SignIn
Kerala Kaumudi Online
Thursday, 18 July 2024 9.26 AM IST

നാഥനില്ലാ കളരിയായി ജല അതോറിട്ടി

water

കടംപെരുകി വർഷങ്ങളായി നിലയില്ലാ കയത്തിലാണ് ജല അതോറിട്ടി. അതിനിടെ, കൂനിന്മേൽ കുരുപോലെ ഇപ്പോൾ നാഥനുമില്ലാത്ത സ്ഥിതിയായി. എം.ഡിയും ഇല്ലാതായി. ദിക്കറിയാതെ ഉഴലുന്ന കപ്പൽ പോലെ ജല അതോറിട്ടി മാറിയിട്ടും സർക്കാരിനും വകുപ്പ് മന്ത്രിക്കും അനക്കമില്ല. ലോ‌ക്‌സഭാ തിരഞ്ഞെടുപ്പ് നിരീക്ഷകയായി അന്യസംസ്ഥാനത്തേക്ക് പോയതാണ് ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. ആ ചുമതല അവസാനിച്ചെങ്കിലും മടങ്ങിവന്നിട്ടില്ല. അവധിയിലാണെന്നാണ് വിശദീകരണം. ഉത്തർപ്രദേശിലെ കാൺപൂരിലേക്ക് ഭണ്ഡാരി ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ചില്ലെങ്കിൽ അവധി നീട്ടാനാണ് തീരുമാനമെന്നാണ് അറിയുന്നത്. എം.ഡിയുടെ അസാന്നിദ്ധ്യത്തിൽ ചുമതല വഹിക്കേണ്ട ജോയിന്റ് എം.ഡി ദിനേശൻ ചെറുവത്ത് ജൂൺ മൂന്നുമുതൽ അവധിയിൽ പോവുകയാണ്. ഇരുവരുടെയും അഭാവത്തിൽ ചുമതല വഹിക്കേണ്ട ടെക്‌നിക്കൽ മെമ്പറായ എസ്.സേതുകുമാർ 31ന് വിരമിക്കും. പകരം നിയമന നടപടി തുടങ്ങിയിട്ടില്ല. ഇതെല്ലാം തന്നെ ജല അതോറിട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ താളം തെറ്റിച്ചിട്ടുണ്ട്.

സാധാരണ എം.ഡിയുടെ ചുമതല ജോയിന്റ് എം.ഡിക്ക് കൈമാറുന്നതാണ് രീതി. അല്ലെങ്കിൽ വാട്ടർ അതോറിട്ടി സെക്രട്ടറി എം.ഡിയുടെ താത്കാലിക ചുമതല വഹിക്കും. എന്നാൽ,​ എം.ഡിയുടെ ചുമതല കൈമാറി ഉത്തരവൊന്നും ഇറങ്ങാത്തതിനാൽ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ജോയിന്റ് എം.ഡിക്ക് മടിയാണ്. ജല അതോറിട്ടിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ചെയർമാൻ, എം.ഡി, ജോയിന്റ് എം.ഡി എന്നീ മൂന്ന് ഐ.എ.എസുകാരാണ്. ചെയർമാനാണ് ഡയറക്ടർ ബോർഡ് യോഗത്തിൽ അദ്ധ്യക്ഷനാവുന്നത്. ദൈനംദിന കാര്യങ്ങൾ എം.ഡി നോക്കും. എം.ഡിയുടെ അഭാവത്തിൽ മുമ്പ് ടെക്‌നിക്കൽ മെമ്പർക്കായിരുന്നു ചുമതല. ഇപ്പോഴത് സെക്രട്ടറിക്കാണ്. പദ്ധതികൾ വേഗത്തിലാക്കാനുള്ള ചുമതലയാണ് ജോയിന്റ് എം.ഡിക്ക്. നിലവിൽ ജോയിന്റ് എം.ഡിയായ ദിനേശൻ ചെറുവത്തിന് ജലനിധി എക്സിക്യുട്ടീവ് ഡയറക്ടറുടെ പൂർണ അധികച്ചുമതലയുമുണ്ട്. ജലഅതോറിട്ടി ധനകാര്യ വിഭാഗത്തിന്റെ കാര്യങ്ങൾ ബോർഡ് യോഗത്തിൽ അവതരിപ്പിക്കേണ്ട അക്കൗണ്ട്സ് മെമ്പറുടെ തസ്തിക 2021 മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ജലജീവൻ, മറ്റ് പ്രോജക്ടുകൾ എന്നിവയുടെ ഫണ്ട് വിനിയോഗമടക്കം നടത്തേണ്ടത് അക്കൗണ്ട്സ് മെമ്പറാണ്. എന്നിട്ടും സുപ്രധാന തസ്തികയിൽ ആളെ നിയമിക്കാൻ നടപടിയില്ല.

 വെള്ളം കുടിപ്പിക്കുന്ന ജലജീവൻ മിഷൻ

ജനങ്ങൾക്ക് 24 മണിക്കൂറും കുടിവെള്ളം ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയാണ് ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നത്. ഈ വർഷം മാർച്ചിൽ പൂർത്തിയക്കേണ്ട പദ്ധതിയാകട്ടെ ഇതുവരെ തീർന്നത് 40 ശതമാനം മാത്രം. എന്നാൽ 50 ശതമാനം പൂർത്തിയായെന്ന അവകാശവാദമാണ് ജല അതോറിട്ടിക്കുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 44,000 കോടിയുടെ പദ്ധതിയിൽ ഇതുവരെ ചെലവിട്ടത് 9,011 കോടിയാണ്. ഇതിൽ 4,​635 കോടി കേന്ദ്രവിഹിതവും 4,376 കോടി സംസ്ഥാന വിഹിതവും. ശേഷിക്കുന്ന 34,​989 കോടിയിൽ സംസ്ഥാന വിഹിതം 15,000 കോടിയോളം വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന സർക്കാർ ഇത്രയും തുക എവിടെനിന്ന് കണ്ടെത്തുമെന്നാണ് ആലോചിക്കുന്നത്.

2019ൽ ആണ് രാജ്യത്താകെ ജലജീവൻ മിഷൻ പദ്ധതി തുടങ്ങിയത്. എന്നാൽ, കേരളത്തിൽ ഒരു വർഷം വൈകി തുടങ്ങിയതിനാൽ 2025 വരെ സമയമുണ്ടെന്നാണ് ജല അതോറിട്ടിയുടെ വാദം. സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കത്ത് നൽകിയിട്ടും കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതുകൂടാതെ അമൃത്,​ കിഫ്ബി തുടങ്ങിയവ വഴി 10,​000 കോടിയുടെ പ്രവർത്തനങ്ങളും വാട്ടർ അതോറിട്ടി ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതെല്ലാം അക്ഷരാർത്ഥത്തിൽ നിലച്ച അവസ്ഥയിലാണ്. എം.ഡിയുടെ അഭാവം പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടത്തെ ബാധിച്ചെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. എം.ഡിയുടെ മേൽനോട്ടത്തിലുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ പതിവ് അവലോകന യോഗങ്ങൾ മുടങ്ങിയിട്ട് നാളുകളായി. ജലസംഭരണികളും ശുദ്ധീകരണ ശാലകളും സ്ഥാപിക്കുന്നതിനുള്ള ഭൂമി ലഭിക്കാത്തതിനാൽ പലയിടത്തും പൈപ്പിട്ടതല്ലാതെ തുടർനടപടി കാര്യമായി നടന്നില്ല. തദ്ദേശ സ്ഥാപനങ്ങളാണ് ജല അതോറിട്ടിക്ക് ഭൂമിയേറ്റെടുത്തു നൽകേണ്ടത്. 138 സ്ഥലങ്ങളിലായി 51.84 ഏക്കർ ഭൂമിയാണ് ഇനി ഏറ്റെടുക്കേണ്ടത്. ഏറ്റെടുത്ത സ്ഥലങ്ങളിൽ ട്രീറ്റ്മെന്റ് പ്ളാന്റുകളുടെയും പൈപ്പ് ലൈനുകളുടെയും പണികൾ പാതിവഴിയിലാണ്.

 കുടിശിക 3000 കോടി കടന്നു

രൂപീകരിച്ചതു മുതൽ നാളിതുവരെയുള്ള ജല അതോറിട്ടിയുടെ സഞ്ചിത നഷ്ടം 4300 കോടിയിലേറെ വരും. ജലജീവൻ മിഷൻ പദ്ധതി അടക്കം ഏറ്റെടുത്ത് നടത്തിയതിന് കരാറുകാർക്ക് നൽകാനുള്ളത് 3000 കോടിയാണ്. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ജലജീവൻ കരാറുകാർക്ക് മാത്രം 2660 കോടി നൽകാനുണ്ട്. മറ്റ് അറ്റകുറ്റപ്പണികൾ നടത്തിയ കരാറുകാർക്ക് 151.74 കോടിയും നൽകാനുണ്ട്. സ്റ്റേറ്റ് പ്ളാൻ പ്രകാരമുള്ള കരാറുകാർക്ക് 117.87 കോടി, നബാർഡ് അടക്കമുള്ള സ്ഥാപനങ്ങൾക്കായി 52.39 കോടി എന്നിങ്ങനെയാണ് മറ്റ് കുടിശിക.

 കെ.എസ്.ഇ.ബി ഷോക്കും

കുടിവെള്ള ചാർജാണ് വാട്ടർ അതോറിട്ടിയുടെ ഏക വരുമാന മാർഗം. ശമ്പളവും പെൻഷനും നൽകുന്നതും ഇതിൽ നിന്നാണ്. 8500 സ്ഥിരം ജീവനക്കാരുടെ ശമ്പളത്തിന് പ്രതിമാസം 32.5 കോടി വേണം. പദ്ധതിയേതര ചെലവുകൾക്കുള്ള 26 കോടി കൂടി ഉപയോഗിച്ചാണ് ഇപ്പോൾ ശമ്പളം നൽകുന്നത്. എന്നാൽ, തങ്ങളുടെ വൈദ്യുതി ചാർജിനത്തിലെ കുടിശിക നൽകണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രതിമാസം 34 കോടി പ്രത്യേക അക്കൗണ്ടിലേക്ക് നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി കത്ത് നൽകിയിട്ടുണ്ട്. ഇത് നടപ്പാക്കിയാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങും. കുടിവെള്ള ചാർജായി വാട്ടർ അതോറിട്ടി കെ.എസ്.ഇ.ബിക്ക് നൽകേണ്ടത് 355 കോടിയാണ്. 1500 കോടിയോളം കുടിശിക ഉണ്ടായിരുന്നെങ്കിലും സർക്കാരിന്റെ ഇടപെടലിൽ അത് കുറയ്ക്കുകയായിരുന്നു. അതേസമയം,​ നിയമസഭയിലെ കണക്കുകൾ പ്രകാരം കുടിവെള്ള ചാർജിനത്തിൽ കെ.എസ്.ഇ.ബി നൽകാനുള്ളത് 3.58 കോടി മാത്രമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.