SignIn
Kerala Kaumudi Online
Sunday, 16 June 2024 11.56 PM IST

ജനത്തെ വെല്ലുവിളിക്കുന്നു,​ ജനവിരുദ്ധ സർക്കാർ

abvp

ഇടതു സർക്കാർ മൂന്നുവർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി ഉന്നയിച്ച ഭരണനേട്ട അകാശവാദങ്ങൾക്കും,​ മറുപടിയായി പ്രതിപക്ഷ നേതാവ് ഉയർത്തിയ അക്ഷേപങ്ങൾക്കും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രതികരണം

ഞങ്ങൾക്ക് എന്തുമാകാം; നിങ്ങളാരാണ്‌ ചോദിക്കാൻ! ഈ മനോഭാവമാണ് മൂന്നു വർഷം പൂർത്തിയാക്കി,​ നാലാം വർഷത്തിലേക്കു കടന്ന പിണറായി വിജയൻ സർക്കാരിന്റെ മുഖമുദ്ര. ഒരു സർക്കാർ ജനാധിപത്യവിരുദ്ധ സമീപനും ജനവിരുദ്ധ നിലപാടും സ്വീകരിക്കുമ്പോൾ അതിനെ ചെറുത്തു തോല്പിക്കേണ്ട പ്രതിപക്ഷമാകട്ടെ,​ ആളെക്കാണിക്കാൻ മാത്രം പ്രസ്താവനകളിലും ലേഖനങ്ങളിലും എതിർപ്പ് ഒതുക്കിനിറുത്തുന്നു എന്നുമാത്രമല്ല,​ എല്ലാ ജനവിരുദ്ധ നിലപാടുകൾക്കും കൂട്ടുനിൽക്കുകയും ചെയ്യുന്നു എന്നതാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി.

പിന്തുണയുടെ

മൊത്തക്കച്ചവടം

ഭരണകക്ഷിയുടെ ഉപനേതാവിനെപ്പോലെയാണ് നിയമസഭയിലെ പ്രതിപക്ഷനേതാവ് പ്രവർത്തിക്കുന്നത്. ഈ സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നത് പ്രതിപക്ഷത്തിന്റെ പിന്തുണ മൊത്തക്കച്ചവടമായി വാങ്ങിക്കൂട്ടിയ ശേഷമാണ്. സംസ്ഥനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദികൾ കേരളം ഭരിച്ചു മുടിച്ച ഈ മുന്നണികളാണ്. കടത്തിനു മീതെ കടം വാങ്ങി അന്നന്നത്തെ അന്നത്തിന് വഴി തേടിയവർ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും ചുറ്റിയടിക്കാനൊന്നും ഒരു നിയന്ത്രണവും കാണിച്ചില്ല. ഒരു ഭാഗത്ത് സംസ്ഥാനത്തെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക പ്രതിസന്ധി. മറുഭാഗത്ത് അധികാര ധൂർത്തിന്റെയും ആഡംബരത്തിന്റെയും കഥകൾ!

ഇരുകാലും നഷ്ടപ്പെട്ട,​ കണ്ണൂർ ജില്ലയിലെ വാസുവേട്ടൻ ക്ഷേമ പെൻഷൻ പോലും കിട്ടാതെ,​ വിഷം വാങ്ങാൻ പോലും കാശില്ലാത്ത കാര്യം വേദനയോടെ പറഞ്ഞത് തിരഞ്ഞെടുപ്പു കാലത്ത് നമ്മൾ കേട്ടതാണ്. മറിയക്കുട്ടിമാർ ഒറ്റപ്പെട്ട സംഭവമോ അപൂർവമോ അല്ല; കേരളത്തിന്റെ പരിച്ഛേദമാണെന്ന് നമുക്ക് മനസ്സിലാകും. ക്രമസമാധാനത്തകർച്ചയും സ്റ്റാലിനിസ്റ്റ്‌വത്കരണവുമാണ് ഇടതു സർക്കാരിന്റെ മറ്റൊരു സംഭാവന. പ്രതിഭാശാലിയായ ഒരു പ്രൊഫഷണൽ കോളേജ് വിദ്യാർഥിയെ ദിവസങ്ങളോളം വെള്ളംപോലും കൊടുക്കാതെ മർദ്ദിച്ചു കൊന്ന് തൂക്കിക്കെട്ടിയ നാടായി കേരളം
അധ: പതിച്ചിരിക്കുന്നു.

യു.ഡി.എഫ് എന്ന

കാർബൺ കോപ്പി

സി.പി.എമ്മിന്റെ മുന്നണി സംഘടനകളുയെല്ലാം ജോലി ഇതാണ്. കേരളമെങ്ങും ഗുണ്ടകളുടെ വിളയാട്ടമാണ്. ആർക്കും എന്തും ചെയ്യാം എന്നായിരിക്കുന്നു. കൊട്ടിഗ്ഘോഷിച്ച് ഷോ കാണിക്കാൻ മേയറാക്കിയ യുവതി,​ എം.എൽ.എ ആയ ഭർത്താവിനോടൊപ്പം അധികാരത്തിന്റെ ധാർഷ്ട്യത്താൽ നടുറോഡിൽ നിയമം കയ്യിലെടുക്കുമ്പോൾ അതിനെ നിയന്ത്രിക്കാൻ സർക്കാരിനാവുന്നില്ല. ഇങ്ങനെ ജനവിരുദ്ധമായ നിലപാടിലൂടെ ഒറ്റപ്പെടുമ്പോൾ വർഗീയത ഇളക്കിവിട്ട് വോട്ടുവാങ്ങാനാണ് ഇടതു മുന്നണി ശ്രമിച്ചത്. അവരുടെ കാർബൺ പതിപ്പായ യു.ഡി.എഫും ഇതുതന്നെ കാണിച്ചു.

ഈ രാജ്യം മുഴുവൻ പുരോഗമിക്കുമ്പോൾ കേരളം മാത്രം നിന്നിടത്തുതന്നെ നിൽക്കുകയോ പിന്നാക്കം പോകുകയോ ചെയ്യുന്നു. ഒരു കാലത്ത് ആരോഗ്യ,​ വിദ്യാഭ്യാസ രംഗങ്ങളിൽ കേരളം മുന്നിലായിരുന്നു എന്നാണ് പ്രചരിപ്പിച്ചത്. ഇന്ന് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു. ഇതു പരിഹരിക്കണമെങ്കിൽ വ്യാവസായിക,​ കാർഷിക രംഗങ്ങളിലെല്ലാം വളർച്ച കൈവരിക്കണം. എന്നാൽ കാർഷിക മേഖല മുരടിച്ചുകഴിഞ്ഞു. വ്യവസായ അനുകൂല അന്തരീക്ഷം കേരളത്തിലില്ല. ആരും ഇങ്ങോട്ടു വരില്ല. വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തകർച്ചയ്ക്കും കാരണം കമ്യൂണിസ്റ്റുകാർ തന്നെ. സ്‌കൂൾ മുതൽ സർവകലാശാലകൾ വരെ യോഗ്യതയില്ലാത്ത സ്വന്തക്കാരെ തിരുകിക്കയറ്റി എല്ലാറ്റിനെയും തകർത്തു. ഭരണമെന്നാൽ,​ സ്വന്തക്കാരെ ഉന്നതസ്ഥാനങ്ങളിലും അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും എല്ലാ ശ്രേണികളിലും തിരുകിക്കയറ്റുക എന്നതായി,​ സി.പി.എം നയം.

കൊള്ളയടി

മത്സരം

സഹകരണ മേഖല കൊള്ളയടിച്ചു. ഏതാണ്ടെല്ലാ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വ്യാജപ്പേരുകളിലും മറ്റു പലരുടെയും ജാമ്യത്തിലും കോടികൾ വായ്പയെടുത്ത് തിരിമറി നടത്തി. ഇടതും വലതും ഇക്കാര്യത്തിൽ മത്സരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം. സമരങ്ങൾ പോലും ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റേതാണ്. കേരളം മുഴുവൻ സോളാർ സമരം നടത്തിയപ്പോൾ അത് പിൻവലിച്ചോടാൻ പിന്നാമ്പുറ ചർച്ച നടത്തിയ കഥ പുറത്തുവന്നത് നാം കണ്ടല്ലോ. ഇക്കാര്യം ബി.ജെ.പി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഒടുവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസും ഉന്നതരിലേക്ക് എത്തുമെന്നറിഞ്ഞതോടെ ഇടതും വലതും ചേർന്ന് ഒത്തുതീർത്ത കഥ കേരളീയരൊക്കെ ഞെട്ടലോടെയാണ് കേട്ടത്.

മാടമ്പി രാഷ്ട്രീയമാണ് സി.പി.എം ഇപ്പോൾ കേരളത്തിൽ നടത്തുന്നത്. ബംഗാളിലെ 37 കൊല്ലത്തെ സി.പി.എം ഭരണത്തിന് തീരശ്ശീല വീണത് അവിടത്തെ ജനം സഹിച്ചു മടുത്ത് അതിനെ തൂത്തെറിയാൻ തയ്യാറായപ്പോഴാണ്. കേരളത്തിലും ഇങ്ങനെയൊരു മുന്നേറ്റം വേണ്ടിയിരിക്കുന്നു. ബംഗാളിൽ മുഹമ്മദ് സലിമുമാരുടെ തോളിൽ കയ്യിട്ട്. സി.പി.എം- കോൺഗ്രസ് ഐക്യം സിന്ദാബാദ് വിളിക്കുന്നവർക്ക് അതിനു കഴിയില്ല. അതിന് ബി.ജെ.പിക്കു മാത്രമേ കഴിയൂ. അതിനു കളമൊരുക്കുന്ന രീതിയിലേക്ക് കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം മാറിക്കൊണ്ടിരിക്കുകയാണ്. ഇല്ലെങ്കിൽ കേരളത്തിന് നഷ്ടമേ ഉണ്ടാകൂ. അധികാരത്തിന്റെ ഹുങ്കിൽ മൂന്നാം വാർഷികം ആഘോഷിക്കുന്നവരെ,​ ഒരു ജനതയുടെ വിലാപം രോഷമായി മാറി നിങ്ങൾക്കു നേരെ ഉയരുന്നുണ്ട് എന്ന് ഓർമ്മിപ്പിക്കട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSURENDRAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.