ന്യൂഡൽഹി : പത്തുവർഷങ്ങൾക്ക് മുൻപ് എടുത്ത ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ അസാധുവാകുമെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിൽ വിശദീകരണവുമായി യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി 2024 ജൂൺ 14നാണ്. ഇത് കഴിഞ്ഞാൽ ആധാർ കാർഡ് പ്രവർത്തിക്കില്ലെന്ന് അവകാശപ്പെടുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് വ്യാജവാർത്തയാണെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചു. പത്ത് വർഷത്തിന് ശേഷവും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിലും അവയുടെ സാധുത തുടരുമെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.
അതേസമയം പുതുക്കുന്നത് നല്ലതാണ്. ആധാർ കാർഡിലെ വിലാസമോ ഫോട്ടോയോ വർഷങ്ങൾ പഴക്കമുള്ളതാകാം, അത്തരമൊരു സാഹചര്യത്തിൽ, അത് അപ്ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. എന്നാൽ ആധാർ പുതുക്കിയില്ലെങ്കിലും അത് മുമ്പത്തെപ്പോലെ തന്നെ പ്രവർത്തിക്കും. റദ്ദാക്കപ്പെടുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്യില്ല. ജൂൺ 14 നുള്ളിൽ സൗജന്യമായി ആധാർ പുതുക്കാം ഓൺലൈനായി അപ്ഡേറ്റ് ചെയ്താൽ മാത്രമേ സൗജന്യ അപ്ഡേറ്റ് സൗകര്യം ലഭിക്കൂ. എന്നിരുന്നാലും, ആധാർ സേവാ കേന്ദ്രത്തിൽ പോയി അവരുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിന് പണം നൽകേണ്ടിവരും.
ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി 2024 ജൂൺ 14 വരെ കേന്ദ്രം നീട്ടിയിരുന്നു. നേരത്തെ മാർച്ച് 14 വരെയായിരുന്നു സമയപരിധി. എന്നാൽ സൗജന്യമായി ഓൺലൈനായി രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജൂൺ 14 വരെ നീട്ടിയത്. ഇതാണ് ജൂൺ 14ന് മുമ്പ് പത്തുവർഷങ്ങൾക്ക് മുമ്പ് എടുത്ത ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തില്ലായെങ്കിൽ അസാധുവാകും എന്ന തരത്തിൽ അഭ്യൂഹം പരക്കാൻ ഇടയാക്കിയതെന്നും യു.ഐ,ഡി,എ,ഐ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |