക്കറ്റ് ഫീസ് ഈടാക്കുന്നത്. കാണുന്നതും ചിത്രങ്ങളെടുക്കുന്നതും സൗജന്യമാണ്.
മാട്ടുപ്പെട്ടി ഡാം - ഷോപ്പിംഗിന് പറ്റിയ സ്ഥലമാണ് ഇവിടം. നിരവധി ഗെയിംസും ഇവിടെയുണ്ട്. ഇതിന് സമീപം ബോട്ടിംഗ് ക്ലബുമുണ്ട്.
താമസം
മൂന്നാറിൽ ധാരാളം റിസോർട്ടുകളുണ്ട്. എന്നാൽ, കയ്യിലൊതുങ്ങുന്ന കാശിന് താമസിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ പിഡബ്യുഡി റസ്റ്റ് ഹൗസും, ഗവൺമെന്റ് റസ്റ്റ് ഹൗസും തിരഞ്ഞെടുക്കാവുന്നതാണ്. 600 - 700 രൂപയ്ക്ക് ഇവിടെ താമസിക്കാവുന്നതാണ്. ഓൺലൈനായി മാത്രമാണ് ഇവിടെ ബുക്കിംഗുള്ളത്. അതിനാൽ, മുൻകൂട്ടി ബുക്ക് ചെയ്തശേഷം മാത്രം പോവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |