അഞ്ചൽ: ആയൂർ - അഞ്ചൽ റോഡിൽ കുരുശുമുക്ക് ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന ജീപ്പ് തനിയെ സ്റ്റാർട്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംഭവം. വിളക്കുപാറ സ്വദേശിയായ ജീപ്പുടമ കുരിശുമുക്ക് ഇറക്കത്ത് വാഹനം റോഡരികിൽ നിറുത്തി സമീപത്തെ കടയിലേക്ക് പോയി.
ഈ സമയത്താണ് ജീപ്പ് തനിയെ സ്റ്റാർട്ടായത്. ജീപ്പ് നിറുത്തിയിട്ടിരുന്നിടത്ത് നിന്ന് 200 മീറ്ററോളം മുന്നിലേക്ക് നീങ്ങി. റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽ തട്ടിയ ശേഷം സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് ജീപ്പ് നിന്നത്.
നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ബോണറ്റിൽ നിന്ന് പുക ഉയർന്നു. നാട്ടുകാർ ബോണറ്റ് തുറന്ന് തീ അണച്ചു. നടന്നതൊന്നും അറിയാതെ വാഹന ഉടമ തിരികെയെത്തിയപ്പോൾ ജീപ്പ് കാണാനില്ല.
ജനക്കൂട്ടം കണ്ട് കാര്യം തിരക്കിയപ്പോഴാണ് ജീപ്പ് തനിയെ സ്റ്റാർട്ടായി മുന്നോട്ട് പോയത് ഉടമയും അറിയുന്നത്. ആള് കൂടിയതോടെ റോഡിൽ ഗതാഗതക്കുരുക്കുമായി. ഇലക്ട്രിക്കൽ തകരാർ കാരണമാകാം ജീപ്പ് മുന്നോട്ട് പോയതെന്നാണ് അഞ്ചൽ പൊലീസിന്റെ പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |