ലണ്ടൻ : യു.കെയിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം ആരംഭിച്ച് രാഷ്ട്രീയ പാർട്ടികൾ. ജൂലായ് 4നാണ് തിരഞ്ഞെടുപ്പ്. ഈ വർഷം അവസാനത്തോടെയാകും തിരഞ്ഞെടുപ്പെന്ന് കരുതിയതെങ്കിലും പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം അപ്രതീക്ഷിത പ്രഖ്യാപനം നടത്തുകയായിരുന്നു.
അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷമായ ലേബർ പാർട്ടിയും നേതാവ് കിയർ സ്റ്റാർമറും. ഇന്നലെ കെന്റിൽ നിന്ന് സ്റ്റാർമറും ഡെർബിഷെയറിൽ നിന്ന് സുനകും പ്രചാരണത്തിന് തുടക്കമിട്ടു.
യു.കെയിലെ സാമ്പത്തിക നില ഏറെ മെച്ചപ്പെട്ടെന്നും ഇനി ഭാവി നിർണിയിക്കാനുള്ള സമയമാണെന്നും കൺസർവേറ്റീവ് പാർട്ടി നേതാവായ ഋഷി പ്രതികരിച്ചു. 15 വർഷത്തോളമായി യു.കെ ഭരിക്കുന്ന കൺസർവേറ്റീവ് പാർട്ടിയിൽ ജനങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നും പരാജയപ്പെടുമെന്നുമാണ് സർവേ ഫലങ്ങൾ. ഋഷിയുടെ നേതൃത്വത്തോട് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ട്.
2019 മുതൽ മൂന്ന് കൺസർവേറ്റീവ് പ്രധാനമന്ത്രിമാരാണ് യു.കെയിലുണ്ടായത്. 2022ൽ ബോറിസ് ജോൺസൺ വിമത നീക്കത്തിലൂടെ രാജിക്ക് വഴങ്ങിയതോടെ പാർട്ടിക്കുള്ളിൽ നടത്തിയ നേതൃത്വ തിരഞ്ഞെടുപ്പിലൂടെ ലിസ് ട്രസും പിന്നാലെ ഋഷി സുനകും പ്രധാനമന്ത്രിമാരായി. ബോറിസിനെതിരെ വിമത നീക്കം നടത്തിയതിനാൽ പാർട്ടിയിലെ അദ്ദേഹത്തിന്റെ അനുയായികൾ ഋഷിക്കെതിരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |