SignIn
Kerala Kaumudi Online
Wednesday, 25 September 2024 10.26 AM IST

ഇന്ത്യൻ സിനിമയ്‌ക്ക് അഭിമാന നിമിഷം

Increase Font Size Decrease Font Size Print Page
can

വിഖ്യാതമായ കാൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമ തിളങ്ങിനിന്ന നിമിഷങ്ങളാണ് കടന്നുപോയത്. അതിൽ ശ്രദ്ധേയമായ മലയാളി സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്നത് ആ നേട്ടത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവന് ലഭിച്ച വിശ്രുതമായ പിയർ ആഞ്ചനിയോ ബഹുമതി അതിൽ വിലമതിക്കാനാവാത്ത ഒന്നാണ്. ഈ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.

കാനിൽ പാം ഡി ഓറിനു വേണ്ടി മത്‌സര വിഭാഗത്തിൽ പ്രദർശിപ്പിച്ച പായൽ കപാഡിയയുടെ ഇന്ത്യൻ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഹിന്ദി - മലയാളം ഭാഷകളാണ് സംസാരിക്കുന്നത്. അതിൽ മുഖ്യ കഥാപാത്രങ്ങളായി വന്നത് മലയാളി നടിമാരായ കനി കുസൃതിയും ദിവ്യപ്രഭയും ആയിരുന്നു. ഹൃദു ഹരൂൺ, അസിസ് നെടുമങ്ങാട് എന്നീ മലയാളി നടൻമാരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കാനിൽ ഈ ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഷാജി എൻ. കരുൺ സംവിധാനം ചെയ‌്‌ത 'സ്വം" 1994-ൽ പാം ഡി ഓറിനു വേണ്ടി മത്‌സരിച്ച് മുപ്പതു വർഷം പിന്നിടുമ്പോഴാണ് ഒരു ഇന്ത്യൻ സിനിമ ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടതെന്നത് ചലച്ചിത്ര പ്രവർത്തകരെ ഇരുത്തി ചിന്തിപ്പിക്കേണ്ട കാര്യമാണ്.

രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച സന്തോഷ് ശിവൻ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച അഭിമാന മുഹൂർത്തങ്ങൾ അനവധിയാണ്. മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലും ഹോളിവുഡ്ഡിലും താരശോഭയോടെ തിളങ്ങാൻ സന്തോഷിനു കഴിഞ്ഞിട്ടുണ്ട്. ഏഷ്യാ പസഫിക് റീജിയണിൽ നിന്ന് അമേരിക്കൻ സൊസൈറ്റി ഓഫ് സിനിമാട്ടോഗ്രാഫേഴ്‌സിൽ ആദ്യമായി അംഗത്വം ലഭിച്ചതും സന്തോഷിനായിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് അഞ്ചു തവണ നേടിയതടക്കം സംവിധായകൻ എന്ന നിലയിൽ ഉൾപ്പെടെ പന്ത്രണ്ടോളം ദേശീയ പുരസ്‌കാരങ്ങളും വിവിധ ഭാഷകളിൽ നിന്നുള്ള മറ്റ് അവാർഡുകളും കരസ്ഥമാക്കി. പ്രസ്സ് ഫോട്ടോഗ്രാഫിയിലെ കുലപതിയും ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റെ മകനായ സന്തോഷ് അച്ഛന്റെ പാതയിൽ തുടങ്ങി ഉജ്ജ്വലമായ ഈ നേട്ടത്തിലെത്തിയത് പ്രൊഫഷനോട് കാട്ടിയ അർപ്പണബോധവും ആത്‌മാർത്ഥതയുമാലാണ്. സന്തോഷ് ശിവന്റെ ഷോട്ടുകളിൽ സംഗീതമുണ്ട്. നിഴലും വെളിച്ചവുമാണ് അതിന്റെ മെലഡി.കാനിലെ തിങ്ങിനിറഞ്ഞ സദസ്സിൽ ബഹുമതി സ്വീകരിച്ചു നടത്തിയ മറുപടി പ്രസംഗത്തിൽ മാതാപിതാക്കളെയും മുത്തശ്ശിയെയും അടുത്തിടെ വിടപറഞ്ഞ ജ്യേഷ്ഠൻ സംഗീത് ശിവനെയും സന്തോഷ് ഓർമ്മിച്ചു. കേരളത്തിന്റെ പ്രകൃതിയും സംസ്‌കാരവുമാണ് തന്റെ ഉൗർജ്ജമെന്നു പറഞ്ഞ സന്തോഷ് അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ച മലയാളം ചലച്ചിത്ര ഇൻഡസ്ട്രിയെയും അനുസ്‌മരിച്ചു.

കാനിൽ റെഡ് കാർപ്പറ്റ് നടത്തയ്‌ക്കിടെ നടി കനികുസൃതി ഉയർത്തിപ്പിടിച്ച തണ്ണിമത്തൻ ബാഗ് ഇന്ന് ലോകമെമ്പാടും ചർച്ചാവിഷയമാണ്. പാലസ്‌തീൻ ജനതയ്‌ക്കുള്ള ഐക്യദാർഢ്യമായി കനി നൽകിയ ഈ രാഷ്ട്രീയ സന്ദേശം താൻ ഒരു അഭിനേത്രി മാത്രമല്ല സമൂഹ ജീവി കൂടിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.കനികുസൃതിയും ദിവ്യപ്രഭയെയും പോലുള്ള മികച്ച നടിമാരെ മലയാള സിനിമ എത്രമാത്രം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ആലോചിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കണം.

കാനിൽ ഇന്ത്യൻ സിനിമയുടെ യശസ്സ് ഉയർത്തിയ സന്തോഷ് ശിവനെയും ,നടിമാരായ കനികുസൃതി, ദിവ്യപ്രഭ, ഒപ്പം മലയാളി പ്രതിഭകളെ സമർത്ഥമായി അവതരിപ്പിച്ച സംവിധായിക പായൽ കപാഡിയയെയും അഭിനന്ദിക്കാൻ ഞങ്ങൾ ഈ അവസരം വിനിയോഗിക്കുകയാണ്. ഈ പ്രതിഭകളെ അർഹിക്കുന്ന അനുമോദനം നൽകി ആദരിക്കാൻ കേരള സർക്കാരും തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.