SignIn
Kerala Kaumudi Online
Saturday, 22 June 2024 3.17 AM IST

കൊല്ലം കോട്ടൺ മിൽ സമരത്തിന് 75 വയസ്, ചോരയിലെഴുതിയ സമരകഥ

kollam

കേരളത്തിലെ തൊഴിലാളിവർഗ സമരചരിത്രത്തിൽ ഐതിഹാസികമായ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത ചവറയിലെ കരിമണൽ തൊഴിലാളികളുടെയും കൊല്ലത്തെ ടെക്സ്റ്റെെൽ മിൽ തൊഴിലാളികളുടെയും ഉജ്ജ്വലമായ ഇടവം 12 സമരത്തിന് 75 വർഷം. തൊഴിലാളിവർഗം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഇടവം 12- ലെ സമരവീര്യം തൊഴിലാളി വർഗത്തിന് പുതിയ ദിശാബോധം നൽകുന്നതാണ്. കരിമണൽത്തൊഴിലാളിയും കശുഅണ്ടിത്തൊഴിലാളിയും കയർത്തൊഴിലാളിയും ഉൾപ്പെടെ തൊഴിലാളി സമൂഹത്തിന് ഒ​റ്റ വർഗമേയുള്ളൂ എന്ന തിരിച്ചറിവ് സാദ്ധ്യമാക്കിയ ഉജ്ജ്വല സമരമാണ് 1124 ഇടവം 11, 12 തീയതികളിൽ കൊല്ലത്തു നടന്നത്. 1949 മേയ് 25-ന് കൊല്ലം 'ചവറ ലഹള' എന്ന പേരിൽ അറിയപ്പെടുന്ന സമരം തിരുവിതാംകൂറിലെ തൊഴിലാളികളുടെ സമരചരിത്രത്തിലെ ഇതിഹാസ പോരാട്ടമായി തിളങ്ങിനില്ക്കുന്നു.

തിരുവിതാംകൂറിലെ ഏ​റ്റവും പഴയ വ്യവസായ സ്ഥാപനമായ എ.ഡി. കോട്ടൺ മിൽ (ഇന്നത്തെ പാർവതി മിൽ) ലോക്ക് ഔട്ട് ചെയ്തതായി ഉടമ അമൃതലാൽ ഗിരിധരലാൽ പ്രസ്താവിക്കുന്നിടത്താണ് ആ സമരാദ്ധ്യായത്തിന്റെ ആമുഖം. ലോക്ക് ഔട്ടിനെതിരെ തൊഴിലാളികൾ കുത്തിയിരിപ്പു സമരം തുടങ്ങി. വീട്ടിൽപ്പോലും പോകാതെ മില്ലിൽത്തന്നെ കഞ്ഞിയും കപ്പയും പാചകം ചെയ്ത് തൊഴിലാളികൾ നടത്തിയ രാപ്പകൽ സമരം കാരണം മില്ലിന്റെ ഒരു വിഭാഗവും അടച്ചുപൂട്ടാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ല. സമരത്തെ പൊലീസിനെ ഉപയോഗിച്ച് തളയ്ക്കാനായിരുന്നു മാനേജ്‌മെന്റിന്റെയും ഭരണകൂടത്തിന്റെയും ശ്രമം.

അതികായനായ

സമരനായകൻ

കോട്ടൺ മിൽ സമരം മില്ലിലെ തൊഴിലാളികളുടെ മാത്രം സമരമായിരുന്നില്ല. അതിനെ ഒരു ബഹുജന പ്രക്ഷോഭമായി വളർത്തിയെടുക്കുവാൻ തൊഴിലാളി നേതാവായിരുന്ന എൻ. ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞു. സമരം കൊടുമ്പിരിക്കൊണ്ട് നടക്കുന്നതിനിടെയാണ് ഇടവം 11-ന് മില്ലിനുള്ളിൽ പൊലീസ് നരനായാട്ടു നടത്തിയത്. സമരമുഖത്തു നിന്ന് ഒരിക്കലും അകന്നുനിൽക്കാത്ത ശ്രീകണ്ഠൻ ചേട്ടൻ ഒരു അത്യാവശ്യത്തിന് അമ്പലപ്പുഴയിലേക്കു പുറപ്പെടാൻ പാർട്ടി ഓഫീസിലിരിക്കുമ്പോഴാണ് മിൽ തൊഴിലാളിയായ ജനാർദ്ദനൻപിള്ള അരയ്ക്കു കീഴോട്ട് ചോരയിൽ നന‍ഞ്ഞ് പാർട്ടി ഓഫീസിലെത്തുന്നത്.

പൊലീസ് മർദ്ദനത്തിന്റെ ക്രൂരത ജനാർദ്ദനൻപിള്ള വിവരിച്ചു തീരുംമുമ്പ് ശ്രീകണ്ഠൻ ചേട്ടൻ,​ നേരത്തേ നിശ്ചയിച്ചിരുന്ന പരിപാടികളെല്ലാം ഉപേക്ഷിച്ച് കോട്ടൺ മില്ലിലേക്കു പുറപ്പെട്ടു. മുൻകൂട്ടി ആഹ്വാനം ചെയ്ത് തൊഴിലാളികളെ സംഘടിപ്പിച്ച് സമരമുഖത്തേക്ക് പുറപ്പെടുന്നതായിരുന്നില്ല ഒരിക്കലും ചേട്ടന്റെ രീതി. ആ യാത്ര കാണുന്ന ഓരോരുത്തരും സമരനായകനൊപ്പം അണിനിരക്കും! സമരമുഖത്തെത്തുമ്പോഴേക്കും അത് ഒരു ബഹുജന റാലിയായി മാറിക്കഴിഞ്ഞിരിക്കും!

ശ്രീകണ്ഠൻ ചേട്ടൻ മുൻനിരയിൽ കാണുമെന്ന് പൊലീസിന് നന്നായി അറിയാം. കൊല്ലത്തെ വിറപ്പിച്ചിരുന്ന പൊലീസ് എസ്.ഐ: മരിയാപൂതത്തെ കോട്ടൺ മിൽ സമരത്തിനിടെ ശ്രീകണ്ഠൻ ചേട്ടൻ ക്രോസ്ബെൽ​റ്റിൽ തൂക്കിയെടുത്ത് എറിഞ്ഞത് പൊലീസിന് തിക്തമായ അനുഭവമായിരുന്നു. കനത്ത പൊലീസ് സന്നാഹം മില്ലിനു മുന്നിൽ റെഡിയായി നിന്നു. ഒന്നിനെയും കൂസാത്ത ആ അതികായൻ മില്ലിലേക്ക് കുതിച്ചുചെന്നു. തയ്യാറായി പൊലീസ് സംഘം ശ്രീകണ്ഠൻ ചേട്ടനെ പിറകിൽ നിന്ന് അരയ്ക്ക് ചു​റ്റിപ്പിടിച്ചു. മുദ്റാവാക്യം മുഴക്കിയ കൈകൾ മറ്റൊരാൾ പൂട്ടി. ആറേഴു പൊലീസുകാർ ചു​റ്റും നിന്ന് വരിഞ്ഞുമുറുക്കി. എസ്.പി ഗോപാലൻ ശ്രീകണ്ഠൻ ചേട്ടന്റെ തലയ്ക്കു നേരെ ലാത്തി ഓങ്ങി.

കഥയെ വെല്ലും

പോരാട്ടം

ആ ക്രൂരത സമരസഖാക്കളെ ചൊടിപ്പിച്ചു. തുടർന്ന്,​ മില്ലിനകത്തുനിന്നും പുറത്തുനിന്നും തൊഴിലാളികൾ പൊലീസിനെ കല്ലുകൊണ്ട് നേരിട്ടു. ലാത്തി പിടിച്ചെടുക്കാൻ ശ്രമിച്ച കെ. വേണുഗോപാൽ മേനോനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. ഇതുകണ്ട ശ്രീകണ്ഠൻ ചേട്ടൻ,​ തന്നെ ചു​റ്റിപ്പിടിച്ചിരുന്ന പൊലീസുകാരെ തെറിപ്പിച്ച് രക്ഷയ്ക്കെത്തി. ഏ​റ്റുമുട്ടലിലും ലാത്തിച്ചാർജിലും നിരവധി പേർക്ക് ഗുരുതരമായി പരിക്കേ​റ്റു. അരിശം തീരാഞ്ഞ പൊലീസ്,​ഗർഭിണിയെയും കൊണ്ടുവന്ന റിക്ഷാ തൊഴിലാളിയെയും ഗർഭിണിയെയും മർദ്ദിച്ചു. ശ്രീകണ്ഠൻ നായർ ഉൾപ്പെടെ സമര നേതാക്കളെ അറസ്​റ്റ് ചെയ്തു. അറസ്​റ്റ് കഴിഞ്ഞ് പോകുംവഴി ജീപ്പിന്റെ സ്പീഡ് കുറയുംവിധം റോഡിന്റെ വശത്തുകൂടി പോയിരുന്ന കാളവണ്ടിയിലെ വണ്ടിക്കാളയെ ലാത്തികൊണ്ട് അടിച്ചു. ആ സമരം കൊല്ലത്തെ തൊഴിലാളി വർഗത്തിന്റെ പോരാട്ടവീര്യം ജ്വലിപ്പിച്ചു. പലയിടത്തു നിന്നും വിവിധ വിഭാഗം തൊഴിലാളികൾ അനുഭാവം പ്രകടിപ്പിച്ച് കൊല്ലത്തേക്ക് മാർച്ച് നടത്തി.

ലാത്തിച്ചാർജിലും സമര നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് മിനറൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും നടത്തിയ റാലി ഇടവം 12ന് ചവറയിൽ നിന്ന് ആരംഭിച്ചു. കോവിൽതോട്ടത്തു നിന്ന് ശങ്കരമംഗലം വഴി നീങ്ങിയ ജാഥയെ പരിമണത്തുവച്ച് പൊലീസ് തടഞ്ഞു. ജാഥ അടിച്ചമർത്തുകയായിരുന്നു ലക്ഷ്യം. കസബ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് പാലം കടന്ന് എത്തിയതും തൊഴിലാളികൾ കല്ലേറു തുടങ്ങി. അമ്പലപ്പുഴ നിന്നും കൊല്ലം,​ തിരുവനന്തപുരം ഭാഗത്തുനിന്നും റിസർവ് പൊലീസും എത്തി. നീണ്ടകര പാലത്തിൽ ഇരുഭാഗത്തു നിന്നും അടിച്ച് തൊഴിലാളികളെ കടലിൽ തള്ളാനായിരുന്നു പദ്ധതി. പക്ഷേ,​ തൊഴിലാളികളുടെ സമരവീര്യത്തിനു മുമ്പിൽ പൊലീസിന് അടിയറവ് പറയേണ്ടിവന്നു.

പാവങ്ങളെയും

വെറുതെ വിട്ടില്ല

ജാഥയുടെ സൂത്രധാരനും നേതാവും ബേബി ജോൺ ആയിരുന്നു. അദ്ദേഹം ഉൾപ്പെടെ ഒരു നേതാവിനെയും അറസ്​റ്റ് ചെയ്യാനോ കൊണ്ടുപോകാനോ തൊഴിലാളികൾ അനുവദിച്ചില്ല. പി​റ്റേന്ന്,​ കണ്ണിൽക്കണ്ട തൊഴിലാളികളെയെല്ലാം പൊലീസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കേസിൽ പ്രതികളാക്കി. സ്ത്രീകളെയും കുട്ടികളെയും മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു. ബേബി ജോൺ ഉൾപ്പെടെ നിരവധി നേതാക്കൾ പൊലീസിൽ കീഴടങ്ങി. മൂന്നുമാസം മുതൽ മൂന്നുവർഷം വരെ സമരനേതാക്കൾക്കും പ്രവർത്തകർക്കും ജയിൽ ശിക്ഷ!

മൂന്നുവർഷത്തെ തടവു ശിക്ഷ അനുഭവിക്കവേ ക്രൂര മർദ്ദനത്തിന് വിധേയനായ കൊച്ചുപിള്ള ചെട്ടിയാർ തിരുവനന്തപുരം സെൻട്രൽ ജയിലിൽ വീരമൃത്യു വരിച്ചു. ഒ​റ്റാവിളയിൽ രാഘവൻപിള്ള ജയിൽവാസക്കാലത്ത് ക്ഷയരോഗം ബാധിച്ച് മരണപ്പെട്ടു. മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകാൻ പോലും ഭരണാധികാരികൾ തയ്യാറായില്ല. സഹോദരൻ നാണുപിള്ള ഒളിവുജീവിതത്തിനിടയിൽ പട്ടിണി മൂലവും ചികിത്സ കിട്ടാതെയും മരിച്ചു. ഇടവം 12 സമരത്തിലെ ധീര രക്തസാക്ഷികളാണ് മൂവരും. പൊലീസിന്റെ അതിക്രൂരമായ മർദ്ദനമുറകൾക്ക് വിധേയരായ നൂറുകണക്കിന് ജീവിക്കുന്ന രക്തസാക്ഷികളും ആ സമരത്തിലുണ്ടായി.

ഉണരേണ്ട

വർഗബോധം

തങ്ങളുടെ ആവശ്യങ്ങൾക്കായി മാത്രം സമരംചെയ്യുന്ന സങ്കുചിത തൊഴിലാളി യൂണിയൻ പ്രവർത്തനമായിരുന്നില്ല അന്നത്തേത്. കരിമണൽ തൊഴിലാളികൾ പ്രതിഷേധിച്ചതും മർദ്ദനമേ​റ്റതും ജയിൽശിക്ഷ അനുഭവിച്ചതുമെല്ലാം ടെക്‌സ്റ്റെെൽ തൊഴിലാളികൾക്കു വേണ്ടിയാണ്. അവരെ പ്രതിഷേധത്തിലേക്കും സമരത്തിലേക്കും നയിച്ചത് തൊഴിലാളി എന്ന വിശാല വർഗബോധമാണ്. വർഗബോധത്തിൽ ഊന്നിയുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കൊല്ലത്തിന്റെ ഭാവി ഭാഗധേയം നിശ്ചയിക്കുന്ന ശക്തികളായി യു.ടി.യു.സിയും ആർ.എസ്.പി യും വളർന്നത്. തൊഴിലാളികളുടെ വർഗബോധം ഉണ‌ർത്തുകയും വളർത്തുകയും ചെയ്ത്,​ അവരെ പോരാട്ടത്തിനുള്ള മഹാശക്തിയായി വളർത്തിയെടുക്കേണ്ട സാഹചര്യമാണ് ഇന്ന്.

കയർ, കശുഅണ്ടി, കരിമണൽ, കൺസ്ട്രക്ഷൻ, കർഷകർ, തയ്യൽ, മത്സ്യ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഭരണകൂടം നിഷ്കരുണം നിഷേധിക്കുകയാണ്. വിവിധ വിഭാഗം തൊഴിലാളികൾക്കും കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്കും ശമ്പളം നിഷേധിച്ചപ്പോൾ പ്രതികരിക്കാനോ കൂട്ടായി പ്രതിഷേധിക്കാനോ ഇതര വിഭാഗം തൊഴിലാളികൾ തയ്യാറായില്ല. തങ്ങളെ ഇതൊന്നും ബാധിക്കില്ലെന്നു കരുതിയ പൊലീസിനും സർക്കാർ ജീവനക്കാർക്കും സെക്രട്ടറിയേ​റ്റ് ജീവനക്കാർക്കും വരെ ഒടുവിൽ ശമ്പളം മുടങ്ങി. തൊഴിലാളികളുടെ പേരിൽ അധികാരത്തിലേറിയ ഒരു സർക്കാരാണ് ജോലി ചെയ്തതിന്റെ കൂലി പോലും യഥാസമയം നൽകാതിരിക്കുന്നത്! തൊഴിലാളികളുടെ വർഗബോധം ചോർന്നുപോയതാണ് ഇതിനെല്ലാം ഭരണകൂടത്തിന് ധൈര്യം നല്കുന്നത്. തൊഴിലാളികൾ പലതല്ല; ഒന്നാണ്. ഒരൊറ്റ വർഗം. ഇടവം 12 സമരപോരാളികളുടെ സ്മരണയ്ക്കു മുന്നിൽ അഭിവാദ്യമർപ്പിക്കേണ്ടത് തൊഴിലാളി സമൂഹത്തിന്റെ വർഗബോധം വീണ്ടെടുത്തുകൊണ്ടാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.