SignIn
Kerala Kaumudi Online
Thursday, 18 July 2024 9.27 AM IST

വേണം; കാലാവസ്ഥാ സാക്ഷരതയും

climate

ദുബായിൽ ഒരു വർഷക്കാലത്തേക്ക് പെയ്യേണ്ട മഴ ഒരു ദിവസംകൊണ്ട് പെയ്തതിന്റെ ദുരന്തങ്ങൾ ചെറുതല്ല. ദുബായ്, അബുദാബി, ബഹ്റിൻ എന്നിവിടങ്ങളിൽ അതിശക്തമായ മഴയുണ്ടായപ്പോൾ വിദേശത്തേക്കു പോകേണ്ട വിമാനങ്ങൾ നെടുമ്പാശേരിയിൽ നിന്ന് സമയത്ത് പുറപ്പെടാഞ്ഞതിന്റെ പ്രശ്നങ്ങളും നമ്മൾ കണ്ടതാണ്. ചെറിയ പ്രദേശത്ത് കുറഞ്ഞ കാലയളവിൽ വലിയ മഴ എന്ന രീതിയിൽ മഴയുടെ സ്ഥലകാലഭേദം സംഭവിച്ചു കഴിഞ്ഞു. കേരളത്തിൽ മഞ്ഞുകാലം ഏതാണ്ട് മാഞ്ഞുതുടങ്ങി. ഇക്കഴിഞ്ഞ വർഷങ്ങളിലെ നവംബർ,​ ഡിസംബർ മാസങ്ങളിൽ മഞ്ഞുകാലത്തിന് തീവ്രത വളരെ കുറവായിരുന്നു. വേനൽമഴയിൽ കാര്യമായ കുറവുണ്ടായപ്പോൾ ഉഷ്ണതരംഗവും സൂര്യതാപവും കൂടുതലായി. പാലക്കാട് ജില്ലയിൽ 43 ഡിഗ്രിക്കു മുകളിൽ വരെ താപനില ഉയർന്നു!


സംസ്ഥാനത്ത്,​ ശുദ്ധജല വിതരണത്തിന്റെ പ്രധാന സ്രോതസുകളായ നദികൾ വറ്റിയതും വാർത്തകളിൽ നിറഞ്ഞു. ഭാരതപ്പുഴയും വാമനപുരം നദിയും മലമ്പുഴയുടെ ഉപനദികളുമെല്ലാം വറ്റിവരണ്ടു. നദികളിൽ ഏറ്റവും കുറഞ്ഞ നീരൊഴുക്കിനുള്ള (മിനിമം ഫ്ളോ)​ ജലം പോലും ഇല്ലാതാകുമ്പോൾ ഉപ്പുവെള്ളം കരയിലേക്ക് വ്യാപിക്കും. കരയിലെത്തുന്ന ഉപ്പുവെള്ളത്തിലെ ജലാംശം നീരാവിയായി മാറുമ്പോഴും,​ ഉപ്പിന്റെ അംശം മണ്ണിൽ കലർന്ന് മണ്ണിന്റെ ഉത്പാദനശേഷിയും ജൈവാംശവും കുറയ്ക്കും.

അശുഭം,​ ഈ

ലക്ഷണങ്ങൾ

കണിക്കൊന്ന കാലം മാറി പൂത്തു തുടങ്ങിയിട്ട് ഒരു ദശകമാകുന്നു. കേരള തീരത്ത് സുലഭമായിരുന്നു മത്തി (ചാള) കടലിലെ ചൂടു കാരണം തീരം വിട്ട് തമിഴ്നാട് വഴി ഗുജറാത്ത് തീരങ്ങളിലേക്ക് മാറിയിട്ടുണ്ട്. വരണ്ട ഭൂപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മയിലുകൾ നനഞ്ഞ മണ്ണിൽ കൂട്ടത്തോടെ എത്തുന്നതും നല്ല ലക്ഷണമല്ല. തവളകൾ വ്യാപകമായി ചത്തൊടുങ്ങുന്നു. മണ്ണിരകൾക്ക് വലിയ കുറവാണുണ്ടാകുന്നത്. പ്രളയത്തിനു ശേഷം കന്നുകാലികളുടെ പ്രത്യുത്പാശേഷിയിൽ മാറ്റം അനുഭവപ്പെട്ടു തുടങ്ങി. പശുവിന്റെ പാൽ ലഭ്യതയിൽ വേനൽക്കാലത്ത് പതിവിലും കുറവ് സംഭവിക്കുന്നു.


ബംഗാൾ ഉൾക്കടലിലെ താപവ്യതിയാനവുമായി ബന്ധപ്പെട്ടാണ് നമ്മുടെ കാലാവസ്ഥ നിർണയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അറബിക്കടലും ക്രമരഹിതമായി ചൂടാവുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്ലാന്റിക് സമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും താപമാറ്റവും കേരളത്തിലെ തീരങ്ങളെ അതിരൂക്ഷമായി ബാധിക്കുന്നു. കടലിന്റെ ചൂട് കൂടുന്നതിന് അനുസരിച്ച് എൻനിനോ,​ ലാനിന പ്രതിഭാസങ്ങളിലും വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാകുന്നത്.

എൽനിനോ,​

ലാനിന

ഇന്ത്യയിൽ ഉൾപ്പെടെ എൻനിനോയുടെ പ്രഭാവം കുറഞ്ഞുതുടങ്ങിയെന്നും,​ ലാനിന ശക്തിപ്രാപിക്കുന്ന മുറയ്ക്ക് നല്ല മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പുകളുടെ പ്രവചനം. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മൺസൂൺ മഴ ഈ വർഷം പതിവിലും കൂടുതലായിരിക്കുമെന്ന പ്രവചനവും വന്നു കഴിഞ്ഞു. ഉഷ്ണതരംഗവും വരൾച്ചയും ചൂടുമൊക്കെ അനുഭവിച്ച നാട്ടിൽ മൺസൂൺകാലം പ്രളയമാകുമോ എന്നതും പ്രധാന ആശങ്കയാണ്.

കേരളത്തിൽ 'ഓറോഗ്രഫിക്" അഥവാ പർവതജന്യമായ മഴയാണ് കൂടുതലും ലഭിച്ചിരുന്നത്. അതേസമയം മഴയുടെ രീതികൾ മാറി സംവഹന മഴയിലേക്ക് നീങ്ങുന്നതായും നിഗമനങ്ങളുണ്ട്. ട്രോപ്പോസ്‌ഫിയറിലെ താഴ്ന്ന ഉയരത്തിലാണ് ഇപ്പോൾ മഴമേഘങ്ങൾ സംഗമിക്കുന്നത്. ശക്തമായ ചൂടിൽ നീരാവിയാകുന്ന വെള്ളത്തുള്ളികൾ വളരെ ഉയരത്തിലേക്ക് പോകുന്ന രീതി മാറി,​ താഴ്ന്ന നിലയിൽ നിന്ന് മഴയായി എത്തുകയാണ്. മഴത്തുള്ളികളുടെ കനവും കൂടിയിട്ടുണ്ട്. മഴയുടെ രീതിയാകെ മാറുകയാണ്.

കടലിന്റെ പ്രഭാവവും കാറ്റിന്റെ ഗതിയും ചക്രവാതങ്ങളുടെ ഘടനയുമെല്ലാം അടിമുടി വ്യത്യാസപ്പെട്ടു കഴിഞ്ഞു. 2050-ഓടുകൂടി കടലുകളിൽ മത്സ്യസമ്പത്തിനോളം തന്നെ പ്ളാസ്റ്റിക് മാലിന്യങ്ങൾ കാണുമെന്നാണ് കണക്കാക്കപ്പെടുന്നത്. കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കടലിന്റെ ചൂട് വർദ്ധിപ്പിക്കുന്നതിൽ എന്തു പങ്കാണ് വഹിക്കുന്നത് എന്നതിനെക്കുറിച്ചും കൂടുതൽ അറിയേണ്ടതുണ്ട്.

സാമ്പത്തിക

പ്രത്യാഘാതവും

കേരളത്തിൽ ഉൾപ്പെടെയുള്ള കാടുകളിലെ സൂക്ഷ്മ കാലാവസ്ഥയ്ക്ക് വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചൂട് കൂടുന്നതുകൊണ്ടും,​ ജലം കുറയുന്നതുകൊണ്ടുമാകാം വന്യമൃഗങ്ങൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കൂടുതലായി വരുന്നത്. ചെറിയ പ്രദേശങ്ങളിൽ വളരെ കുറഞ്ഞ കാലയളവിൽ മാറ്റമുണ്ടാകുന്നതിന് അനുസൃതമായി സാമ്പത്തിക രംഗത്തും മാറ്റങ്ങളും മാന്ദ്യവും അനുഭവപ്പെടും. കുടിവെള്ളം, ശുചിത്വം, വ്യവസായം, ആരോഗ്യം, ജലവൈദ്യുതി, ജലടൂറിസം, പരിസ്ഥിതി സംരക്ഷണം, തുടങ്ങി വിവിധ മേഖലകൾക്കാവശ്യമായ കാലാനുസൃതമായ ജലലഭ്യത ഉറപ്പാക്കുവാൻ കാലാവസ്ഥാ വ്യതിയാനം കാരണം കഴിയുന്നില്ല!

കാലാവസ്ഥ സ്ഥിരതാ വിള ഫണ്ടിനെകുറിച്ചൊക്കെ ഗൗരവമേറിയ ചർച്ചകൾ വന്നുകഴിഞ്ഞു. പണ്ടത്തേതു പോലെ,​മൺസൂണിന്റെ രീതികളെ ആശ്രയിച്ചു മാത്രമുള്ള കൃഷിരീതികൾ മാറ്റേണ്ട കാലമാണ് മുന്നിലുള്ളത്. പുതിയ വിത്തിനങ്ങളും ജലസേചന,​ കാർഷികവിള സമ്പ്രദായവും വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മഴവെള്ളസംഭരണവും കൃത്രിമ ഭൂജല പരിപോഷണവും ജലസംരക്ഷണവുമെല്ലാം കൂടുതലായി നടക്കേണ്ടതുണ്ട്.

ആഗോള താപനവും തുടർന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും ലോകരാജ്യങ്ങളെല്ലാം ഗൗരവമേറിയ ചർച്ചാ വിഷയമായി ഏറ്റെടുക്കുകയും,​ പരിഹാരമാർഗങ്ങൾ തേടുകയും ചെയ്യുകയാണ്. മനുഷ്യപ്രേരിതമായ കാരണങ്ങൾകൊണ്ടു കൂടിയാണ് നിയതമായ കാലാവസ്ഥാ രീതികൾക്കും,​ കാലാവസ്ഥകൾ മാറിവരുന്നതിന്റെ സമയക്രമത്തിനും സ്ഥലങ്ങൾക്കുമൊക്കെ വലിയ വ്യത്യാസമുണ്ടായത്. അന്തരീക്ഷത്തിലെ കാർബൺ, മീഥൈൻ എന്നിവയുടെ അളവ് ക്രമാതീതമായി ഉയരുകയാണ്. ചൂടും പ്രകാശവുമെല്ലാം വർദ്ധിച്ചു വരുന്നതിനാൽ കടലിലെ ജലമുൾപ്പെടെ നീരാവിയാകുന്നതിന്റെ വേഗത കൂടുകയാണ്.

ഭൂമി,​ ചൂടിന്റെ

മഹാകുംഭം

ഇക്കാരണംകൊണ്ട് അന്തരീക്ഷത്തിൽ ധാരാളമായി ജലകണികകൾ കാണും. അവയിൽ വെള്ളത്തോടൊപ്പം ഊർജ്ജം കൂടിയുണ്ട്. അങ്ങനെയുള്ള ഊർജ്ജവും സൂര്യന്റെ ചൂടും കൂടിയാകുമ്പോൾ ഇരട്ടിപ്രഹരമാണ് ഉണ്ടാകുന്നത്. സൂര്യന്റെ ചൂട് ഭൂമിയിലെത്തിയതിനു ശേഷം കുറെ ഭാഗമെങ്കിലും വിവിധ അന്തരീക്ഷ മണ്ഡലങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. അന്തരീക്ഷത്തിലെ താഴ്ന്ന മണ്ഡലമായ ട്രോപ്പോസ്‌ഫിയറിൽ ധാരാളം ജലാംശവും കാർബൺ ഉൾപ്പെടെയുള്ള വാതകങ്ങളും കുടപോലെ നിൽക്കുന്നതിനാൽ ചൂടിന് അന്തരീക്ഷത്തിന്റെ മറ്റു മണ്ഡലങ്ങളിലേക്ക് പോകാനാകില്ല. അങ്ങനെ വിവിധ രൂപത്തിലുള്ള ചൂട് അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ഇതിലൂടെ അധിക താപത്തിനു മാത്രമല്ല,​ വലിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.


ക്രമരഹിതമായുണ്ടാകുന്ന മഴയും മഴയിലെ മാറ്റവും നല്കുന്നത് പ്രളയവും വരൾച്ചയുമായിരിക്കും. എന്തായാലും ആഗോളതലത്തിലും പ്രാദേശികാടിസ്ഥാനത്തിലും ചൂടിന്റെയും മഴയുടെയും രീതികളിൽ സംഭവിച്ച മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള സാമ്പത്തിക, ജല, പരിസ്ഥിതി, കാർഷിക, ആരോഗ്യ, മാലിന്യ സംസ്‌കരണ, ദുരന്ത നിവാരണ ഊർജ്ജ നയങ്ങളും പരിപാടികളുമാണ് വേണ്ടത്. അതിനനുസരിച്ചുള്ള ജലസാക്ഷരത, പരിസ്ഥിതി സാക്ഷരത, ആരോഗ്യസാക്ഷരത, ദുരന്ത പരിപാലന സാക്ഷരത, കൃഷി സാക്ഷരത, ഊർജ്ജ സാക്ഷരത എന്നിവയും പ്രധാനമാണ്. തിരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിഞ്ഞാലുടൻ നമ്മൾ ഏറ്റെടുക്കേണ്ട ഗൗരവമായ ബഹുജന വിദ്യാഭ്യാസ പരിപാടി കാലാവസ്ഥാ സാക്ഷരതയാണ്. കാലം മാറി; കാലാവസ്ഥയും. അതിനനുസരിച്ച് നമുക്കും മാറിയേ മതിയാകൂ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CLIMATE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.